ഇസ്രയേല്‍ ബയ്റൂട്ടില്‍ നടത്തിയ ആക്രമണത്തിന്‍റെ ദൃശ്യം.

TOPICS COVERED

ഇസ്രയേലിൻറെ ചരിത്രത്തിലെ ഏറ്റവും വലിയ മുറിവിന് ഇന്നേക്ക് ഒരു വർഷം. കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിനാണ് ഹമാസ് സായുധസംഘം ഇസ്രയേലിലേക്ക് കടന്നുകയറി മിന്നലാക്രമണം നടത്തുകയും  ആയിരത്തിലേറെപ്പേരെ വധിക്കുകയും 251 പേരെ ബന്ദികളാക്കി തട്ടിക്കൊണ്ടുപോകുകയും ചെയ്തത്. അതിന് ശേഷം ഇസ്രയേൽ തുടങ്ങിയ പ്രതികാരയുദ്ധം ഇന്നും രൂക്ഷമായി തുടരുന്നു. 

Also Read: 41,825 മനുഷ്യര്‍; പലസ്തീനില്‍ കൊല്ലപ്പെട്ടവരുടെ കണക്ക് പുറത്തുവിട്ട് സര്‍ക്കാര്‍

ലോകത്തിലെ ഏറ്റവും മികച്ചതെന്നു വാഴ്ത്തപ്പെടുന്ന രഹസ്യാന്വേഷണ ഏജൻസി മൊസാദിന്റെ ചാരക്കണ്ണുകളെ വെട്ടിച്ച് ഹമാസ് നടത്തിയ ഓപ്പറേഷൻ അൽ അഖ്‌സ ഫ്ലഡിന് ഇന്നേക്ക് ഒരാണ്ട്. ഗാസ അതിർത്തി വഴി കടന്നുകയറിയ ആയിരത്തോളം ഹമാസ് സായുധസംഘാംഗങ്ങൾ വീടുകളിലേക്കും സംഗീത പരിപാടി നടന്ന സ്ഥലങ്ങളിലേക്കുമെല്ലാം ഇരച്ചുകയറി. കണ്ണിൽ കണ്ടിടത്തെല്ലാം വെടിവച്ചു. യുവതികളെയടക്കം തട്ടിക്കൊണ്ടുപോയി. 

ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇസ്രയേൽ പ്രത്യാക്രമണത്തിൽ ഗാസ മുനമ്പ് തകർന്നുവീഴുകയായിരുന്നു. വിദ്യാലയങ്ങൾ, ആശുപത്രികൾ, അഭയാർഥി ക്യാംപുകൾ അങ്ങനെ എല്ലായിടങ്ങളിലും ഇസ്രയേൽ സൈന്യം ഇരച്ചുകയറി. യുദ്ധനീതികൾ കാറ്റിൽ പറത്തപ്പെട്ടു.

ഹമാസിനെ പിന്തുണയ്ക്കുന്ന ഹിസ്ബുല്ലയ്ക്കും ഹൂതികൾക്കും നേരെ ആക്രമണ പരമ്പര. ഒക്ടോബർ ഏഴിന്റെ ആസൂത്രകരെ ഓരോന്നായി ഇസ്രയേൽ വധിച്ചു. അങ്ങനെ തുടങ്ങിയൊരു യുദ്ധം ഒരു വർഷമാകുമ്പോൾ എന്നവസാനിക്കുമെന്നാണ് ലോകത്തിൻറെ ചോദ്യം. 

ഗാസയിൽ മാത്രം നാൽപത്തോരായിരത്തിലധികം പേരാണ് മരിച്ചത്. ഒരു ലക്ഷത്തോളംപേർക്ക് പരുക്കേറ്റു. മിസൈൽ ആക്രമണം നടത്തിയ ഇറാനെതിരെ ഇസ്രയേൽ ഏതുതരം പ്രത്യാക്രമണം നടത്തുമെന്നാണ് നിലവിലെ ആശങ്ക. അതിനിടെ ഇസ്രയേലിൻറെ യുദ്ധക്കുറ്റങ്ങൾക്കെതിരെ വലിയ പ്രതിഷേധങ്ങളാണ് വിവിധയിടങ്ങളിലായി അരങ്ങേറുന്നത്. ഹമാസ് ഏറെക്കുറെ തകർന്ന അവസ്ഥയിലായി. ഹിസ്ബുല്ലയ്ക്കുനേരെ ആക്രമണം രൂക്ഷവും. 

Also Read: ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണം; 18 പേര്‍ കൊല്ലപ്പെട്ടു

അതിനെല്ലാമിടയിൽ, യുദ്ധം ബാക്കിവയ്ക്കുന്ന ജീവിതങ്ങളുണ്ട്. ബന്ദിയാക്കപ്പെട്ട് ഇപ്പോഴും ഹമാസ് തടവിൽ കഴിയുന്ന ഇസ്രലേയിലകൾ ഒരുവശത്ത്. രക്തരൂക്ഷിതമായ ഗാസ, അവിടെ നിന്ന് എല്ലാം തകർന്ന് പലായനം ചെയ്യപ്പെടുന്നവർ മറുവശത്ത്. യുദ്ധത്തിൻറെ തോൽവിയും ജയവുമെല്ലാം സാധാരണ ജീവിതങ്ങൾക്ക് കൈമാറുന്നത് ദുരിതം മാത്രമാണെന്ന ഓർമപ്പെടുത്തലോടെ ആ യുദ്ധം തുടരുന്നു. 

ENGLISH SUMMARY:

One year since Hamas' attack; Israel's biggest wound in history