thailand-accident

'ബോംബ് ഓണ്‍ വീല്‍സ്'....കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കേട്ട വാക്ക്. തായ്​ലന്‍ഡിലെ ബാങ്കോക്കില്‍ നടന്ന സ്കൂള്‍ ബസ് അപകടത്തിലേക്കാണ് ഈ വാക്ക് വിരല്‍ ചൂണ്ടുന്നത്. 20 കുരുന്നുകളുടെയും 3 അധ്യാപകരുടെയും ജീവനെടുത്ത ഒരു സ്കൂള്‍ ബസ് അപകടത്തെയാണ് ബോംബ് ഓണ്‍ വീല്‍സ് എന്ന് സോഷ്യല്‍ ലോകം വിശേഷിപ്പിച്ചത്. അത്യന്തം അപകടകാരിയായിരുന്ന ആ സ്കൂള്‍ ബസിന് ചേരുന്ന മറ്റൊരു വിശേഷണമില്ലെന്ന് തന്നെ പറയാം. തായ്​ലന്‍ഡിന്‍റെ ഗതാഗത സുരക്ഷാ സംവിധാനങ്ങള്‍ എത്രമാത്രം പരിതാപകരമാണെന്ന് ലോകത്തിന് കാട്ടിക്കൊടുത്ത ഒന്നായിരുന്നു ആ ബസ് അപകടം. 

 

ഒക്ടോബര്‍ ഒന്നിന് സയന്‍സ് മ്യൂസിയം കാണാനായി 39 എലമെന്‍ററി സ്കൂള്‍ വിദ്യാര്‍ഥികളും 6 അധ്യാപകരും ചേര്‍ന്ന് യാത്ര പുറപ്പെടുന്നു. കളിയും ചിരിയും കൗതുകവും നിറഞ്ഞ ആ യാത്രയ്ക്ക് പക്ഷേ ഒട്ടും ആയുസുണ്ടായിരുന്നില്ലെന്ന് മാത്രം. ബാങ്കോക്കിലെ ഉത്തായ് താനി പ്രവിശ്യയില്‍ നിന്നും അയുതായ, നോന്തബുരി പ്രവിശ്യകളിലേക്കായിരുന്നു പഠനയാത്ര. എന്നാല്‍ യാത്ര പുറപ്പെട്ട് അല്‍പസമയത്തിനകം ബസിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടു. അമിതവേഗത്തില്‍ റോഡിരിലെ കോൺക്രീറ്റ് ബാരിയറില്‍ ചെന്നിടിച്ച് കണ്ണടച്ച് തുറക്കും മുന്‍പ് ബസ്സൊരു അഗ്നി ഗോളമായി മാറി. 

സംഭവം നടന്നയുടൻ ബസില്‍ നിന്നിറങ്ങി ഓടിയ ഡ്രൈവര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. എന്നാല്‍ ബസിലുണ്ടായിരുന്ന 20 കുരുന്നുകളും 3 അധ്യാപകരും വെന്തുമരിച്ചു. പഠനയാത്രപോയ മക്കള്‍ തിരിച്ച് വരുമെന്ന പ്രതീക്ഷയിലിരുന്ന മാതാപിതാക്കളുടെ കാതുകളിലെത്തിയത് അവര്‍ അതിദാരുണമായി മരണപ്പെട്ടു എന്ന വാര്‍ത്തയായിരുന്നു. മുഖം പോലും തിരിച്ചറിയാനാകാത്ത വിധമായിരുന്നു  കുട്ടികളുടെ മൃതദേഹങ്ങൾ ബസില്‍ നിന്ന് കണ്ടെടുത്തത്. രക്ഷപെട്ടവരാകട്ടെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രികളില്‍ കഴിയുന്നു.

സാധാരണ ബസ് അപകടമെന്നാണ് ആദ്യം കരുതിയിരുന്നതെങ്കിലും അതല്ലായിരുന്നു സത്യം. ബസില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ബസ് അപകടത്തിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് തായ്​ലന്‍ഡില്‍ കാലങ്ങളായി നിലനിന്നിരുന്ന കടുത്ത നിയമലംഘനത്തിന്‍റെ കഥ പുറംലോകം അറിഞ്ഞതും. യാത്രയ്ക്കിടെ ബസ് നിയന്ത്രണം വിട്ടതും കോണ്‍ക്രീറ്റ് ബാരിയറില്‍ ചെന്നിടിച്ചതും വരെയുളള കാര്യങ്ങളില്‍ അസ്വഭാവികത ഒന്നും തന്നെയില്ല. ഇടിയുടെ ആഘാതത്തില്‍ സി.എന്‍.ജി. പൈപ്പുകള്‍ പൊട്ടിയതാണ് തീ പടരാന്‍ കാരണമായതെന്നും അന്വേഷണ റിപ്പോര്‍ട്ട് പറയുന്നു. പെട്ടെന്ന് തീപടര്‍ന്ന് പിടിച്ചതോടെ എമര്‍ജന്‍സി വാതിലുകള്‍ തുറക്കാന്‍ കഴിയാതെ വന്നത് രക്ഷപ്പെടാനുളള സാധ്യതയും ഇല്ലാതാക്കി. 

ഇനി 'ബോംബ് ഓണ്‍ വീല്‍സ്' എന്ന് വിശേഷിപ്പിച്ച അപകടകാരിയായ ആ ബസിലേക്ക് വരാം. 54 വര്‍ഷം പഴക്കമുളള ബസ്, സ്കൂള്‍ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു എന്നത് ആദ്യത്തെ തെറ്റ്. പൂര്‍ണമായും സി.എന്‍.ജി യിലേക്ക് മാറ്റിയ ബസില്‍ നിയമപരമായി ഘടിപ്പിക്കാന്‍ അനുമതിയുണ്ടായിരുന്നത് ആറ് സിലിണ്ടറുകളാണ്. ബസിന്‍റെ പിന്‍വശത്ത് ഘടിപ്പിച്ചിരുന്ന ഈ ആറു സിലിണ്ടറുകൾക്ക്  പുറമെ, അനധികൃതമായി 5 സിലിണ്ടറുകള്‍ മുന്‍വശത്തും ഘടിപ്പിച്ചിരുന്നു. ഇടിയുടെ ആഘാതത്തില്‍ മുന്‍വശത്തെ സിലിണ്ടറില്‍നിന്നുള്ള പൈപ്പ് പൊട്ടിയതോടെ ബസ് അണയ്ക്കാനാകാത്ത വിധം തീഗോളമായി മാറി. ആളിക്കത്തിയ തീ വിഴുങ്ങിയത് 20 കുഞ്ഞുമക്കളടക്കം 23 പേരെ.

ഈ ബസ് അപകടം തായ്‌ലന്‍ഡിലെ ഗതാഗത സുരക്ഷയുമായി ബന്ധപ്പെട്ട് ഒട്ടേറെ ചോദ്യങ്ങളാണ് ഉയര്‍ത്തിയത്. അത്രമാത്രം വിചിത്രമായിരുന്നു ബസിനെക്കുറിച്ച് പുറത്ത് വന്ന റിപ്പോര്‍ട്ട്. 1970-ലാണ് അപകടത്തില്‍പ്പെട്ട ബസ് ആദ്യമായി രജിസ്റ്റര്‍ ചെയ്തത്. 54 വര്‍ഷം കഴിഞ്ഞ് സി എന്‍ ജി ആക്കിയതടക്കം നിരവധി മാറ്റങ്ങള്‍ക്ക് ബസ് വിധേയമായി. ബസിന്‍റെ ഷാസി അതേപടി നിലര്‍ത്തി ബോഡിയില്‍ നിരവധി മാറ്റങ്ങള്‍ വരുത്തി. തായ്​ലന്‍ഡില്‍ വാഹനങ്ങളുടെ ഉയരം സംബന്ധിച്ച നിയന്ത്രണങ്ങള്‍ വന്നതോടെ ഡബിള്‍ ഡക്കറായിരുന്ന ബസ് സിംഗിൾ ഡക്കറാക്കി. താഴത്തെ ഡെക്കില്‍ സിലിണ്ടറുകള്‍ വയ്ക്കാനും മുകളിലെ ഡെക്കില്‍ യാത്രക്കാര്‍ക്ക് ഇരിക്കാനുമുളള സൗകര്യങ്ങള്‍ ഒരുക്കി. ചുരുക്കിപ്പറഞ്ഞാല്‍ സഞ്ചരിക്കുന്ന ബോംബ്, ഏതുനിമിഷവും പൊട്ടിത്തെറിക്കാവുന്ന അപകടകാരിയായ ഒന്ന്, അതായിരുന്നു ആ സ്കൂള്‍ ബസ്.

ഇത് തായ്​ലന്‍ഡിലെ ഒരു വാഹനത്തിന്‍റെ മാത്രം കാര്യമെണെന്ന് കരുതിയെങ്കില്‍ തെറ്റി. ഇവിടെ സര്‍വീസ് നടത്തുന്ന 80 ശതമാനം ബസുകളും പഴക്കമേറിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പുതിയ ബസ് നിരത്തിലിറക്കണമെങ്കില്‍ ഉയര്‍ന്ന തുക ചിലവാകും. അതിനാല്‍ പഴയ ഷാസി വാങ്ങി, അതില്‍ പുതിയ ബോഡി ഘടിപ്പിച്ചാണ് പലരും പുറത്തിറക്കുന്നത്. ബോഡി പുതിയതാണെന്ന് കരുതി ബസ് പുതിയതായി കണക്കാക്കില്ല. അതിനാല്‍ രാജ്യത്തെ പുതിയ ഗതാഗത സുരക്ഷാ നിയന്ത്രണങ്ങളൊന്നും ഈ ബസ്സുകൾക്ക് ബാധകമാകില്ലെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. 

ബാങ്കോക്കിലുണ്ടായ ബസ് അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ ഇത്തരം പഴക്കം ചെന്ന സ്കൂള്‍ ബസുകൾ നിര്‍ത്തിയിടാൻ സര്‍ക്കാര്‍ ഉത്തരവിട്ടു. 13000ലേറെ വരുന്ന സിഎന്‍ജി ബസുകള്‍ അടിയന്തര പരിശോധനയ്ക്ക് വിധേയമാക്കാനും നിര്‍ദേശം നല്‍കി. കഴിഞ്ഞ പത്തുവര്‍ഷത്തെ കണക്കനുസരിച്ച് ഒരു വര്‍ഷം ശരാശരി 17,914 പേരാണ് തായ്‌ലാന്‍ഡില്‍ റോഡ് അപകടങ്ങളില്‍ മരിക്കുന്നത്. സ്കൂള്‍ ബസ് അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പാലിക്കുന്ന കാര്യത്തില്‍ ഇനിയെങ്കിലും സര്‍ക്കാര്‍ കണ്ണുതുറക്കുമോ എന്നാണ് ജനങ്ങളുടെ ചോദ്യം.

ENGLISH SUMMARY:

School bus fire in Thailand kills at least 23