മധ്യേഷ്യയിലെ സംഘർഷങ്ങളുടെ ഗതിമാറ്റിയ ഇറാന്റെ ആക്രമണത്തിന് എന്താകും ഇസ്രയേലിന്റെ തിരിച്ചടി? ഇക്കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകുമെന്നാണ് റിപ്പോർട്ട്. ഇസ്രയേലിന്റെ തിരിച്ചടിയെ കുറിച്ച് തീരുമാനമെടുക്കാൻ ഇസ്രായേലിൻ്റെ സുരക്ഷാ കാബിനറ്റ് വ്യാഴാഴ്ച ചേരുമെന്ന് ഇസ്രായേലി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
പത്ത് ദിവസം മുൻപാണ് ഇസ്രയേലിന് നേർക്ക് ഇറാൻറെ മിസൈലാക്രമണങ്ങളുണ്ടായത്. ഇതിന് പിന്നാലെ ആക്രമണത്തിന് വില നൽകേണ്ടി വരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയിരുന്നു.
തിരിച്ചടിക്കുന്ന കാര്യത്തിൽ ഇസ്രയേലും അമേരിക്കയും തമ്മിൽ ആശയകുഴപ്പമുണ്ടായിരുന്നു. ഇന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഇസ്രയേലിന്റെ ആക്രമണ പദ്ധതിയെ പറ്റി സംസാരിച്ചിരുന്നു. 30 മിനുറ്റാണ് സംഭാഷണം നീണ്ടത്.
Also Read: ഇറാനെതിരെ ഇസ്രയേല്‍ തിരിച്ചടിക്കോ? നെതന്യാഹു– ബൈഡന്‍ ഫോണ്‍ സംഭാഷണം 30 മിനിറ്റ് നീണ്ടു; ആശങ്ക
അമേരിക്കയുടെ ആശങ്ക
ഇറാൻ്റെ ആണവ പദ്ധതികളെയോ എണ്ണ കേന്ദ്രങ്ങളെ ലക്ഷ്യം വയ്ക്കരുതെന്നാണ് അമേരിക്ക ഇസ്രായേലിനോട് ആവശ്യപ്പെട്ടത്. ഇത്തരം ആക്രമണം രാജ്യാന്തര എണ്ണ വിലയെ ഉയർത്തുമെന്നും പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുക്കുന്ന ഘട്ടത്തിൽ തിരിച്ചടിയുണ്ടാക്കുമെന്നുമാണ് അമേരിക്കയുടെ ഭയം.
ഇറാന്റെ തിരിച്ചടി ഇസ്രയേലിനെതിരെ മാത്രമല്ല, ഗൾഫ് റീജിയണിലെ അമേരിക്കൻ സൈനികർക്കെതിരെ തിരിയുമോ എന്ന ആശങ്കയും അമേരിക്കയ്ക്കുണ്ട്. ഇസ്രയേൽ ആക്രമിച്ചാൽ പ്രത്യാക്രമണം നടത്തുമെന്ന് ഇറാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
Also Read: സൈറണുകള്‍ മുഴങ്ങി; അസാധാരണ ഭൂമികുലുക്കം; ഇറാന്‍ ആണവ ബോംബ് പരീക്ഷിച്ചോ?
ഇസ്രയേൽ ലക്ഷ്യമിടുന്നത് മാരക ആക്രമണം
ഇറാനെതിരായ ഇസ്രായേൽ ആക്രമണം മാരകവും കൃത്യവും ആശ്ചര്യകരവുമായിരിക്കും എന്നാണ് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റിന്റെ പ്രസ്താവന. ഇറാൻ്റെ ആണവ പരീക്ഷണങ്ങളെ പിന്നോട്ടടിപ്പിക്കുന്ന ആണവ കേന്ദ്രങ്ങൾക്കെതിരായ ആക്രമണം ഇസ്രായേൽ പദ്ധതിയിടുന്നു എന്ന ഊഹാപോഹമുണ്ട്. എന്നാൽ ഇറാൻ്റെ ആണവ കേന്ദ്രങ്ങൾക്ക് കാര്യമായ നാശനഷ്ടം വരുത്താനുള്ള ഇസ്രയേലിന്റെ ശേഷിയെ പറ്റി മുൻ ഇസ്രായേൽ ഉദ്യോഗസ്ഥർ ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ ആശങ്കപ്രകടിപ്പിച്ചിരുന്നു.
Also Read: 'ഹിസ്ബുല്ലയെ പുറത്താക്കിയാല്‍ കൊള്ളാം; അല്ലെങ്കില്‍ ഗാസയുടെ ഗതി'; ലബനനോട് നെതന്യാഹു
ഇസ്രയേലിന്റെ തിരിച്ചടി ഇറാന്റെ മിലിട്ടറി, ഇന്റലിജൻസ് കേന്ദ്രങ്ങളെയോ സർക്കാർ കെട്ടിടങ്ങളെയോ ലക്ഷ്യമിട്ടാകാമെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. തുടക്കത്തിൽ ആണവ കേന്ദ്രങ്ങളെ ആക്രമിക്കാതെ ഇറാനിൽ നിന്നും തിരിച്ചടിയുണ്ടായാൽ ഇവ ലക്ഷ്യം വെയ്ക്കാം എന്നൊരു വിലയിരുത്തലും ഇസ്രയേലിനുണ്ട്.
പ്രതിസന്ധി ഇങ്ങനെ
ഇസ്രയേലും സഖ്യകക്ഷികളും ഇറാനെതിരെ തിരിച്ചടിക്കണമെന്നതിൽ ഏകാഭിപ്രായത്തിലെത്തിയിട്ടുണ്ട്. എന്നാൽ ഏത് രീതിയിലായിരിക്കും ആക്രമണം എന്നതിൽ ആശയകുഴപ്പമുണ്ട്. ഇറാന് മുകളിൽ ആക്രമണം നടത്താൻ ഇസ്രയേൽ യുദ്ധ വിമാനങ്ങൾക്ക് ചുരുങ്ങിയത് 1,500 കിലോമീറ്ററിലധികം (ഏകദേശം 1,000 മൈൽ) പറക്കേണ്ടതുണ്ട്. യാത്രമധ്യേ ഇന്ധനം നിറയ്ക്കലും ആവശ്യമാണ്.
ജോർദാൻ, ഇറാഖ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങൾ പറന്ന് വേണം ഇറാനിലെത്താൻ. ശത്രു രാജ്യങ്ങളുടെ ആകാശത്തിന് മുകളിലൂടെ പറക്കേണ്ടതും ഇറാൻ്റെ റഷ്യൻ നിർമ്മിത വ്യോമ പ്രതിരോധ സംവിധാനങ്ങളെ നേരിടേണ്ടതും പ്രതിസന്ധിയാണ്.