2021ലെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സത്ഖിരയിലെ ശ്യാംനഗറിലെ ക്ഷേത്രത്തില്‍ സമ്മാനിച്ച കിരീടം മോഷണം പോയി. വ്യാഴാഴ്ചയാണ് മോഷണം നടന്നത്. ജാശോരേശ്വരി ക്ഷേത്രത്തിലെ കാളി ദേവിയുടെ കിരീടം നഷ്ടമായതായി ക്ഷേത്രത്തിലെ ശുചീകരണ ജീവനക്കാരാണ് ആദ്യം കണ്ടെത്തിയത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്കും 2.30നും ഇടയില്‍ ക്ഷേത്ര പൂജാരി പൂജ കഴിഞ്ഞ് പോയതിന് ശേഷമാണ് കിരീട മോഷണം നടന്നത്. മോഷ്ടാക്കളെ തിരിച്ചറിയാന്‍ ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
സ്വര്‍ണവും വെള്ളിയും കൊണ്ട് നിര്‍മിച്ച കിരീടമാണ് ഇത്. 2021 മാര്‍ച്ച് 27നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയത്. ഇന്ത്യയിലും അയല്‍രാജ്യങ്ങളിലുമായി ചിതറിക്കിടക്കുന്ന 51 ശക്തിപീഠങ്ങളില്‍ ഒന്നാണ് ജശോരേശ്വരി ക്ഷേത്രം. കിരീടം മോഷണം പോയതിനെ കുറിച്ച് അന്വേഷിക്കാന്‍ ബംഗ്ലാദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി ധാക്കയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ വ്യക്തമാക്കി.