മധുരയില്‍ നിന്ന് സിംഗപ്പൂരിലേക്ക് പോയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ബോംബ് ഭീഷണിയെത്തുടര്‍ന്ന് സിംഗപ്പൂരിലെ ചംഗി വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. വിമാനം സിംഗപ്പൂരിലേക്ക് പുറപ്പെട്ടതിന് പിന്നാലെയാണ് ഇ–മെയിലില്‍ ഭീഷണി സന്ദേശം ലഭിച്ചത്. വിവരമറിഞ്ഞയുടന്‍ സിംഗപ്പൂര്‍ വ്യോമസേനയുടെ രണ്ട് യുദ്ധവിമാനങ്ങള്‍ കുതിച്ചുയര്‍ന്നു. എയര്‍ ഇന്ത്യ വിമാനത്തിനരികിലെത്തിയ എഫ്–15 പോര്‍വിമാനങ്ങള്‍ ജനവാസമേഖലകളില്‍ നിന്ന് യാത്രാവിമാനത്തിന്‍റെ ഗതി മാറ്റി സുരക്ഷിതമായ റൂട്ടിലേക്ക് നയിച്ചു. Also Read :എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; കാനഡയിലേക്ക് തിരിച്ചുവിട്ടു
രാത്രി 10.04ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം സുരക്ഷിതമായി സിംഗപ്പൂരിലെ ചംഗി വിമാനത്താവളത്തില്‍ ഇറങ്ങി. ഇതിനകം അടിയന്തര സാഹചര്യം നേരിടാനുള്ള എല്ലാ മുന്നൊരുക്കങ്ങളും ചംഗി വിമാനത്താവളത്തില്‍ നടത്തിയിരുന്നു. സ്ഫോടകവസ്തു വിദഗ്ധര്‍, അഗ്നിശമന സേന, രക്ഷാപ്രവര്‍ത്തകര്‍, ആംബുലന്‍സുകള്‍ തുടങ്ങി സര്‍വസന്നാഹങ്ങളും തയാര്‍! വ്യോമസേനയും മറ്റ് സൈനികവിഭാഗങ്ങളും നല്‍കിയ പിന്തുണയ്ക്ക് സിംഗപ്പുര്‍ പ്രതിരോധമന്ത്രി എന്‍ങെ ഹെന്‍ എക്സ് പോസ്റ്റിലൂടെ നന്ദി അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യാജ ബോംബ് ഭീഷണികളെത്തുടര്‍ന്ന് 48 മണിക്കൂറിനിടെ പത്തോളം ഇന്ത്യന്‍ വിമാനങ്ങളാണ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിലത്തിറക്കി പരിശോധിക്കേണ്ടിവന്നത്. ഇന്ത്യ – കാനഡ നയതന്ത്ര ബന്ധം തീര്‍ത്തും വഷളായ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ വിമാനക്കമ്പനികളുടെ വിമാനങ്ങള്‍ക്ക് തുടര്‍ച്ചയായി ഭീഷണി സന്ദേശങ്ങള്‍ എത്തുന്നത്. ഇന്നലെ ഡല്‍ഹിയില്‍ നിന്ന് ഷിക്കാഗോയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം ഓണ്‍ലൈന്‍ ബോംബ് ഭീഷണിയെത്തുടര്‍നന് കാനഡയിലെ ഇഖാല്യൂട്ട് വിമാനത്താവളത്തില്‍ ഇറക്കിയിരുന്നു. മണിക്കൂറുകളോളമാണ് ഈ വിമാനത്തിലെ യാത്രക്കാര്‍ വിദൂരവിമാനത്താവളത്തില്‍ കുടുങ്ങിയത്.
ദമാം–ലക്‌നൗ ഇന്‍ഡിഗോ വിമാനം, അയോധ്യ–ബെംഗളൂരു എയര്‍ ഇന്ത്യ എക്സ്പ്രസ്, ദര്‍ഭംഗ–മുംബൈ സ്പൈസ് ജെറ്റ്, ബാഗ്‍ദോഗ്ര–ബെംഗളൂരു ആകാശ എയര്‍, അമൃത്സര്‍–ഡെറാഡൂണ്‍–ഡല്‍ഹി അലയന്‍സ് എയര്‍, എന്നീവിമാനങ്ങളും വ്യാജ ബോംബ് ഭീഷണികളെത്തുടര്‍ന്ന് വഴിതിരിച്ചുവിടേണ്ടിവരികയോ യാത്ര വൈകുകയോ ചെയ്തു. ഈ വിമാനങ്ങള്‍ ഇറങ്ങിയ എല്ലാ വിമാനത്താവളങ്ങളിലും അടിയന്തര സാഹചര്യം നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തേണ്ടിയും വന്നു.