• നിജ്ജാര്‍ വധം: ഇന്ത്യ അന്വേഷണത്തോട് സഹകരിക്കണമെന്ന് യുഎസ്
  • ഇന്ത്യ – കാനഡ നയതന്ത്രസംഘര്‍ഷത്തില്‍ കാനഡയ്ക്ക് പിന്തുണ ആവര്‍ത്തിച്ച് യുഎസ്
  • എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്കുള്ള ബോംബ് ഭീഷണി അനുചിതമെന്നും യുഎസ്

നിജ്ജാര്‍ വധക്കേസില്‍ ഇന്ത്യയ്ക്കെതിരായ കാനഡയുടെ ആരോപണങ്ങള്‍ അങ്ങേയറ്റം ഗൗരവതരമെന്ന് അമേരിക്ക. കാനഡയുടെ അന്വേഷണത്തോട് സഹകരിക്കേണ്ടതിന് പകരം ഇന്ത്യ ബദല്‍ മാര്‍ഗങ്ങള്‍ തേടിയെന്നും യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്‍റ് വക്താവ് മാത്യു മില്ലര്‍ വാഷിങ്ടണില്‍ പറഞ്ഞു. 

ഇരുരാജ്യങ്ങളും പരസ്പരം ചര്‍ച്ചചെയ്ത് പ്രശ്നപരിഹാരമുണ്ടാക്കണം. നിജ്ജാര്‍ വധക്കേസിലെ അന്വേഷണത്തില്‍ അമേരിക്ക നേരത്തെയും കാനഡയ്ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്കുള്ള ബോംബ് ഭീഷണി അനുചിതമെന്നും യുഎസ്. Also Read: കാനഡ ഇന്ത്യ ബന്ധം വീണ്ടും വഷളാകുമ്പോള്‍ ഇനിയെന്ത്?...


അതേസമയം, ഇന്ത്യയ്ക്കെതിരായ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണങ്ങള്‍ തള്ളി വിദേശകാര്യമന്ത്രാലയവൃത്തങ്ങള്‍. ആരോപിക്കപ്പെട്ട കുറ്റകൃത്യങ്ങളില്‍ കാനഡ ഒരു തെളിവും കൈമാറിയിട്ടില്ല. കാനഡയ്ക്ക് നിക്ഷിപ്ത താല്‍പര്യങ്ങളെന്നും വിദേശകാര്യമന്ത്രാലയം ആരോപിക്കുന്നു. മലയാളികളടക്കം ലക്ഷക്കണക്കിന് ഇന്ത്യന്‍ പൗരന്‍മാര്‍ കാനഡയില്‍ തുടരുമ്പോഴാണ് ശത്രുരാജ്യങ്ങള്‍ക്ക് സമാനമായ നിലയിലേക്ക് കാര്യങ്ങളെത്തിയത്.  കാനഡയിലേയ്ക്കുള്ള  കുടിയേറ്റം, വീസ, യാത്രാ സൗകര്യങ്ങൾ തുടങ്ങിയവ പ്രതിസന്ധിയിലാവാന്‍ സാധ്യത ഏറെയാണ്.

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞതെല്ലാം പച്ചക്കള്ളമാണെന്നാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്‍റെ നിലപാട്. ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ ആരോപണങ്ങളിൽ ഇതുവരെ ഒരു തെളിവും കാനഡ നൽകിയിട്ടില്ല. ആരോപണം ഉയർന്ന് ഒരു വർഷത്തിനുശേഷം കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷണറെ ലക്ഷ്യമിട്ടുവെന്നും കുറ്റപ്പെടുത്തലുണ്ട്.  കാനഡയിൽ ഖലിസ്ഥാൻ നേതാവ് ഹർദീപ്സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കാനഡയുടെ  ആരോപണത്തെത്തുടര്‍ന്നാണ് ഇരുരാജ്യങ്ങള്‍ക്കിടയിലെ ബന്ധം വഷളായത്.  കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരോട് ഞായറാഴ്ച നേരം പുലരുംമുമ്പ് രാജ്യം വിടാന്‍ ഇന്ത്യ ആവശ്യപ്പെട്ടിരിക്കുകയാണ്.

 നിജ്ജര്‍ വധം, രഹസ്യ വിവരശേഖരണം, ദക്ഷിണേഷ്യൻ കനേഡിയൻ വംശജരെ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ എന്നിങ്ങനെ ഇന്ത്യന്‍ ഏജന്‍റുമാരുടെ ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണത്തിന്  ഇന്ത്യൻ അധികൃതര്‍ സഹകരിക്കുന്നില്ല എന്ന് കാനഡ ആരോപിക്കുന്നു. കാര്യങ്ങള്‍ വഷളായതോടെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ സഞ്ജയ് കുമാര്‍ വര്‍മയ്ക്കെതിരെ വധഭീഷണിയുമായി സിഖ് വിഘടനവാദി നേതാവ് ഗുട്പട്‍വന്ത് സിങ് പന്നു രംഗത്തെത്തി.  കാനഡയിലെ ഖലിസ്ഥാൻ വിഷയം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ് എന്നു പറഞ്ഞ സിപിഎം പൊളിറ്റ്ബ്യൂറോ, നയതന്ത്ര ബന്ധത്തിന്‍റെ കാര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളെക്കൂടി വിശ്വാസത്തിലെടുക്കണം എന്നാവശ്യപ്പെട്ടു.

ENGLISH SUMMARY:

US urges India to take Canada allegations 'seriously'