india-canada

TOPICS COVERED

കാനഡ ഇന്ത്യ ബന്ധം വീണ്ടും വഷളാകുന്നതോടെ ആശങ്കയിലായി കാനഡയിലുള്ള ഇന്ത്യക്കാര്‍. കാനഡയിലേക്ക് പോകാനായി തയാറെടുക്കുന്നവരും പ്രതിസന്ധിയിലാണ്. 

 നിജ്ജറുടെ കൊലപാതകത്തില്‍ ഇന്ത്യയുടെ പങ്കിന് ശക്തമായ‍ െതളിവുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്നലെ ആവര്‍ത്തിച്ചതോടെയാണ് കാര്യങ്ങള്‍ കൈവിട്ടത്.. തുടരന്വേഷണത്തില്‍ സഹകരിക്കാത്തതിനാലാണ് ആറ് പ്രതിനിധികളെ പുറത്താക്കിയതെന്നും ജസ്റ്റിന്‍ ട്രൂഡോ വ്യക്തമാക്കിയിരുന്നു. പകരമായി ആക്റ്റിങ് ഹൈക്കമ്മിഷണര്‍ അടക്കം ആറ് കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യയും  പുറത്താക്കി .കാനഡയിലെ ഹൈകമ്മിഷണര്‍ അടക്കം ഏതാനും നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം നാൽപതോളം ഉദ്യോഗസ്ഥരെ ഇരു രാജ്യങ്ങളും മടക്കിവിളിച്ചപ്പോൾ വീസ നടപടികൾ മന്ദഗതിയിലായിരുന്നു. ഇത് വീണ്ടും ആവര്‍ത്തിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.  വീസ അനുവദിക്കുന്നതിൽ കൂടുതൽ നിയന്ത്രണങ്ങൾ വരുമോയെന്ന സന്ദേഹവുമുണ്ട്. 

കഴിഞ്ഞവര്‍ഷം ജൂണ്‍ 18-ന് ഖലിസ്താന്‍ തീവ്രവാദി നേതാവ് ഹര്‍ദീപ് സിംങ് നിജ്ജര്‍ കൊല്ലപ്പെട്ടപ്പോള്‍ അതില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് ആരോപിച്ച് ജസ്റ്റിന്‍ ട്രൂഡോ തന്നെ രംഗത്തുവരികയായിരുന്നു. ബ്രിട്ടീഷ് കൊളംബിയയിലെ ഒരു ഗുരുദ്വാരയുടെ പുറത്തുവച്ചാണ് അജ്ഞാതായ രണ്ട് തോക്കുധാരികള്‍ നിജ്ജറിനെ വെടിവെച്ചു വീഴ്ത്തിയത്. ഇന്ത്യയില്‍ കൊലപാതകം അടക്കമുള്ള കുറ്റങ്ങളില്‍ പ്രതിയാണ് നിജ്ജര്‍. കൊലയില്‍  ഇന്ത്യക്ക് പങ്കുണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രിയുടെ  ആരോപണത്തെ തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുന്നത്. കാനഡയുടെ ആരോപണങ്ങളെ ‘അസംബന്ധം’ എന്നും ‘രാഷ്ട്രീയപ്രേരിതം’ എന്നും ഇന്ത്യ തള്ളിക്കളയുകയും ചെയ്തിരുന്നു. എന്നാല്‍ നിജ്ജാർ വധക്കേസിൽ ഇന്ത്യൻ ഹൈക്കമ്മിഷണർക്കു പങ്കുണ്ടെന്ന തരത്തിൽ കാനഡയുടെ അന്വേഷണ റിപ്പോർട്ട് വന്നതോടെയാണു നയതന്ത്ര പ്രതിസന്ധി വീണ്ടും രൂക്ഷമായത്. 

india-canada1

ഏതാനും ദിവസങ്ങളായി കനേഡിയൻ നേതൃത്വം നടത്തിയ പരാമർശങ്ങൾ ഇന്ത്യയ്ക്ക് തീർത്തും സ്വീകാര്യമല്ലാത്തതായിരുന്നു. അതുകൊണ്ടാണ് ഇന്ത്യൻ വിദേശമന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവന ശക്തമായ ഭാഷയിലായതും. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ പ്രസ്താവനയിൽ പേരെടുത്താണ് വിമർശിച്ചത്. സാധാരണഗതിയിൽ വിദേശഭരണകൂടങ്ങളുടെ നടപടികളെയും തീരുമാനങ്ങളെയും വിമർശിക്കുമ്പോഴും ഭരണാധികാരികളെ പേരെടുത്തു പറയാറില്ല. കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ സഞ്ജയ് വർമയ്ക്കു നേരെ നിജ്ജർ വധത്തിന്റെ പേരിൽ കാനഡ ആരോപണമുയർത്തിയതാണു ശക്തമായ പ്രതികരണത്തിന് ഇന്ത്യയെ പ്രേരിപ്പിച്ചത്. 

india-canada3

നയതന്ത്ര പ്രസ്താവനകളിൽ പതിവില്ലാത്ത, ആഭ്യന്തരരാഷ്ട്രീയത്തെക്കുറിച്ചുള്ള പരാമർശങ്ങൾ ഉണ്ടായതിൽനിന്നു തന്നെ ബന്ധങ്ങൾ വഷളായെന്നു വ്യക്തമാണ്. കഴിഞ്ഞ ദിവസം ലാവോസിൽ ഇന്ത്യ–ആസിയാൻ ഉച്ചകോടിയോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രൂഡോയും തമ്മിൽ അനൗപചാരിക ചർച്ചകളുണ്ടായെങ്കിലും തുടർന്നുള്ള പ്രസ്താവനകൾ ബന്ധങ്ങൾ മോശമാകുന്നതിന്റെ സൂചന നൽകിയിരുന്നു. കുടിയേറ്റ നയത്തെ അനുകൂലിക്കുന്നവരാണ് ട്രൂഡോയുടെ ലിബറൽ പാർട്ടി. എങ്കിലും സിഖുകാരുടെ പിന്തുണ പാർട്ടിക്ക് ആവശ്യമാണ്. 

india-canada2

കുടിയേറ്റ നയങ്ങളിൽ കാനഡ സർക്കാർ കൊണ്ടുവന്ന മാറ്റങ്ങൾ കാരണം അന്താരാഷ്ട്ര വിദ്യാർഥികൾ വന്‍ പ്രതിസന്ധിയിലാണ്. സ്റ്റഡി പെർമിറ്റുകൾ പരിമിതപ്പെടുത്തിയതും സ്ഥിരതാമസിത്തുനള്ള അനുമതി വെട്ടിക്കുറച്ചതുമാണ് വിദ്യാർഥികൾക്ക് വലിയ തിരിച്ചടിയായിരിക്കുന്നത്. പുതിയ നയങ്ങൾ കാരണം 70,000ത്തിലധികം ബിരുദ വിദ്യാർഥികൾ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിപ്പോകേണ്ട സ്ഥിതിയാണ്. കാനഡയിലേക്ക് ഏറ്റവുമധികം അന്താരാഷ്ട്ര വിദ്യാർഥികളെയെത്തിക്കുന്ന രാജ്യമാണ് ഇന്ത്യ. ലക്ഷക്കണക്കിന് ഇന്ത്യക്കാർ ഇപ്പോൾ കാനഡയിൽ താമസിക്കുന്നുണ്ട്. മലയാളികളടക്കം നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് കാനഡയിലേക്ക് പോകാനായി തയാറെടുക്കുന്നതും. അതിനാല്‌ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നതോടെ   ആശങ്കയേറുകയാണ്. കാനഡയുടെ അടുത്ത നീക്കം എന്താകുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

 
What next when Canada-India relations deteriorate again?: