ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തിന്‍റെ മുഖ്യസൂത്രധാരന്‍ യഹ്യ സിന്‍വാറിന്‍റെ കൊലപാതകത്തോടെ മധ്യേഷ്യയിലെ രക്ത കലുഷിതമായ ആക്രമണത്തിന് അന്ത്യമാകുമോ?. ഗസയില്‍ ഇസ്രയേല്‍ വെടിനിര്‍ത്തലിലേക്ക് കടക്കണമെന്നാണ് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ നേതൃത്വത്തില്‍ ലോക രാജ്യങ്ങള്‍ ആവശ്യപ്പെടുന്നത്. അതേസമയം ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും വ്യക്തമാക്കിയിട്ടുണ്ട്.
യൂറോപ്പിലെത്തിയ ബൈഡന്‍ വെടിനിര്‍ത്തലിനെ പറ്റി പ്രതീക്ഷയുണ്ടെന്നാണ് പ്രതികരിച്ചത്. യുഎസ് ആഭ്യന്തര സെക്രട്ടറി ആന്റണി ബ്ലിങ്കനെ നാലോ അഞ്ചോ ദിവസത്തിനുള്ളില്‍ ഇസ്രയേലിലേക്ക് അയക്കുമെന്നും പറഞ്ഞു. വൈസ് പ്രസിഡന്‍റ് കമല ഹാരിസ്, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍, ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍, ജര്‍മന്‍ ചാന്‍സ്ലര്‍ ഒലാഫ് ഷോൾസ് എന്നിവരും ഈ തീരുമാനത്തെ പിന്തുണച്ചു.
ബാക്കിയുള്ള എല്ലാ ബന്ദികളെയും മോചിപ്പിക്കുകയും ചെയ്യണമെന്ന് ജർമ്മൻ സർക്കാര്‍ ആവശ്യപ്പെട്ടത്. ഇത് നിര്‍ണായക ഘട്ടമെന്ന് വിശേഷിപ്പിച്ച ജര്‍മന്‍ വിദേശകാര്യ മന്ത്രി അന്നലീന ബെയർബോക്ക് വെടിനിര്‍ത്തലിലേക്ക് കടക്കണമെന്നും ബന്ദികളെ മോചിപ്പിച്ച് ഗസയിലേക്ക് കൂടുതല്‍ സഹായം എത്തിക്കണമെന്നും ആവശ്യപ്പെട്ടു.
മിഡിൽ ഈസ്റ്റിലെ സംഘർഷം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ്, ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ താനി എന്നിവരുമായി ബ്ലിങ്കെൻ വ്യാഴാഴ്ച ഫോണില്‍ സംസാരിച്ചിരുന്നു.
വേണമെങ്കില്‍ നാളെ യുദ്ധം അവസാനിപ്പിക്കാം എന്നാണ് നെതന്യാഹു എക്സില്‍ പങ്കുവച്ച വീഡിയോയില്‍ വ്യക്തമാക്കുന്നത്. ഹമാസ് ആയുധം താഴെ വെച്ച് ബന്ദികളെ തിരിച്ചയച്ചാൽ ഈ യുദ്ധം നാളെ അവസാനിക്കുമെന്നാണ് നെതന്യാഹു പറഞ്ഞത്. നിലവില്‍ 23 രാജ്യങ്ങളില്‍ നിന്നുള്ള 101 ബന്ദികളാണ് ഗാസയിലുള്ളത്. തങ്ങളുടെ അധികാരം ഉപയോഗിച്ച് ഇവരെ തിരികെ കൊണ്ടുവരാന്‍ സാധിക്കുന്നതെന്തും ചെയ്യുമെന്നും എല്ലാവരുടെയും സുരക്ഷ ഇസ്രയേല്‍ ഉറപ്പാക്കുമെന്നും നെതന്യാഹു പറഞ്ഞു.
അതേസമയം യുദ്ധം ഉടനെ തീരില്ലെന്ന സൂചനയും നെതന്യാഹു വിഡിയോയിലൂടെ വ്യക്തമാക്കുന്നുണ്ട്. ഇത് ഗാസയിലെ യുദ്ധത്തിന്‍റെ അവസാനമല്ല, അവസാനത്തിന്‍റെ തുടക്കമാണ് എന്ന് പറഞ്ഞാണ് നെതന്യാഹു വിഡിയോ ആരംഭിക്കുന്നത്. യഹ്യ സിന്‍വാറിന്‍റെ കൊലപാതകത്തിന് ശേഷം അടുത്ത ലക്ഷ്യത്തെ പറ്റിയും ഇസ്രയേലിന് പദ്ധതിയുണ്ട്. അടുത്തത് യഹ്യ സിന്‍വറിന്‍റെ സഹോദരന്‍ മുഹമ്മദ് സിന്‍വറിനെയും ഹമാസ് മിലിട്ടറി കമന്‍റര്‍മാരെയാണ് ലക്ഷ്യമിടുന്നതെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് ഡാനിയൽ ഹഗാരി പറഞ്ഞു.