താന്‍ അധികാരമേറ്റെടുക്കുന്നതിന് മുന്‍പ് ഗാസയിലെ ബന്ദികളുടെ മോചനം നടന്നിരിക്കണമെന്ന മുന്നറിയിപ്പ് നല്‍കി നിയുക്ത യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ബന്ദികളെ മോചിപ്പിച്ചില്ലെങ്കില്‍ ഹമാസിന് ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ട്രംപ് വ്യക്തമാക്കി. ട്രൂത്ത് എന്ന സമൂഹമാധ്യമ പ്ലാറ്റ്ഫോമിലൂടെയായിരുന്നു ഹമാസിനുള്ള ട്രംപിന്‍റെ മുന്നറിയിപ്പ്.   

‘‘എല്ലാവരും സംസാരിക്കുന്നത് ഗാസയിൽ മനുഷ്യത്വരഹിതമായും ക്രൂരമായും ബന്ദികളാക്കിയവരെ കുറിച്ചാണ്. സംസാരം മാത്രമേയുള്ളൂ, നടപടികൾ ഉണ്ടാകുന്നില്ല. എന്നാൽ ഞാൻ പറയട്ടെ,ഞാന്‍ യുഎസ് പ്രസിഡന്റായി ചുമതലയേൽക്കുന്ന 2025 ജനുവരി 25നു മുൻപ് ഗാസയിൽ ബന്ദികളാക്കിയവരെ മോചിപ്പിച്ചില്ലെങ്കിൽ വൻ പ്രത്യാഘാതം നേരിടേണ്ടി വരും. മനുഷ്യരാശിക്കെതിരെ ഇത്തരം നിഷ്ഠൂര പ്രവർത്തനങ്ങൾ നടത്തുന്നവർ വലിയ വില നൽകേണ്ടി വരും. എത്രയും പെട്ടെന്ന് ബന്ദികളെ മോചിപ്പിക്കുക.’’–ട്രംപ് കുറിച്ചു

ബന്ദികളെ മോചിപ്പിച്ചില്ലെങ്കില്‍ അതിന് കാരണക്കാരായവര്‍ക്ക് കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരും..അമേരിക്കയുടെ  ചരിത്രത്തില്‍ ഇന്ന് വരെ ഉണ്ടാകാത്ത തരത്തിലായിരിക്കും അത്.ട്രംപ് കൂട്ടിച്ചേര്‍ത്തു..

2023 ഒക്‌ടോബർ 7-ന് നടന്ന ആക്രമണത്തില്‍ ആക്രമണത്തിൽ 1,200 പേർ കൊല്ലപ്പെട്ടതായാണ് കണക്കാക്കുന്നത്. 250-ലധികം പേരെ ഹമാസ് ബന്ദികളാക്കി.വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത് പ്ര‍കാരം  ഇവരിൽ ഏകദേശം 100 പേർ തടവിൽ തുടരുന്നു, ചിലർ മരിച്ചതായി സ്ഥിരീകരിച്ചുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നു.

ട്രംപിന്റെ വാക്കുകളോട് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ പ്രസിഡന്റ് യിസാക് ഹെർസോഗ് ട്രംപിന് എക്സ് പ്ലാറ്റ്ഫോമിലൂടെ നന്ദി അറിയിച്ചു. 

ENGLISH SUMMARY:

Donald Trump demands the release of hostages held by Hamas in Gaza before his January 2025 inauguration