ഹമാസിനെ സംബന്ധിച്ച് കേവലമൊരു യുദ്ധ തന്ത്രജ്ഞൻ മാത്രമല്ല കൊല്ലപ്പട്ട യഹ്യ സിന്‍വാര്‍. 2017 മുതല്‍ ഗാസയില്‍ ഹമാസിന്‍റെ നിയന്ത്രണം യഹ്യയിലൂടെയായിരുന്നു. ഹമാസിന്‍റെ സൈനിക ഘടന ഇതിനോടകം തകര്‍ക്കപ്പെട്ട സമയത്ത് യഹ്യ സിന്‍വാര്‍ കൂടി ഇല്ലാതാകുന്നത് സംഘടനയ്ക്ക് വ്യക്തമായൊരു നേതാവില്ലാത്ത അവസ്ഥയാണ് കൊണ്ടുചെന്നെത്തിക്കുന്നത്. ഇസ്രയേലിന്‍റെ ഒന്നാം നമ്പര്‍ ശത്രുവാകുന്നതിന് മുന്‍പ് യഹ്യ സിന്‍വാറിന്‍റെ ജീവന്‍ ഇസ്രയേല്‍ രക്ഷിച്ചൊരു കഥയുണ്ട്. ചാരനാക്കാന്‍ ഇസ്രയേല്‍ ശ്രമം നടത്തിയെങ്കിലും പിടികൊടുക്കാതെ ഇസ്രയേലിന് ഓര്‍ക്കാന്‍ പോലും ഇഷ്ടമില്ലാത്ത ആക്രമണമായിരുന്നു യഹ്യ നടത്തിയത്.
1962ൽ ഗാസയിലെ ഖാൻ യൂനിസിലെ അഭയാർത്ഥി ക്യാമ്പിലാണ് യഹ്യ സിൻവാർ ജനിച്ചത്. ആദ്യകാലം തൊട്ടെ ഹമാസ് അംഗമാണ്. ഇസ്രയേലിന് വിവരം നല്‍കുന്ന ചാരന്മാരെ ഇല്ലാതാക്കുകയായിരുന്നു യഹ്യയുടെ ആദ്യ കാലത്തെ ചുമതല. 1980 കളുടെ അവസാനത്തിലാണ് യഹ്യയെ ഇസ്രയേൽ അറസ്റ്റ് ചെയ്യുന്നത്. രണ്ട് ഇസ്രായേൽ സൈനികരെ കൊലപ്പെടുത്തിയതുൾപ്പെടെ വിവിധ കുറ്റകൃത്യങ്ങൾക്ക് നാല് ജീവപര്യന്തം തടവാണ് യഹ്യയ്ക്ക് ലഭിച്ചത്.
ജയിലില്‍ തടവില്‍ കഴിയുന്ന സമയത്താണ് തലവേദനയും കാഴ്ച മങ്ങലുമായി യഹ്യയ്ക്ക് രോഗ ലക്ഷണങ്ങളുണ്ടാകുന്നത്. ഇസ്രയേല്‍ സര്‍ക്കാരാണ് യഹ്യയ്ക്ക് ബ്രെയിൻ ട്യൂമറിനുള്ള ചികിത്സ നല്‍കി അത് നീക്കം ചെയ്തത്. ഇതിന് ശേഷം യഹ്യയെ ഇസ്രയേല്‍ ഏജന്‍റാക്കി റിക്രൂട്ട് ചെയ്യാനും ഇസ്രയേലിന് പദ്ധതിയുണ്ടായിരുന്നതായി അന്നത്തെ ജയിൽ ഇന്‍റലിജൻസ് മേധാവിയായിരുന്ന ബെറ്റി ലഹത് ഒരു ടിവി ഡോക്യുമെന്‍ററിയില്‍ പറഞ്ഞിരുന്നു. ഇസ്രയേലാണ് നിങ്ങളുടെ ജീവിതം രക്ഷിച്ചത് എന്ന വികാരമാണ് ഉപയോഗിച്ചത്.
എന്നാലിതിനോട് അയാള്‍ താല്‍പര്യം കാട്ടിയിരുന്നില്ലെന്നും പുറത്തിറങ്ങുന്ന ദിവസത്തെ കുറിച്ച് പറഞ്ഞുകൊണ്ടിക്കുകയാണെന്നും ബെറ്റി ലഹത് പറഞ്ഞു. നീ ഒരിക്കലും പുറത്തിറങ്ങില്ലെന്ന് ഞാൻ അവനോട് പറഞ്ഞു. ഒരു തീയതി ഉണ്ടെന്നും അത് ദൈവത്തിന് അറിയാമെന്നുമായിരുന്നു മറുപടിയെന്നും ലഹത് പറഞ്ഞു.
2011 ഡിസംബര്‍ 18 നാണ് തടവുകാരെ കൈമാറ്റം ചെയ്യുന്നതിനുള്ള കരാറിന്‍റെ ഭാഗമായാണ് യഹ്യ പുറത്ത് വരുന്നത്. ഇസ്രയേല്‍ സൈനികര്‍ക്ക് പകരമായാണ് യഹ്യ സിന്‍വാര്‍ ഇസ്രയേല്‍ ജയിലില്‍ നിന്നും പുറത്തിറങ്ങുന്നത്. പലസ്തീനികളെയാണ് കൊലപ്പെടുത്തിയത് എന്നതിനാലും ചെറുപ്പക്കാരനല്ലാത്തതിനാലുമാണ് ഇസ്രയേല്‍ യഹ്യയ്ക്കും മോചനം നല്‍കിയത്.