ജീവിതത്തില്‍ ആരാകണമെന്ന് എല്ലാവര്‍ക്കും ഓരോ സ്വപ്നങ്ങളുണ്ടാകും എന്നാല്‍ ജപ്പാനിലെ ഒരു 36കാരന്‍റെ ആഗ്രഹമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ജപ്പാനിലെ ഹൊക്കയ്ഡോയിലുള്ള റ്യൂട വടനബെ എന്ന യുവാവ് കഴിഞ്ഞ പത്തുവര്‍ഷമായി ഈ ആഗ്രഹത്തിന്‍റെ പിറകിലാണ്.
വിവാഹങ്ങളുടെ ‘ദൈവ’മായി മാറുക എന്നതാണ് ഈ 36കാരന്‍റെ ആഗ്രഹം. 54 കുട്ടികളുടെ പിതാവാകാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. ലക്ഷ്യം നിറവേറ്റനായി പുതിയ ബന്ധങ്ങള്‍ തേടുകയാണിയാള്‍. നിലവില്‍ നാല് ഭാര്യമാരും രണ്ട് കാമുകിമാരും റ്യൂട വടനബെയ്ക്കുണ്ട്. ഇതിനകം 10 കുട്ടികളുടെ പിതാവാണിയാള്‍. കഴിഞ്ഞ പത്ത് വർഷമായി തൊഴില്‍ രഹിതനായ യുവാവ് ജീവിക്കുന്നതും തന്‍റെ ഭാര്യമാരുടെ ചിലവിലാണ്.
ഭാര്യമാര്‍ ജോലിക്കു പോകുന്നതിനാല്‍ വീടിന്‍റെ പൂര്‍ണ ചുമതല യുവാവിനാണ്. പാചകം, വീട്ടുജോലികൾ, കുട്ടികളെ പരിപാലിക്കല്‍ എന്നിവയെല്ലാം യുവാവ് തന്നെയാണ് ചെയ്യുന്നത്. ഒരു മാസം ഏകദേശം 914,000 യെൻ (5 ലക്ഷം രൂപ)യാണ് ഇവരുടെ വീട്ടുചിലവ്. ഇത് ഭാര്യമാരും കാമുകിമാരും ചേര്‍ന്നാണ് വഹിക്കുന്നത്. ഓരോ പങ്കാളിക്കും വീട്ടില്‍ പ്രത്യേക മുറിയുണ്ട്. ഇവരോടൊപ്പം മാറിമാറിയാണ് യുവാവ് കഴിയുന്നത്. ആഴ്ചയിൽ 28ലധികം താന്‍ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതായും യുവാവ് അവരകാശപ്പെടുന്നു. യുവാവിന്‍റെ നാലാമത്തെ ഭാര്യ ഇയാളുമായി അകന്നു കഴിയുകയാണ്.
ആറ് വർഷം മുമ്പുണ്ടായിരുന്ന കാമുകി ബന്ധം അവസാനിച്ചതോടെ വിഷാദരോഗിയായ യുവാവ് അതു മറികടക്കാന്‍ ഡേറ്റിങ് ആപ്പുകൾ ഉപയോഗിച്ചു തുടങ്ങുകയായിരുന്നു. അങ്ങിനെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴിയാണ് യുവാവ് തന്‍റെ രണ്ട് കാമുകിമാരെയും കണ്ടെത്തിയത്.
താന്‍ സ്ത്രീകളെ സ്നേഹിക്കുന്നതായും പരസ്പരം സ്നേഹിക്കുന്നിടത്തോളം ഒരു പ്രശ്നവും ഉണ്ടാകില്ലെന്നും ഒരു ജപ്പാനീസ് ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ യുവാവ് പറഞ്ഞു. തന്‍റെ ഭാര്യമാർ തമ്മില്‍ ദൃഢമായ ബന്ധമാണുള്ളതെന്നും അവര്‍ ഒരിക്കലും പരസ്പരം അസൂയപ്പെടുന്നില്ലെന്നും സുഹൃത്തുക്കളെപ്പോലെയാണ് കഴിയുന്നതെന്നും യുവാവ് പറയുന്നു. ‘എനിക്ക് 54 കുട്ടികള്‍ വേണം, അങ്ങിനെ എന്‍റെ പേര് ചരിത്രത്തിൽ ഇടംപിടിക്കും. ഞാൻ ഇപ്പോഴും പുതിയ ഭാര്യമാരെ തിരയുകയാണ്’ യുവാവ് പറയുന്നു. അതേസമയം, ജപ്പാനില്‍ ബഹുഭാര്യത്വവും ബഹുഭര്‍തൃത്വവും നിയമവിരുദ്ധമാണ്. ഇക്കാരണത്താൽ, ഒന്നിലധികം ഭാര്യമാരുണ്ടെങ്കിലും ഇവരെ ഒരേസമയം നിയമപരമായി വിവാഹം കഴിക്കാൻ യുവാവിന് കഴിയില്ല.