ഹമാസ് തലവൻ യഹ്യ സിൻവറിന്‍റെ വധത്തിന് പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ വസതി ലക്ഷ്യംവച്ച് ഡ്രോണ്‍ ആക്രമണമെന്ന് റിപ്പോര്‍ട്ട്. ലെബനനിൽ നിന്ന് വിക്ഷേപിച്ച ഡ്രോണാണ് നെതന്യാഹുവിന്‍റെ വസതിക്ക് സമീപം പൊട്ടിത്തെറിച്ചത്. ആക്രമണം നടക്കുമ്പോൾ നെതന്യാഹുവും ഭാര്യയും സ്ഥലത്തുണ്ടായിരുന്നില്ലെന്നും നെതന്യാഹു സുരക്ഷിതനാണെന്നും പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു.
ശനിയാഴ്ച രാവിലെയായിരുന്നു ഹിസ്ബുള്ളയുടെ അപ്രതീക്ഷിത ആക്രമണം. മൂന്ന് ഡ്രോണുകളാണ് ലെബനനിൽ നിന്ന് വിക്ഷേപിച്ചത് ഇതില്‍ രണ്ടെണ്ണം ഇസ്രയേല്‍ വ്യോമസേന തകര്‍ത്തു. മൂന്നാമത്തേതാണ് നെതന്യാഹുവിന്‍റെ വസതിക്ക് സമീപം കെട്ടിടത്തില്‍ പതിച്ച് സ്ഫോടനമുണ്ടായത്. ഡ്രോൺ ആക്രമണത്തിൽ കെട്ടിടത്തിന്‍റെ ഒരു ഭാഗം തകർന്നെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
തെക്കന്‍ ഗാസയിലെ റാഫയില്‍ നടത്തിയ ആക്രമണത്തില്‍ ഹമാസിന്‍റെ പുതിയ തലവന്‍ യഹ്യ സിന്‍വറിനെ ഇസ്രയേല്‍ വധിച്ചതിന് പിന്നാലെയാണ് നെതന്യാഹുവിനെ ലക്ഷ്യം വിട്ട് ആക്രമണമുണ്ടായത്. ലെബനനിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള സീസേറിയയിലാണ് നെതന്യാഹുവിന്‍റെ വസതി.
യഹ്യ സിൻവറിന്‍റെ മരണത്തിന് പിന്നാലെ വീര രക്തസാക്ഷിയെന്ന വിശേഷണത്തോടെ ഹമാസ് പ്രസ്താവനയിറക്കിയിരുന്നു. യുദ്ധം തുടരുമെന്നും ഇസ്രയേൽ സേന ഗാസയിൽ നിന്നു പൂർണമായി പിൻവാങ്ങുന്നതുവരെ ബന്ദികളെ വിട്ടയയ്ക്കില്ലെന്നുമാണ് സിൻവറിന്‍റെ ഖത്തറിലെ ഡപ്യൂട്ടി കമാൻഡർ ഖലീൽ അൽ ഹായ പ്രഖ്യാപിച്ചത്. ഇസ്രയേലിനെതിരെയുള്ള ആക്രമണം കൂടുതൽ ശക്തമാക്കിയെന്നും സിൻവറിന്‍റെ മരണത്തോടെ യുദ്ധം അടുത്ത ഘട്ടത്തിലേക്കു പ്രവേശിച്ചെന്നും ഹിസ്ബുല്ലയും പ്രസ്താവനയിറക്കി.
എന്നാല്‍ ബന്ദികളെ വിട്ടുകിട്ടണമെന്ന ആവശ്യത്തിനു തടസം നിന്നയാളാണ് യഹ്യ സിൻവറെന്നും ഹമാസ് ആയുധം താഴെവയ്ക്കുകയും ബന്ദികളെ മോചിപ്പിക്കുകയും ചെയ്താൽ നാളെത്തന്നെ യുദ്ധം അവസാനിപ്പിക്കുമെന്നും ഗാസയെ അഭിസംബോധന ചെയ്ത ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞിരുന്നു.