TOPICS COVERED

ഭര്‍ത്താവിനോട് വാശികയറി കുഞ്ഞുങ്ങളെ ഇരുപത്തിമൂന്നാം നിലയുടെ എസി യൂണിറ്റിനു മുകളിലിരുത്തി യുവതിയുടെ പരാക്രമം. മധ്യചൈനയിലാണ് സംഭവം. ഭര്‍ത്താവുമായി വാദപ്രതിവാദത്തിലേര്‍പ്പെട്ട യുവതി രണ്ട് കുഞ്ഞുമക്കളെ ഇരുപത്തിമൂന്നാം നിലയിലെ അപാര്‍ട്ട്മെന്റിന്റെ പുറത്തുള്ള എസി യൂണിറ്റിനു മുകളിലിരുത്തുകയായിരുന്നു. ഭര്‍ത്താവിനെ സമ്മര്‍ദ്ദത്തിലാക്കാനായാണ് യുവതി ഈ പരാക്രമം നടത്തിയത്. 

ഒക്ടോബര്‍ 10നായിരുന്നു സംഭവം. ഹെനാന്‍ പ്രവിശ്യയിലെ ല്യൂയാങ്ങില്‍ ആണ് കുഞ്ഞുങ്ങളെ കരുവാക്കി യുവതി ക്രൂരത കാണിച്ചത്. കുഞ്ഞുങ്ങളുടെ കരച്ചില്‍ കേട്ടാണ് അയല്‍ക്കാര്‍ സംഭവം ചിത്രീകരിച്ചത്. ഒരു സുരക്ഷയുമില്ലാത്ത ഇടത്താണ് യുവതി കുഞ്ഞുങ്ങളെ ഇരുത്തിയത്, അതേസമയം തന്നെ ഭര്‍ത്താവിനെ കുഞ്ഞുങ്ങള്‍ക്കരികിലേക്ക് വരാനോ രക്ഷപ്പെടുത്താനോ യുവതി അനുവദിക്കുന്നുമുണ്ടായിരുന്നില്ല. പെണ്‍കുട്ടി വാവിട്ടു കരയുകയും ആണ്‍കുഞ്ഞ് സംഭവം നിരീക്ഷിക്കുന്നതുമാണ് അയല്‍ക്കാര്‍ കണ്ടത്.  ഉടന്‍ തന്നെ ഇവര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. 

അയല്‍ക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് അഗ്നിശമന സേനയെത്തിയാണ് കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തിയത്. സംഭവത്തില്‍ പൊലീസും ശിശുക്ഷേമ സമിതിയുമുള്‍പ്പെടെ അന്വേഷണം നടത്തിവരികയാണ്. സംഭവം ചൈനയില്‍ വലിയ വാര്‍ത്തയായതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമ്മ കുഞ്ഞുങ്ങളെ എസി യൂണിറ്റിനു മുകളില്‍ ഇരുത്തിയ വിഡിയോ ഏകദേശം 55 മില്യണ്‍ ആളുകള്‍ കണ്ടുകഴിഞ്ഞു. 

ഏത് ആപത്തില്‍ നിന്നും കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തേണ്ട അമ്മ ഇത്രയും വലിയൊരു അപകടത്തിലേക്ക് കുഞ്ഞുങ്ങളെ തള്ളിവിടുന്ന കാഴ്ച അസഹനീയമെന്ന് സോഷ്യല്‍മീഡിയ പറയുന്നു. കടുത്ത വിമര്‍ശനമാണ് അമ്മക്കെതിരെ ഉയരുന്നത്. ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ പറ്റില്ലെങ്കില്‍ വിവാഹമോചനം നേടൂ, അല്ലാതെ ഒന്നുമറിയാത്ത കുഞ്ഞുമക്കളെ കൊലയ്ക്കു കൊടുക്കരുതെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്. മാനസിക വിഭ്രാന്തിയുള്ളവര്‍ക്കല്ലാതെ ഇത്തരമൊരു പ്രവൃത്തി ചെയ്യാനാവില്ലെന്നും കമന്റുകളുണ്ട്. 

Mother placed children on an air conditioner outside their 23rd-floor apartment:

After a fight with her husband, a woman in central China allegedly disturbed him by placing her two small children on an air conditioner outside their 23rd-floor apartment