ബസിനുള്ളില്‍വച്ച് 19കാരിയുടെ മുഖം കടിച്ചുപറിച്ച് 53കാരന്‍. യുകെയിലാണ് സംഭവം. എല്ലാ ഡൗളിങ് എന്ന 19കാരിക്കാണ് മാരകമുറിവേറ്റത്. ബസിനുള്ളില്‍വച്ച് എല്ലയെയും സുഹൃത്തുക്കളെയും കുറിച്ച് ഡാരെന്‍ ടെയ്‌ലര്‍ വളരെ മോശമായി സംസാരിക്കുകയും തുടര്‍ന്നുണ്ടായ വാക്കേറ്റവുമാണ്സംഭവത്തിന്റെ തുടക്കം. തര്‍ക്കം തുടരുന്നതിനിടെ ബസ് നിര്‍ത്തി. തുടര്‍ന്ന് എല്ലയും കൂട്ടുകാരും ബസില്‍ നിന്നും ഇറങ്ങാന്‍ ശ്രമിച്ചപ്പോള്‍ ടെയ്‌ലര്‍ കുതിച്ചുവന്ന് എല്ലയെ ആക്രമിക്കുകയായിരുന്നു. എല്ലയുടെ മുഖത്തും മൂക്കിലുമെല്ലാം കടിച്ചുപറിക്കുകയായിരുന്നു.
മൂക്കിലും വായിലുമെല്ലാം ആവര്‍ത്തിച്ച് കടിച്ചു പരുക്കേല്‍പ്പിക്കുകയായിരുന്നു. ഏകദേശം അഞ്ചു മിനിറ്റോളം നീണ്ട ആക്രമണത്തില്‍ എല്ലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. അധികം വൈകാതെ തന്നെ കൂട്ടൂകാര്‍ക്കൊപ്പം എല്ല ആശുപത്രിയിലെത്തി. അതേസമയം പ്രതിയെ മറ്റ് ബസ് യാത്രക്കാര്‍ തടഞ്ഞുവച്ച് പൊലീസില്‍ ഏല്‍പ്പിച്ചു. എല്ലയുടെ മേൽചുണ്ടിൻ്റെ താഴത്തെ ഭാഗം വരെയുള്ള ഇടത് നാസാരന്ധ്രം വേര്‍പെട്ട അവസ്ഥയിലായിരുന്നു. ആക്രമണത്തില്‍ വലതുവശത്തെ ചുണ്ടും പിളർന്നുപോയി. മൂക്കിലും വായിലും കടിച്ച പാടുകൾ വ്യക്തമാണ്. മാരകമായ മുറിവുകളില്‍ അന്‍പതോളം തുന്നലുള്ളതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
2024 മാർച്ചിൽ, ഗ്ലോസെസ്റ്റർ ക്രൗൺ കോടതിയിൽ ടെയ്‌ലർ കുറ്റസമ്മതം നടത്തി. ജൂലായ് 18 ന്, ആറ് വർഷവും ഒമ്പത് മാസവും തടവ് ശിക്ഷയും ആജീവനാന്ത വിലക്കും ലഭിച്ചിരുന്നു. ഒരു തെരുവുനായയെ പോലെയാണ് ടെയ്‌ലര്‍ തന്നെ ആക്രമിച്ചതെന്ന് എല്ല പറഞ്ഞു. അയാളുടെ ആക്രമണം കൂടുതല്‍ പ്രതിരോധിച്ചിരുന്നെങ്കില്‍ തന്റെ മൂക്കും ചുണ്ടും അവശേഷിക്കില്ലായിരുന്നുവെന്നും എല്ല പറയുന്നു. ആക്രമണശേഷം കണ്ണാടി നോക്കിയപ്പോള്‍ തന്നെ തിരിച്ചറിയാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നുവെന്നും മാസങ്ങളോളം പിന്നീട് കണ്ണാടി നോക്കിയില്ലെന്നും എല്ല ഓര്‍മിക്കുന്നു.
ആ ദുരന്തത്തിനു ശേഷം തനിക്ക് ബസില്‍ പോലും കയറാന്‍ പറ്റിയില്ലെന്നും അത്രമാത്രം ട്രോമയാണ് സംഭവത്തിനു ശേഷമുണ്ടായതെന്നും എല്ല പറയുന്നു. ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ ഭയമായതിനാല്‍ സുഹൃത്തുക്കള്‍ക്കൊപ്പമോ അമ്മയ്ക്കൊപ്പമോ ആണ് എല്ല പുറത്തിറങ്ങാറുള്ളത്. തന്റെ ചിരിയും സംസാരവുമെല്ലാം മാറിപ്പോയെന്നും എല്ല സങ്കടത്തോടെ പറയുന്നു.