ആലപ്പുഴ ചാരുംമൂട് പാഴ്സലിൽ ഗ്രേവി കുറഞ്ഞെന്ന് പറഞ്ഞ് ഹോട്ടലുടമയെ ചട്ടുകം കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റില്‍. ചാരുംമൂട് സ്വദേശികളായ മൂന്നു യുവാക്കളെയാണ് നൂറനാട് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. താമരക്കുളം ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ബുഖാരി ഹോട്ടലിൽ ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം.
വൈകിട്ടോടെ ഹോട്ടലിലെത്തി 20 പൊറോട്ടയും ബീഫും വാങ്ങിപ്പോയ സംഘം ഒന്നരമണിക്കൂര്‍ കഴിഞ്ഞ് തിരിച്ചെത്തി. പൊറോട്ടയ്ക്കും ബീഫിനുമൊപ്പം നല്‍കിയ ഗ്രേവി പോരെന്ന് പറഞ്ഞാണ് സംഘമെത്തിയത്. കടയുടമയോടും ജീവനക്കാരോടും തട്ടിക്കയറുകയും ബഹളം വയ്ക്കുകയും ചെയ്ത യുവാക്കള്‍ കടയുടെ ചില്ല് തല്ലിത്തകര്‍ത്തു. ഇതിനിടെ പ്രകോപിതരായ മൂന്ന് യുവാക്കളും അടുക്കളയിലേക്ക് ഓടി ചട്ടുകമെടുത്ത് കടയുടമയുടെ തലയ്ക്കടിച്ചു.
ഗുരുതരമായി പരിക്കേറ്റ കടയുടമ മുഹമ്മദ് ഉനൈസ് അടൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. മുഹമ്മദ് ഉനൈസിന്റെ സഹോദരൻ മുഹമ്മദ് നൗഷാദിനും ഭാര്യാമാതാവ് റെജിലയ്ക്കും പരുക്കുണ്ട്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.