yahya-sinwar-wife

ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലിന് നേർക്ക് നടത്തിയ ആക്രമണത്തിന് മുൻപായി ഹമാസ് നേതാവ് യഹ്യ സിൻവാറും കുടുംബവും രക്ഷപ്പെടുന്നതിന്റെ വിഡിയോ പങ്കുവച്ച് ഇസ്രയേൽ ഡിഫൻസ് ഫോഴ്സ്. ആക്രമണത്തിന് മണിക്കൂർ മുൻപ് സിൻവാറും ഭാര്യയും മക്കളും ഖാൻ യൂനിസിലെ വീടിന് താഴെയുള്ള ഒരു തുരങ്കത്തിലേക്ക് രക്ഷപ്പെടുന്നതാണ് വിഡിയോ. 

ടെലിവിഷൻ, കിടക്ക, തലയിണ, വെള്ളം എന്നിവയുമായി യഹ്യ സിൻവാർ ടണലിലേക്ക് രക്ഷപ്പെടുന്ന ദൃശ്യങ്ങൾ ഇസ്രയേലി സൈന്യം പുറത്തുവിട്ട വിഡിയോയിലുണ്ട്. തുരങ്കത്തിൽ ടോയ്‌ലറ്റ്, അടുക്കള സൗകര്യങ്ങളുള്ളതായി ഇസ്രയേൽ സൈനിക വക്താവ് ഡാനിയൽ ഹഗാരി പത്രസമ്മേളനത്തിൽ പറഞ്ഞു. രക്ഷപ്പെടുന്നതിനിടെ  യഹ്യ സിൻവാറിന്റെ ഭാര്യയുടെ കയ്യിലുള്ള ബാ​ഗിന് 27 ലക്ഷം രൂപ വില വരുമെന്നാണ് ഇസ്രയേലി സേന അവകാശപ്പെടുന്നത്. 

ഹെർമിസ് ബിർക്കിൻറെ ഹാൻഡ് ബാഗുമായാണ് യഹ്യ സിൻവാറിന്റെ ഭാര്യ സമർ രക്ഷപ്പെടുന്നതെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സിന്റെ അറബി ഭാഷ വക്താവ് ലെഫ്റ്റനന്റ് കേണൽ അവിചായ് അദ്രേ ചൂണ്ടിക്കാട്ടി. ഇതിന് 32,000 ഡോളർ അഥവാ 26.60 ലക്ഷം രൂപയാണിതിന്റെ വില. ഗാസയിലെ ജനങ്ങൾക്ക് പ്രാഥമിക ആവശ്യങ്ങൾക്ക് ​​മതിയായ പണമില്ലെങ്കിലും യഹ്യ സിൻവാറിൻ്റെയും ഭാര്യയുടെയും പണത്തോടുള്ള പ്രത്യേക സ്നേഹത്തിൻ്റെ ഉദാഹരണമാണിതെന്ന് അവിചായ് അദ്രേ എക്സിൽ കുറിച്ചു. 

ക്രൂരമായ കൂട്ടക്കൊലയുടെ തലേദിവസവും സിൻവാർ തന്റെ അതിജീവനത്തിനും കുടുംബത്തിന്റെ നിലനിൽപ്പിനുമുള്ള തിരക്കിലായിരുന്നുവെന്നു. മറ്റുള്ളവരെ മരിക്കാൻ വിട്ടുകൊടുക്കുമ്പോഴും ലജ്ജയില്ലാതെ ആഡംബര ജീവിതം നയിക്കുകയായിരുന്നു സിൽവാറെന്നും ഡാനിയൽ ഹഗാരി പറഞ്ഞു.  

2011 ലാണ് ഹമാസ് തലവൻ സമർ മുഹമ്മദ് അബു സമറിനെ വിവാഹം കഴിക്കുന്നത്. ഇവർക്ക് മൂന്ന് മക്കളുണ്ട്.  ഇവരുവരും തമ്മിൽ 18 വയസ് വ്യത്യാസമുണ്ടെന്നാണ് വിവരം. മരണപ്പെടുമ്പോൾ 61 വയസായിരുന്നു യഹ്യ സിൻവാറിന്റെ പ്രായം. ഹമാസിന്റെ മുൻ തലവൻ ഇസ്മായിൽ ഹനിയയെ ഇസ്രായേൽ കൊലപ്പെടുത്തിയതിനെത്തുടർന്നാണ് യഹ്യ ഹമാസിന്റെ നേതൃത്വം ഏറ്റെടുക്കുന്നത്. 

2023 ഒക്ടോബർ ഏഴിന് ഇസ്രയേലിന് നേർക്ക് ഹമാസ് നടത്തിയ ആക്രമണത്തിന്റെ ബുദ്ധികേന്ദ്രം യഹ്യ സിൻവാറെന്നാണ് ഇസ്രയേലിന്റെ വാദം. 1200 ലധികം ഇസ്രയേലി പൗരന്മാരാണ് ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഒരു വർഷത്തോളം ഇസ്രയേൽ റഡാറിൽ നിന്നും ഒളിച്ചു കഴിഞ്ഞ യഹ്യയെ കഴിഞ്ഞ ദിവസമാണ് ഇസ്രയേലി സൈന്യം കൊലപ്പെടുത്തിയത്. 

Google News Logo Follow Us on Google News

ENGLISH SUMMARY:

Yahya Sinwar's wife escaped with a Rs 27 lakhs bag; video released by Israel