കാന്‍സര്‍ ചികില്‍സയ്ക്കുശേഷം ആദ്യ രാജ്യാന്തര പര്യടനത്തിനിറങ്ങിയതായിരുന്നു ബ്രിട്ടണിലെ ചാള്‍സ് രാജാവ്. ഓസ്ട്രേലിയന്‍ പാര്‍ലമെന്‍റില്‍ രാവിലെ ഊഷ്മളമായ വരവേല്‍പ്പും വിരുന്നുമെല്ലാം കഴിഞ്ഞ് പ്രസംഗത്തിന് വേദിയില്‍ കയറി. പ്രസംഗം പൂര്‍ത്തിയാക്കി കസേരയിലേക്ക് മടങ്ങാന്‍ തുടങ്ങുമ്പോള്‍ സെനറ്റര്‍മാര്‍ക്കിടയില്‍ നിന്ന് തൊണ്ടപൊട്ടുമാറുച്ചത്തില്‍ മുദ്രാവാക്യം വിളി. രാജാവിന് ജയ് വിളിക്കുകയാണെന്ന് കരുതിയെങ്കില്‍ തെറ്റി.
‘ഇത് നിങ്ങളുടെ രാജ്യമല്ല, നിങ്ങളെന്‍റെ രാജാവല്ല. ഞങ്ങള്‍ക്ക് ഞങ്ങളുടെ രാജ്യം തിരിച്ചുതരൂ, നിങ്ങള്‍ കൊള്ളയടിച്ചതെല്ലാം തിരിച്ചുതരൂ...’ ഓസ്ട്രേലിയന്‍ ആദിമനിവാസികളുടെ പിന്തുടര്‍ച്ചക്കാരിയായ സെനറ്റര്‍ ലിഡിയ തോര്‍പ്പിന്‍റേതായിരുന്നു സാമ്രാജ്യത്വത്തിനെതിരായ മുദ്രാവാക്യങ്ങള്‍. ഓസ്ട്രേലിയന്‍ പാര്‍ലമെന്‍റംഗങ്ങളും ഉദ്യോഗസ്ഥരും സ്തബ്ധരായി നില്‍ക്കേ ലിഡിയ യൂറോപ്യന്‍ അധിനിവേശത്തിനും വംശഹത്യയ്ക്കുമെതിരെ ഒരുമിനിറ്റിലേറെ നേരം മുദ്രാവാക്യങ്ങള്‍ മുഴക്കി.
ചാള്‍സ് രാജാവിന്‍റെ പ്രസംഗം ഭിന്നശേഷിക്കാര്‍ക്കായി പരിഭാഷപ്പെടുത്തിക്കൊണ്ടിരുന്ന ഉദ്യോഗസ്ഥ, ലിഡിയ തോര്‍പ്പിന്‍റെ മുദ്രാവാക്യങ്ങളും ആംഗ്യഭാഷയില്‍ വിവര്‍ത്തനം ചെയ്തത് മനോഹര കാഴ്ചയായി. പാര്‍ലമെന്‍റംഗമായി സത്യപ്രതിജ്ഞ ചെയ്തതുമുതല്‍ ലിഡിയ തോര്‍പ് ഇത്തരത്തില്‍ ഒട്ടേറെ അവസരങ്ങളില്‍ രാജഭരണത്തിനെതിരെ ആഞ്ഞടിച്ചിട്ടുണ്ട്.
നൂറുവര്‍ഷത്തോളം ബ്രിട്ടീഷ് കോളനിയായിരുന്നു ഓസ്ട്രേലിയ. ഈ കാലയളവില്‍ അനേകായിരം ആദിമനിവാസികളെ കൊന്നൊടുക്കുകയും ഈ സമൂഹങ്ങളെ ഒന്നാകെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തിരുന്നു. 1901ല്‍ സ്വാതന്ത്ര്യം കിട്ടിയെന്ന് അവകാശപ്പെടുമ്പോഴും പൂര്‍ണതോതിലുള്ള റിപ്പബ്ലിക്കായി മാറാന്‍ ഒരിക്കലും ഓസ്ട്രേലിയയ്ക്ക് കഴിഞ്ഞിട്ടില്ല. ഇപ്പോഴും ബ്രിട്ടന്‍റെ രാജാവാണ് ഓസ്ട്രേലിയയുടെ രാഷ്ട്രത്തലവന്‍.
1999ല്‍ എലിസബത്ത് രാജ്ഞിയെ രാഷ്ട്രനേതാവിന്‍റെ പദവിയില്‍ നിന്ന് നീക്കണമെന്ന ആവശ്യത്തില്‍ അഭിപ്രായവോട്ടെടുപ്പ് നടത്തിയെങ്കിലും നേരിയ മാര്‍ജിനില്‍ പരാജയപ്പെട്ടു. കഴിഞ്ഞ വര്‍ഷം ആദിമനിവാസികളുടെ അവകാശങ്ങള്‍ ഭരണഘടനയില്‍ പ്രത്യേകമായി ഉള്‍പ്പെടുത്താനുള്ള നീക്കവും പരാജയപ്പെട്ടിരുന്നു.