jadeja-t20-cancel

ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിന് മുന്നോടിയായി രവീന്ദ്ര ജഡേജ മാധ്യമങ്ങളെ കണ്ടതിനെ ചൊല്ലി വിവാദം. താരത്തിന്‍റെ പെരുമാറ്റത്തെ തുടര്‍ന്ന് ഇരു രാജ്യത്തെയും മാധ്യമപ്രവര്‍ത്തകര്‍ തമ്മില്‍ നടത്താനിരുന്ന ട്വന്‍റി20 മല്‍സരം റദ്ദാക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

jadeja-screengrab

screengrab/youtube

ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ ചോദിച്ച ചോദ്യത്തിന് ഇംഗ്ലിഷില്‍ ഉത്തരം പറയാന്‍ ജഡേജ തയ്യാറാകാതെ സ്ഥലം വിട്ടുവെന്നാണ് ആരോപണം. എന്നാല്‍ ഇത് തെറ്റാണെന്നും ഇങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്നും ഇന്ത്യയില്‍ നിന്നെത്തിയ മാധ്യമപ്രവര്‍ത്തകരും ടീമിന്‍റെ മീഡിയ മാനേജരും വ്യക്തമാക്കി. ക്രിക്കറ്റ് ഓസ്ട്രേലിയ ആയിരുന്നു ട്വന്‍റി20യുടെ സംഘാടകര്‍.

ഓസ്ട്രേലിയന്‍ സമയം ഇന്ന് ഉച്ചയോടെയാണ് കളി നടക്കേണ്ടിയിരുന്നത്. എന്നാല്‍ ഇന്ത്യന്‍ സംഘം പിന്‍മാറിയെന്നാണ് 'ദി ഏജ്' ആരോപിക്കുന്നത്. മെല്‍ബണിലെ ജംക്ഷന്‍ ഓവലായിരുന്നു വേദി. ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ ടീമിലെ രണ്ടുമൂന്ന് പേര്‍ പിന്‍മാറിയതിനെ തുടര്‍ന്ന് പ്ലേയിങ് ഇലവന് ആളുതികയാത്ത അവസ്ഥയുണ്ടായെന്നും ഇതേത്തുടര്‍ന്ന് ഇന്ത്യന്‍ ടീം മീഡിയ മാനേജര്‍ മല്‍സരത്തില്‍ നിന്ന് പിന്‍മാറുന്നതായി അറിയിച്ചുവെന്നും റിപ്പോര്‍ട്ട് ആരോപിക്കുന്നു.

വാര്‍ത്താസമ്മേളനത്തില്‍ ഹിന്ദിയില്‍ ചോദ്യമുയര്‍ന്നത് കൊണ്ടാണ് താരം ഹിന്ദിയില്‍ മറുപടി പറഞ്ഞതെന്നും ഇംഗ്ലിഷില്‍ മറുപടി പറയാന്‍ താരം വിമുഖത കാട്ടിയിട്ടില്ലെന്നും ആരും ആവശ്യപ്പെട്ടിരുന്നില്ലെന്നും ഇന്ത്യയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ വിശദീകരിച്ചു. ഡിസംബര്‍ 26നാണ് ഇന്ത്യ– ഓസീസ് നാലാം ടെസ്റ്റ് ആരംഭിക്കുക.

ENGLISH SUMMARY:

Ravindra Jadeja's alleged Hindi-only press conference has triggered a huge controversy, leading to the cancellation of a press match