tahawwur-rana-2
  • മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതിയെ ഇന്ത്യയ്ക്ക് കൈമാറും
  • ഡിസംബറില്‍ ‌കനേഡിയന്‍ – പാക് പൗരന്‍ തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറും

മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതി, പാക്ക് വംശജനായ കനേഡിയൻ വ്യവസായി തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറും. റാണയുടെ ഹര്‍ജി യുഎസ് കോടതി നിരസിച്ചതിനെ തുടര്‍ന്നാണ് കൈമാറ്റം.  ഇന്ത്യ–യുഎസ് അന്വേഷണ ഏജന്‍സികള്‍ ഇതുമായി ബന്ധപ്പെട്ട്  ആശയവിനിമയം നടത്തി. 2009 മുതല്‍ ലൊസാഞ്ചലസിലെ ജയിലിലാണ് കനേഡിയന്‍ വ്യവസായി കൂടിയായ തഹാവൂര്‍ റാണ.

 

റാണയെ (63) ഇന്ത്യയ്ക്കു വിട്ടുകൊടുക്കുന്നതിനു നിയമതടസ്സമില്ലെന്ന് യുഎസ് കോടതി വിധിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള കുറ്റവാളി കൈമാറ്റക്കരാർ പ്രകാരം ഇതു സാധ്യമാണെന്നു കലിഫോർണിയയിലെ യുഎസ് കോർട്ട് ഓഫ് അപ്പീൽസ് ആണ് വിധിച്ചത്.

റാണയെ ഇന്ത്യയ്ക്കു കൈമാറാമെന്ന മജിസ്ട്രേട്ട് കോടതി വിധി ശരിവച്ച കലിഫോർണിയ ജില്ലാക്കോടതിയുടെ തീരുമാനത്തിനെതിരെ റാണ അപ്പീൽ കോടതിയെ സമീപിക്കുകയായിരുന്നു. ജില്ലാക്കോടതി വിധി അംഗീകരിച്ച അപ്പീൽ കോടതി, റാണയെ വിട്ടുകിട്ടാനാവശ്യമായ എല്ലാ രേഖകളും ഇന്ത്യ യുഎസിനു കൈമാറിയിട്ടുണ്ടെന്നും വ്യക്തമാക്കി.

2008 ലെ മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് 2009 ൽ അറസ്റ്റിലായ റാണ ഇപ്പോൾ ലൊസാഞ്ചലസ് ജയിലിലാണ്. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരിലൊരാളായ ലഷ്കറെ തയിബ ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ‌്‌ലിയുടെ അടുത്ത അനുയായിയായിരുന്നു റാണ. മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 166 പേരിൽ 6 യുഎസ് പൗരന്മാരും ഉൾപ്പെട്ടിരുന്നു.

Google News Logo Follow Us on Google News

ENGLISH SUMMARY:

Moving to get 26/11 accused Tahawwur Rana extradited before year-end, India holds talks with US officials