ഇസ്രയേല്‍ നടത്തിയ തിരിച്ചടിയില്‍ ഇറാന്‍റെ വ്യോമപ്രതിരോധ സംവിധാനം മിസൈലുകളെ ടെഹ്രാന്‍റെ ആകാശത്ത് തടയുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഇസ്രയേല്‍ ആക്രമണങ്ങളെ തകര്‍ത്തെന്നും നാശനഷ്ടം പരിമിതമാണെന്നും ഇറാന്‍ പ്രതികരിച്ചു. അതേസമയം രണ്ട് സൈനികര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ സ്ഥിരീകരിച്ചു. വിദേശ ആക്രമണങ്ങളെ സ്വയം പ്രതിരോധിക്കാന്‍ ഇറാന് അവകാശമുണ്ടെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ആക്രമണം ഇറാന്‍റെ മിസൈല്‍ നിര്‍മാണ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടെന്നാണ് ഇസ്രയേസല്‍ അവകാശപ്പെടുന്നത്. പ്രതികരിച്ചാല്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന മുന്നറിയിപ്പും ഇസ്രയേല്‍ നല്‍കി. ടെഹ്റാന് ചുറ്റുമുള്ള ഇലാം, ഖുസെസ്ഥാൻ, ടെഹ്‌റാൻ എന്നീ പ്രവിശ്യകളിലെ സൈനിക താവളങ്ങളാണ് ഇസ്രയേല്‍ ലക്ഷ്യമിട്ടതെന്നും ഇവയെ പ്രതിരോധിക്കാനായെന്നും ഇറാന്‍ വ്യോമ പ്രതിരോധ കേന്ദ്രം വ്യക്തമാക്കി.
അതേസമയം ഇസ്രയേലിന് നേര്‍ക്ക് ഹിസ്ബുല്ലയുടെ ആക്രമണം ശക്തമാക്കി. വടക്കന്‍ ഇസ്രയേലിലെ മീശര്‍ സൈനിക ബേസ് ക്യാമ്പ് ആക്രമിച്ചതായി ഹിസ്ബുല്ല അവകാശപ്പെട്ടു. നേരത്തെ ടെല്‍ നോഫ് എയര്‍ബേസിന് നേര്‍ക്ക് ഡ്രോണ്‍ ആക്രമണം നടത്തിയതായും ഹിസ്ബുല്ല അവകാശപ്പെട്ടിരുന്നു. ഇസ്രയേലിനോട് ചേര്‍ന്നുള്ള ലെബനന്‍ ഗ്രാമായ യ്ത ആഷ് ഷാബില്‍ ഇസ്രയേലി സൈന്യവുമായി നേരിട്ട് ഏറ്റുമുട്ടിയതായും ഹിസ്ബുല്ല വ്യക്തമാക്കി.