ഇസ്രായേലിന്റെ അപ്പാച്ചെ ഹെലികോപ്റ്ററിൽ നിന്നും തെക്കൻ ലെബനൻ ലക്ഷ്യമാക്കി മിസൈൽ വിക്ഷേപിക്കുന്നു. ചിത്രം റോയിട്ടേഴ്സ്.

TOPICS COVERED

ഇസ്രയേല്‍ ഇറാന് നേര്‍ക്ക് ആക്രമണം നടത്തുമ്പോള്‍ മറ്റൊരു സമ്പൂര്‍ണ യുദ്ധമാണ് ലോകം ആശങ്കപ്പെടുന്നത്. അതിനാലാണ് ലോകരാജ്യങ്ങള്‍ ഇറാനോട് പ്രത്യാക്രമണത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെടുന്നത്. ഇസ്രയേലിന്‍റെ ആക്രമണം മിതമായ തരത്തിലായിരുന്നു എന്നും അതിനാല്‍ തിരിച്ചടിയുണ്ടാകില്ലെന്നുമൊരു വിലയിരുത്തലും നിലവിലുണ്ട്. പശ്ചിമേഷ്യയിലെ വലിയ ശക്തികള്‍ തമ്മിലൊരു സമ്പൂര്‍ണ യുദ്ധം ആരംഭിച്ചാല്‍ വലിയ നാശനഷ്ടങ്ങളുണ്ടാക്കുമെന്ന് ഉറപ്പാണ്. അത്രയ്ക്ക് ആയുധ ശേഖരമാണ് ഇരു രാജ്യങ്ങളുടെയും കയ്യിലുള്ളത്. 

സ്റ്റോക്ക്ഹോം ഇന്‍റര്‍നാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ (എസ്ഐപിആര്‍ഐ) റിപ്പോര്‍ട്ട് പ്രകാരം 2023 ല്‍ 10.3 ബില്യണ്‍ ഡോളര്‍ (85,850 കോടി രൂപ) ആണ് ഇറാന്‍ സൈനിക ആവശ്യങ്ങള്‍ക്കായി ചിലവാക്കിയത്. അതേസമയം, ഗസയുമായുള്ള സംഘര്‍ഷം കാരണം 27.5 ബില്യണ്‍ ഡോളറിന്‍റെ (2.29 ലക്ഷം കോടി രൂപ) സൈനിക ചിലവ് ഇസ്രയേലിനുണ്ട്. 

മിലിട്ടറി ബാലന്‍സ് 2023 ലെ കണക്ക് പ്രകാരം 6.10 ലക്ഷം സൈനികരാണ് ഇറാന്‍ സായുധ സേനയ്ക്കുള്ളത്. 3.50 ലക്ഷം പേര്‍ സൈന്യത്തിന്‍റെ ഭാഗമായും 1.90 ലക്ഷം പേര്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്‍റെയും ഭാഗമാണ്. ഇസ്രയേലിന് സൈനികരായി 1,69,500 പേരാണുള്ളതെങ്കിലും 4.65 ലക്ഷത്തിന്‍റെ ശക്തമായ റിസര്‍വുണ്ട്. 

യുഎസ് ആസ്ഥാനമായുള്ള സെന്‍റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്‍ഡ് ഇന്‍റര്‍നാഷണല്‍ സ്റ്റഡീസിന്റെ മിസൈല്‍ ഡിഫന്‍സ് പ്രൊജക്ടിലെ വിവരങ്ങള്‍ പ്രകാരം ഇറാന്‍റെ കയ്യില്‍ 12 തരം ഇടത്തര– ഹ്രസ്വദൂര ശേഷിയുള്ള ബാലിസ്റ്റിക് മിസൈലുകളുണ്ട്. 150 കിലോ മീറ്റര്‍ ദൂരപരിധിയുള്ള ടോണ്ടര്‍ 69 മുതല്‍ 2,000 കിലോ മീറ്റര്‍ പരിധിയുള്ള ഖോറംഷഹര്‍, സെജ്ജില്‍ എന്നി മിസൈലുകളും ഇറാന്‍റെ കയ്യിലുണ്ട്. 

ഇറാന്‍റെ കയ്യിലുള്ള ഒന്‍പതോളം മിസൈലുകള്‍ക്ക് ഇസ്രയേലിനെ കീഴടക്കാനാകുമെന്നാണ് ഔദ്യോഗിക വാർത്താ ഏജൻസിയായ ഐഎസ്എന്‍എയില്‍ നിന്നുള്ള വിവരം. ഇസ്രയേലിന്‍റെ  കയ്യില്‍ നാല് തരം ചെറിയ, ഇടത്തരം റേഞ്ച് ശേഷിയുള്ള ബാലിസ്റ്റിക് മിസൈലുകളാണുള്ളത്. 280 കിലോ മീറ്റര്‍ ശേഷിയുള്ള ലോറ മുതല്‍ 4,800 കിലോ മീറ്റര്‍ മുതല്‍ 6,500 കിലോ മീറ്റര്‍ ശേഷിയുള്ള ജെറിക്കോ-3 യും ഇസ്രയേലിന്‍റെ പക്കലുണ്ട്. 

ലെബനനില്‍ നിന്നുള്ള ഡ്രോണ്‍ ആക്രമണത്തെ പ്രതിരോധിക്കുന്ന ഇസ്രയേലിന്‍റെ അയേണ്‍ ഡോം. ചിത്രം റോയിട്ടേഴ്സ്

ഇതിനെല്ലാമപ്പുറം ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനമായ അയേണ്‍ ഡോമാണ് രാജ്യത്തിന് കരുത്ത് നല്‍കുന്നത്. പൊതുവിൽ അയൺ ഡോം എന്നറിയപ്പെടുന്ന വ്യോമപ്രതിരോധ സംവിധാനം വിവിധ പാളികളായാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ഏറ്റവും പുറം പാളിയാണ് ആരോ സംവിധാനം. ആയിരക്കണക്കിന് കിലോമീറ്റർ അകലെ നിന്ന് തൊടുക്കുന്ന ബാലിസ്റ്റിക് മിസൈലുകളെ തടയാൻ രൂപകൽപ്പന ചെയ്ത സംവിധാനങ്ങളാണ് ആരോ-2, ആരോ-3. 

ആരോ കഴിഞ്ഞാൽ ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സംവിധാനത്തിന്റെ അടുത്ത പാളിയാണ് ഡേവിഡ്സ് സ്ലിം​ഗ്. 100 കിലോമീറ്റർ മുതൽ 200 കിലോമീറ്റർ ദൂരെ നിന്നും വിക്ഷേപിച്ച ഹ്രസ്വ-ദൂര ബാലിസ്റ്റിക് മിസൈലുകളിൽ നിന്നും സംരക്ഷണം നൽകും. ഏറ്റവും അവസാനമാണ് ഷോർട്ട് റേഞ്ച് അയൺ ഡോം, ചെറുതും വേഗത കുറഞ്ഞതും മിസൈലുകളെയാണ് ഇവ തകർക്കുന്നത്. 4-7 കിലോമീറ്റർ ദൂരത്തിൽ നിന്നുള്ളവയേയാണ് അയേൺ ഡോം തകർക്കുന്നത്.

ഇറാനും ശക്തമായ ഭൂതല-വിമാന മിസൈൽ പ്രതിരോധ സംവിധാനങ്ങളുണ്ട്. 42-ലധികം ദീർഘദൂര റഷ്യൻ നിർമിത എസ്-200, എസ്-300, പ്രാദേശികമായി രൂപകല്‍പന ചെയ്ത ബാവാർ-373 എന്നിവ ഇതിലുള്‍പ്പെടുന്നു. കൂടാതെ 59 മിഡില്‍ റേഞ്ച് യുഎസ് എംഐഎം-23 ഹോക്ക്, എച്ച്ക്യു-2ജെ, ഖോർദാദ്-15; കൂടാതെ 279 ഷോർട്ട് റേഞ്ച് ചൈനീസ് നിർമിത സിഎച്ച്–എസ്–എ തുടങ്ങിയവയും ആകാശത്ത് ഇറാന് കരുത്തേകുന്നു. 

ENGLISH SUMMARY:

Israel leads in military spendung, Iran in missiles; Comparing military strength of both.