ഇസ്രയേല്‍ വിരുദ്ധ പരസ്യ ബോര്‍ഡിന് മുന്നിലൂടെ കടന്നുപോകുന്ന ഇറാന്‍ പൗരന്‍. ചിത്രം എഎഫ്പി

ഒക്ടോബര്‍ ഒന്നിന്‍റെ ആക്രമണത്തിന് ഇസ്രയേല്‍ ശനിയാഴ്ച രാത്രിയാണ് തിരിച്ചടിച്ചത്. ആക്രമണം ഇറാന്‍റെ മിസൈല്‍ നിര്‍മാണ കേന്ദ്രങ്ങളെയും സൈനിക താവളങ്ങളെയുമാണ് ലക്ഷ്യമിട്ടതെന്ന് ഇസ്രയേസല്‍ അവകാശപ്പെടുന്നു.

Also Read: ഇസ്രയേല്‍ ആക്രമണത്തെ ആകാശത്ത് തടഞ്ഞ് ഇറാന്‍; തെളിവായി വിഡിയോ

ടെഹ്റാന് ചുറ്റുമുള്ള ഇലാം, ഖുസെസ്ഥാൻ, ടെഹ്‌റാൻ എന്നീ പ്രവിശ്യകളിലെ സൈനിക താവളങ്ങളാണ് ഇസ്രയേല്‍ ലക്ഷ്യമിട്ടതെന്നും ഇവയെ പ്രതിരോധിക്കാനായെന്നും ഇറാന്‍ വ്യോമ പ്രതിരോധ കേന്ദ്രം പറഞ്ഞു. തെക്കന്‍ സിറിയയിലെ സിറിയന്‍ സൈനിക കേന്ദ്രങ്ങളും ഇസ്രയേല്‍ ലക്ഷ്യമിട്ടിരുന്നതായി സിറിയന്‍ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയും വ്യക്തമാക്കി.

ഇറാനെതിരെ മിതമായ ആക്രമണമാണ് ഇസ്രയേല്‍ നടത്തിയതെന്നാണ് യുഎസിന്‍റെ വിലയിരുത്തല്‍. അതിനാല്‍ തന്നെ ഇറാന്‍ പ്രത്യാക്രമണത്തിന് മുതിരുന്നില്ലെന്നാണ് ബൈഡന്‍ ഭരണകൂടം വിശ്വസിക്കുന്നത്.  

ഇറാനെ ഒരു പ്രത്യാക്രമണത്തിന് പ്രേരിപ്പിക്കാതെ സംഘർഷം ശാന്തമാക്കാനാണ് ഇസ്രായേൽ മിതമായ ആക്രമണം നടത്തിയതെന്ന് യുഎസ് സര്‍ക്കാറിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേലിന്‍റെ തിരിച്ചടി ജനങ്ങള്‍ക്ക് ഭീഷണിയാകാത്ത തരത്തിലാകാന്‍ യുഎസ് പ്രസിഡന്‍റും ദേശീയ സുരക്ഷാ ടീമും ആഴ്ചകളായി ഇസ്രയേലുമായി ചര്‍ച്ചയിലായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: ഇറാനിലേക്ക് പറന്നത് 100 യുദ്ധ വിമാനങ്ങള്‍; ലക്ഷ്യമിട്ടത് 20 തന്ത്രപ്രധാന കേന്ദ്രങ്ങള്‍; ആക്രമണം ഇങ്ങനെ

തുടര്‍ ആക്രമണങ്ങളുണ്ടാകാനുള്ള സാധ്യത കുറവാണെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇതിനൊപ്പം ലെബനനിലും ഗസയിലും നടക്കുന്ന സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാനും ബന്ദികളെ കൈമാറാന്‍ ഗമാസുമായി കരാറിലെത്താനും വരും ദിവസങ്ങളില്‍ യുഎസ് ച​ര്‍ച്ചകള്‍ നടത്തുമെന്ന സൂചനയും നല്‍കി.

ആക്രമണ സമയത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവനും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പ്രസിഡൻ്റ് ജോ ബൈഡനെ വിവരം ധരിപ്പിച്ചിരുന്നു. ഇസ്രായേൽ ആക്രമണം പൂര്‍ത്തിയാകുന്നതിന് മണിക്കൂറുകൾ മുന്‍പ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്‍റുമായി സംസാരിച്ചിരുന്നതായും വിവരമുണ്ട്. 

ശനിയാഴ്ച ഇസ്രായേൽ നടത്തിയ ആക്രമണം സ്ഥിരീകരിച്ച ഇറാന്‍ നാശനഷ്ടങ്ങൾ പരിമിതമാണെന്നാണ് അവകാശപ്പെടുന്നത്. ഇറാന്‍റെ വ്യോമപ്രതിരോധ സംവിധാനം മിസൈലുകളെ ടെഹ്റാന്‍റെ ആകാശത്ത് തടയുന്ന ദൃശ്യങ്ങള്‍ സൈന്യം പുറത്തുവിട്ടു. ഇസ്രയേല്‍ ആക്രമണങ്ങളെ തകര്‍ത്തെന്നും നാശനഷ്ടം പരിമിതമാണെന്നും ഇറാന്‍ പ്രതികരിച്ചു. അതേസമയം രണ്ട് സൈനികര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ സ്ഥിരീകരിച്ചു.

ENGLISH SUMMARY:

US says Iran will not launch counterattack against Israel; Here's why