റിപ്പബ്ലിക്കൻ സ്ഥാനാർഥിയും മുന്‍ അമേരിക്കന്‍ പ്രസിഡന്‍റുമായ ഡോണാൾഡ് ട്രംപിനെതിരെ ഗുരുതര ലൈംഗികാരോപണം. ട്രംപ് തന്‍റെ ശരീരത്തില്‍ കടന്നുപിടിച്ചെന്ന വെളിപ്പെടുത്തലുമായി മുന്‍ മോഡല്‍ സ്‌റ്റെയ്‌സി വില്യംസാണ് രംഗത്തെത്തിയത്. 1993ല്‍ ജെഫ്രി എപ്സ്റ്റീന്‍റെ മുന്നില്‍ വെച്ച് ട്രംപ് തന്നെ കടന്നുപിടിക്കാന്‍ ശ്രമിച്ചെന്ന് സ്‌റ്റെയ്‌സി വില്യംസ് ആരോപിച്ചു. അമേരിക്കന്‍ കോടീശ്വരനും കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയുമാണ് ജെഫ്രി എപ്സ്റ്റീന്‍.
സംഭവം നടന്നെന്ന് പറയപ്പെടുന്ന കാലത്ത് താന്‍ ജെഫ്രിയുടെ കാമുകിയായിരുന്നുവെന്നും ട്രംപിനെ പരിചയപ്പെടാനായി ചെന്നപ്പോഴാണ് കടന്നുപിടിക്കാന്‍ ശ്രമിച്ചതെന്നും സ്‌റ്റെയ്‌സി വില്യം പറയുന്നു. ന്യൂയോര്‍ക്കിലെ ട്രംപ് ടവറില്‍ വെച്ചായിരുന്നു സംഭവമെന്നും സ്‌റ്റെയ്‌സി ചൂണ്ടിക്കാട്ടി. ട്രംപിന്‍റെ മുന്നിലെത്തിയപ്പോള്‍ തന്റെ ശരീരഭാഗങ്ങളില്‍ ബലമായി കടന്നുപിടിച്ചെന്നും താന്‍ പ്രതികരിക്കാനാകാത്ത വിധം ഭയന്നുപോയെന്നും സ്‌റ്റെയ്‌സി പറഞ്ഞു. ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥി കമല ഹാരിസ് നടത്തുന്ന 'സര്‍വൈവേഴ്‌സ് ഓഫ് കമല' എന്ന പരിപാടിക്കിടെയായിരുന്നു സ്‌റ്റെയ്‌സി വില്യംസിന്‍റെ വെളിപ്പെടുത്തല്‍.
സ്റ്റെയ്സിയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയായതോടെ ആരോപണം വ്യാജമാണെന്ന് വാദിച്ചുകൊണ്ട് ട്രംപ് അനുയായികള്‍ രംഗത്തെത്തി. അതേസമയം മുന്‍കാമുകിയെ മര്‍ദ്ദിച്ചുവെന്ന കമല ഹാരിസിന്റെ ഭര്‍ത്താവ് ഡഗ് എംഹോഫിനു നേരെ ഉയര്‍ന്ന ആരോപണത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ഇത്തരം ആരോപണങ്ങളുയര്‍ത്തുന്നതെന്നും ട്രംപ് അനുയായികള്‍ പറയുന്നു. 2016ല്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച നാള്‍ മുതല്‍ ട്രംപിനെതിരെ നിരവധി ലൈംഗിക ആരോപണങ്ങളാണ് ഉയര്‍ന്നുവന്നിട്ടുളളത്.