tesla-cybertruck-explosion-trump-hotel

ലാസ് വേഗസില്‍ ട്രംപിന്റെ ഹോട്ടലിനു മുന്നില്‍ ടെസ്‌ല സൈബര്‍ട്രക് പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. ട്രംപ് ഇൻ്റർനാഷണൽ ഹോട്ടലിന് പുറത്താണ് സ്ഫോടനമുണ്ടായത്. പതിനഞ്ചോളംപേര്‍ക്ക് പരുക്കേറ്റു. വാഹനത്തില്‍ സ്ഫോടകവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയെന്നും ഭീകരാക്രമണമാണെന്ന് സംശയിക്കുന്നതായും ഇലോണ്‍ മസ്ക് വ്യക്തമാക്കി. ഇലക്ട്രിക് വാഹനത്തിന്‍റെ രൂപകൽപ്പന സ്ഫോടനത്തിന്‍റെ ആഘാതവും നാശനഷ്ടങ്ങളും കുറച്ചതായും മസ്‌ക് പറഞ്ഞു.

 

ട്രംപ് ഇന്‍റര്‍നാഷണൽ ഹോട്ടലിന്‍റെ പ്രധാന കവാടത്തിന് പുറത്ത് കാർ ഷെയറിങ് പ്ലാറ്റ്‌ഫോമായ ടുറോ വഴി വാടകയ്‌ക്ക് എടുത്ത 2024 ടെസ്‌ല സൈബർട്രക്ക് വ്യാഴാഴ്ച പുലർച്ചെയാണ് പൊട്ടിത്തെറിച്ചത്. മുൻകരുതൽ എന്ന നിലയിൽ ഹോട്ടല്‍ ഒഴിപ്പിച്ചിട്ടുണ്ട്. പടക്കങ്ങള്‍, ഗ്യാസ് ടാങ്കുകൾ, ക്യാമ്പിംഗ് ഇന്ധനം എന്നിവയുൾപ്പെടെ ട്രക്കില്‍ സൂക്ഷിച്ചിരുന്ന വസ്തുക്കളാണ് പൊട്ടിത്തെറിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. ഡ്രൈവർക്ക് നിയന്ത്രിക്കാന്‍ സാധിക്കുന്ന ഡിറ്റണേഷൻ സിസ്റ്റവുമായി ഇവ ബന്ധിപ്പിച്ചിരിക്കാം. 

നേരത്തെ അമേരിക്കയിലെ ന്യൂ ഓർലിയൻസില്‍ പുതുവര്‍ഷ ആഘോഷത്തിനിടെ ട്രക്ക് ഇടിച്ചുകയറ്റിയുണ്ടായ ആക്രമണത്തില്‍  പതിനഞ്ചുപേര്‍ കൊല്ലപ്പെട്ടിരുന്നു. രണ്ട് സംഭവങ്ങള്‍ ബന്ധമുണ്ടോ എന്നറിയാനും അന്വേഷണം നടക്കുന്നുണ്ട്. ലാസ് വെഗാസ്, ന്യൂ ഓർലിയൻസ് സംഭവങ്ങളിൽ ഉൾപ്പെട്ട രണ്ട് വാഹനങ്ങളും കാർ വാടകയ്‌ക്ക് നൽകുന്ന കമ്പനിയായ ട്യൂറോ വഴി വാടകയ്‌ക്കെടുത്തതാണ്. ട്യൂറോയുടെ വക്താവ് കമ്പനി നിയമപാലകരുമായി പൂർണ്ണമായി സഹകരിക്കുന്നുവെന്നും വാടകയ്‌ക്കെടുക്കുന്നവർക്ക് ക്രിമിനൽ പശ്ചാത്തലം ഇല്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ENGLISH SUMMARY:

A Tesla Cybertruck explosion outside Trump International Hotel in Las Vegas left 1 dead and 15 injured. Elon Musk suspects a terror attack and highlights the vehicle’s design minimized damage