ഫസ്റ്റ് ക്ലാസില്‍ നിന്ന് ഇക്കണോമിയിലേക്ക് സീറ്റ് മാറ്റിയതിന് പിന്നാലെ തന്‍റെ വളര്‍ത്തുനായ ചത്തെന്ന പരാതിയുമായി യുവാവ്. അലാസ്ക എയര്‍ലൈന്‍സ് ഫ്ളൈറ്റിലാണ് ഫ്രഞ്ച് ബുള്‍ഡോഗ് ആഷ് മരിച്ചത്. ഫെബ്രുവരി ഒന്നിന് ന്യൂയോര്‍ക്കില്‍ നിന്ന് സാന്‍ഫ്രാന്‍സിസ്കോയിലേക്ക് പറന്ന വിമാനത്തിലാണ് സംഭവം.
ഫസ്റ്റ് ക്ലാസ് ടിക്കറ്റാണ് മൈക്കല്‍ കോണ്ടില്ലോയും പിതാവും എടുത്തിരുന്നത്. ആഷിനൊപ്പം ഇവരുടെ മറ്റൊരു ഫ്രഞ്ച് ബുള്‍ഡോഗ് കോറയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. എന്നാല്‍ സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് പിറകിലേനിരയിലേക്ക് മാറിയിരിക്കാന്‍ എയര്‍ലൈന്‍ അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു എന്നാണ് സാന്‍ഫ്രാന്‍സിസ്കോ കൗണ്ടി സുപ്പീരിയര്‍ കോര്‍ട്ടില്‍ ഫയല്‍ ചെയ്ത പരാതിയില്‍ പറയുന്നത്.
പിറകിലെ സീറ്റിലേക്ക് മാറുന്ന സമയം നായ്ക്കളെ അത് ബാധിക്കുമെന്നും അവര്‍ക്ക് ശ്വസന സംബന്ധമായ പ്രശ്നങ്ങളും ഹൃദയ സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാവുമെന്നും പറഞ്ഞെങ്കിലും എയര്‍ലൈന്‍ സ്റ്റാഫുകള്‍ കേട്ടില്ലെന്നും പരാതിയില്‍ പറയുന്നു. ടേക്ക് ഓഫിന്‍റെ സമയത്ത് ആഷിനെ കിടത്തിയിരുന്ന കൂടിന്‍റെ വാതില്‍ അടയ്ക്കാന്‍ എയര്‍ലൈന്‍സ് ജീവനക്കാര്‍ ആവശ്യപ്പെട്ടതോടെ തനിക്ക് അവനെ പരിശോധിക്കാന്‍ കഴിയാതെയായി. ആഷിന്‍റെ മരണം തന്നെയൊരു വിഷാദരോഗിയാക്കിയെന്നും മൈക്കല്‍ കോണ്ടെല്ലയുടെ പരാതിയില്‍ പറയുന്നു.