TOPICS COVERED

പരാതികളുടെയും കേസുകളുടെയുമിടത്ത് പരാതിയില്ലാതെ കയറിച്ചെന്ന് പൊലീസ് സ്റ്റേഷനിലെ പ്രിയപ്പെട്ടവളായ നായയേയും അവളുടെ മക്കളേയും ഓര്‍മയില്ലേ? മനോരമ ന്യൂസ് വാര്‍ത്തയിലൂടെ പ്രേക്ഷക മനസ്സിലിടം നേടിയവള്‍ കഴിഞ്ഞ ദിവസം വീണ്ടും പത്തുകുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. അന്ന് കാവലൊരുക്കിയവരില്‍ പലരും ഇന്ന് സ്ഥലം മാറിപ്പോയെങ്കിലും അവളും കുഞ്ഞുങ്ങളും സേഫാണ് തിരുവല്ല പൊലീസ് സ്റ്റേഷനില്‍.

വളര്‍ത്തി വലുതാക്കിയ ആരോ അസുഖം വന്നപ്പോള്‍ ഉപേക്ഷിച്ചതാണ് അവളെ. വണ്ടിക്കടിയില്‍ പെട്ട് ഏങ്ങലടിച്ചുകിടന്നതുകണ്ട എഎസ്ഐ രാജേഷ് ആ ജീവനും കൈയ്യില്‍പിടിച്ച് ഓടി, മൃഗാശുപത്രിയിലേക്ക്. പരുക്ക് ഭേദമായതുമുതല്‍ അവള്‍ സ്റ്റേഷനിലെ അരുമയാണ്. കഴിഞ്ഞ മാര്‍ച്ചില്‍ അവള്‍ എട്ടുകുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയപ്പോള്‍ കാവലാളയത് കാക്കിക്കുള്ളിലെ കരുതലായിരുന്നു. മനോരമ ന്യൂസിലൂടെ ആ സ്നേഹത്തിന്‍റെ കഥയറിഞ്ഞ നിരവധിപേര്‍ ആ കുഞ്ഞുങ്ങളുടെ സംരക്ഷണം ഏറ്റെടുക്കാനെത്തി.

ഇത്തവണ പത്തുകുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. പക്ഷേ അവളുടെ ജീവന്‍ ചേര്‍ത്തുപിടിച്ച എഎസ്ഐ രാജേഷ് അവിടെയില്ല. ആറന്മുളയിലേക്ക് സ്ഥലം മാറിപ്പോയി. പൊലീസ് സ്റ്റേഷനിലെ സഹായി സോമനാണ് അമ്മയുടേയും കുഞ്ഞുങ്ങളുടേയും താല്‍കാലിക സംരക്ഷണം ഏറ്റെടുത്തിരിക്കുന്നത്.‌ ബിസ്ക്കറ്റുമായി വരുന്നവരില്‍ അവളിപ്പോഴും രാജേഷിന്‍റെ മുഖം തേടാറുണ്ടെന്ന് സോമന്‍. ഡിവൈഎസ്പി ഉള്‍പ്പെടെ എല്ലാ പൊലീസുകാരും ദിവസേന അവളെ വന്നുകണ്ട ശേഷമേ ജോലി തുടങ്ങാറുള്ളു. പുതുതായുണ്ടായ ഓമനകളേയും സുരക്ഷിത കരങ്ങളിലേല്‍പ്പിക്കാനാണ് പൊലീസ് സ്റ്റേഷന്‍റെ തീരുമാനം. അവരും വളരട്ടെ, കാവലാളാകട്ടെ.

ENGLISH SUMMARY:

Thiruvalla police station's favorite dog has 10 puppies