ഇസ്രയേലിന്‍റെ ഇറാന്‍ ആക്രമണത്തിന് ശേഷം പശ്ചിമേഷ്യയില്‍ സംഘര്‍ഷത്തിന് അയവ് വരുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. കനത്ത രീതിയിലുള്ള ആക്രമണമല്ല ഇസ്രയേല്‍ നടത്തിയത് എന്നതും എണ്ണ, ആണവായുധ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടില്ല എന്നതു വിലയിരുത്തി ഇറാന്‍ തിരിച്ചടിക്ക് മുതിരില്ലെന്നാണ് അമേരിക്ക അടക്കമുള്ള ലോകരാജ്യങ്ങളുടെ വിലയിരുത്തല്‍.
അതേസമയം ഇസ്രയേലിന്‍റെ ഇന്‍റലിജന്‍സ് വിഭാഗം തലവന്‍ ഡേവിഡ് ബാർണിയ ഖത്തറിലേക്ക് പോകാന്‍ ഒരുങ്ങുകയാണ്. സംഘര്‍ഷം മറ്റൊരു തലത്തിലേക്ക് കടന്നപ്പോള്‍ എന്താകും ഇസ്രയേലിന്‍റെ ഉള്ളിലിരിപ്പ്.
ഞായറാഴ്ച ബാർണിയ ദോഹയിലേക്ക് പോകുമെന്നാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞത്. യുഎസ് സെന്‍ട്രല്‍ ഇന്‍റലിജന്‍സ് ഡയറക്ടര്‍ വില്യം ബെര്‍ണ്‍, ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി എന്നിവരുമായി ബാര്‍ണിയ ചര്‍ച്ച നടത്തും. ഗസയിലുള്ള ബന്ദികളുടെ മോചനത്തെ പറ്റിയുള്ള കാര്യങ്ങളാണ് ചര്‍ച്ച ചെയ്യുക.
അതേസമയം, യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. രണ്ട് ദിവസം ഗസയില്‍ ഇസ്രയേല്‍ വെടിനിര്‍ത്തല്‍ വേണമെന്നാണ് ഈജിപ്തിന്‍റെ ആവശ്യം. സമ്പൂർണ വെടിനിർത്തൽ ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ഗസയിൽ രണ്ട് ദിവസത്തെ വെടിനിർത്തലും പരിമിതമായ ബന്ദി കൈമാറ്റവും വേണമെന്ന് ഈജിപ്ഷ്യൻ പ്രസിഡൻ്റ് അബ്ദുൽ ഫത്താഹ് അൽ-സിസി നിര്‍ദ്ദേശിച്ചു.
ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന ഫലസ്തീൻ തടവുകാർക്ക് പകരമായി ഗാസയിൽ തടവിലാക്കപ്പെട്ട നാല് ഇസ്രായേൽ ബന്ദികളെ കൈമാറണമെന്നാണ് ഈജിപ്ത് നിര്‍ദ്ദേശിക്കുന്നത്. കൂടുതൽ ചർച്ചകൾ നടത്തുമെന്ന് അദ്ദേഹം കെയ്‌റോയിൽ വ്യക്തമാക്കി.
സാഹചര്യങ്ങള്‍ മാറുമ്പോഴും ഗസയില്‍ ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. ബോംബാക്രമണത്തില്‍ 40 പേരെ കൂടി വധിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു. സെന്‍ട്രല്‍ ഇസ്രയേലില്‍ ആള്‍കൂട്ടത്തിലേക്ക് ട്രക്ക് ഇടിച്ചുകയറി അപകടമുണ്ടായി. മൊസദിന്‍റെ ആസ്ഥാനത്ത് സമീപമുണ്ടായ സംഭവം ഭീകരാക്രമണമാണോ അപകടമാണോ എന്നതില്‍ പൊലീസ് വ്യക്തത വരുത്തിയിട്ടില്ല.