ഇസ്രയേലിനെതിരെ ആക്രമണത്തിന് തയ്യാറെടുക്കുന്നു എന്ന സൂചനയുമായി ഇറാന്‍ മിലിട്ടറിയുടെ വിഡിയോ. സമയം അടുക്കുന്നു എന്ന തലക്കെട്ടോടെ എക്സ് അക്കൗണ്ടില്‍ പങ്കുവച്ച വിഡിയോയില്‍ ലോഞ്ചിന് തയ്യാറായി നില്‍ക്കുന്ന മിസൈലും ഇടം പിടിച്ചിട്ടുണ്ട്.
ട്രൂ പ്രോമിസ് 3 എന്ന ഹാഷ്‍ടാഗോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതാണ് ഇസ്രയേലിനെതിരെ തിരിച്ചടിക്കുമോ എന്ന സംശയം വര്‍ധിപ്പിച്ചത്.
വാച്ചിന്‍റെ സെക്കന്‍റ് സൂചിയുടെ ദൃശ്യവും ശബ്ദവുമാണ് വിഡിയോയുടെ ആരംഭത്തില്‍. ശേഷം മിസൈല്‍ ലോഞ്ചറില്‍ ആക്രമണത്തിന് ഒരുങ്ങി നില്‍ക്കുന്ന മിസൈലിന്‍റെ ദൃശ്യവും കാണാം.
സമയമാകുമ്പോള്‍ ലോഞ്ച് ചെയ്യുമെന്ന അര്‍ഥത്തിലുള്ളതാണ് അടുത്ത ദൃശ്യം. അവസാന ഭാഗത്ത് ശിക്ഷയ്ക്കുള്ള സമയം അടുത്തു എന്നും എഴുതി കാണിക്കുന്നുണ്ട്. ദൈവത്തിൻ്റെ ശിക്ഷ അടുത്തിരിക്കുന്നു എന്ന മറ്റൊരു പോസ്റ്റും ഇതിന് പിന്നാലെ അക്കൗണ്ടിലുണ്ട്.
എന്താണ് ട്രൂ പ്രോമിസ്
ഏപ്രിൽ 14 ന് ഇറാൻ ഇസ്രയേലിലേക്ക് നടത്തിയ ഡ്രോണ്‍ ആക്രമണമാണ് ട്രൂ പ്രോമിസ്. ഏപ്രില്‍ ആദ്യം സിറിയയിലെ ഡമാസ്കസിലെ ഇറാൻ കോൺസുലേറ്റിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് മറുപടിയായാണ് ഇറാൻ ഈ ആക്രമണം നടത്തിയത്. ഒക്ടോബര്‍ ഒന്നിന് നടത്തിയ മിസൈലാക്രമാണ് ട്രൂ പ്രോമിസ് 2.
ഒക്ടോബര്‍ ഒന്നിനാണ് ഇറാന്‍ ഇസ്രയേലിന്‍റെ സൈനിക, ഇന്‍റലിജൻസ് കേന്ദ്രങ്ങളിലേക്ക് 200 ലധികം മിസൈലുകൾ വിക്ഷേപിച്ചത്. മിസൈലുകളിൽ 90 ശതമാനവും ലക്ഷ്യത്തിലെത്തിയെന്നായിരുന്നു ഇറാന്‍റെ വാദം. എന്നാല്‍ വ്യോമപ്രതിരോധ സംവിധാനം ആക്രമണത്തെ തടഞ്ഞെന്നായിരുന്നു ഇസ്രയേലിന്‍റെ പ്രതികരണം.
ഇറാന്‍റെ ആക്രമണത്തിന് തിരിച്ചടിയായി ഒക്ടോബര്‍ 25 നാണ് ഇസ്രയേല്‍ തിരിച്ചടിച്ചത്. ടെഹ്‌റാനടുത്തുള്ള മിസൈൽ നിർമാണ കേന്ദ്രങ്ങൾ ഉൾപ്പെടെ ഒന്നിലധികം ഇറാനിയൻ സൈനിക സ്ഥാപനങ്ങളാണ് ആക്രമിച്ചതെന്ന് ഇസ്രായേൽ വ്യക്തമാക്കിയിരുന്നു. ഇതിന് മറുപടിയായി ട്രൂ പ്രോമിസ് 3 ഉണ്ടാകുമോ എന്നതാണ് ആശങ്ക.
കൂടുതൽ ആക്രമണങ്ങൾ നടത്തുകയാണെങ്കില്‍ ഇറാന്‍ ശക്തമായ പ്രതികരണം നേടേണ്ടി വരുമെന്നാണ് ഇസ്രയേലിന്‍റെ മുന്നറിയിപ്പ്. ഇറാന്‍റെ ഏത് ആക്രമണവും ഇക്കഴിഞ്ഞ ആക്രമണത്തേക്കാള്‍ ശക്തമായ പ്രതികരണം നേരിടേണ്ടിവരും. ഇസ്രയേലിലേക്ക് വീണ്ടും മിസൈലുകളയച്ചാല്‍ എങ്ങനെ ഇറാനിലേക്ക് വരണമെന്ന് ഞങ്ങള്‍ക്കറിയാം എന്നാണ് ഇസ്രായേൽ ഡിഫന്‍സ് ഫോഴ്സ് (ഐഡിഎഫ്) ചീഫ് ഓഫ് സ്റ്റാഫ്, ലെഫ്റ്റനൻ്റ് ജനറൽ ഹെർസി ഹലേവി പറഞ്ഞത്.