പ്രളയക്കെടുതിയില്‍ വിറങ്ങലിച്ച് സ്പെയിന്‍. ചൊവ്വാഴ്ച പെയ്തിറങ്ങിയ മഴയിലും തുടര്‍ന്നുണ്ടായ പ്രളയത്തിലും 95 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഒട്ടേറെപേരെ കാണാതായെന്നും അധികൃതര്‍ അറിയിച്ചു. വലന്‍സിയയുടെ കിഴക്കന്‍ പ്രദേശങ്ങളെയാണ് പ്രളയം രൂക്ഷമായി ബാധിച്ചത്. ചൊവ്വാഴ്ച തുടങ്ങിയ മഴ കനത്തതോടെ പാലങ്ങളും കെട്ടിടങ്ങളുമടക്കം ഒലിച്ചുപോയി. ആളുകള്‍ കെട്ടിടങ്ങളുടെ മേല്‍ക്കൂരകളിലും മരങ്ങള്‍ക്ക് മുകളിലുമാണ് അഭയം തേടിയിരിക്കുന്നതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രളയത്തെ തുടര്‍ന്ന് രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രധാനമന്ത്രി പെദ്രോ സാഞ്ചസ് പ്രഖ്യാപിച്ചു. 'രാജ്യം മുഴുവന്‍ നിങ്ങളോടൊപ്പം തേങ്ങുകയാണെന്നും എന്ത് തന്നെ പ്രതികൂല അവസ്ഥയുണ്ടായാലും ദുരിതമനുഭവിക്കുന്നവര്‍ക്കൊപ്പം രാജ്യം മുഴുവനും സര്‍ക്കാര്‍ സംവിധാനങ്ങളും നിലകൊള്ളുമെന്നും' സാഞ്ചസ് വ്യക്തമാക്കി. കാലാവസ്ഥ പ്രതികൂലമായത് രക്ഷാപ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുവെന്നും എന്നിരുന്നാലും ഊര്‍ജിതമായി രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വലന്‍സിയയില്‍ മാത്രം 92 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. 1973ന് ശേഷം സ്പെയിനില്‍ ഉണ്ടാകുന്ന ഏറ്റവും വലിയ പ്രളയദുരന്തമാണിത്. 1973ലെ പ്രളയത്തില്‍ 150 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. സാധാരണയായി ഒരു വര്‍ഷത്തില്‍ ലഭിക്കുന്ന മഴയാണ് ചൊവ്വാഴ്ച വെറും എട്ടുമണിക്കൂര്‍ കൊണ്ടുമാത്രം വലന്‍സിയയില്‍ പെയ്തിറങ്ങിയതെന്ന് സ്പെയിനിലെ കാലാവസ്ഥാ ഏജന്‍സിയായ ഏയ്മെറ്റ് വ്യക്തമാക്കുന്നു. ബുധനാഴ്ച പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും സൈന്യം ഇറങ്ങുകയും ചെയ്തു.
സൂനാമി പോലെയാണ് വെള്ളം പൊങ്ങി വന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. വീടിന്‍റെ ബാല്‍ക്കണികളിലേക്കും മേല്‍ക്കൂരകളിലേക്കും പ്രായമായ മാതാപിതാക്കളുമായി കയറിപ്പറ്റുകയായിരുന്നുവെന്നും ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത ദിവസങ്ങളാണ് കടന്നുപോയതെന്നും ഗ്വില്ലേര്‍മോ പെരസ് പറഞ്ഞു. പെരുമഴയില്‍ വെള്ളം പൊങ്ങിയതോടെ റോഡുകള്‍ നദിക്ക് സമാനമായി. കാണാതായവരില്‍ ബൈക്ക് യാത്രികരുള്‍പ്പടെയുണ്ടെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തീര്‍ത്തും അപ്രതീക്ഷിതമായി കഴുത്തോളം വെള്ളം പൊങ്ങി. കൈകള്‍ കോര്‍ത്തുപിടിച്ചാണ് ഒഴുകിപ്പോകാതെ രക്ഷപെട്ടതെന്ന് കോണ്‍സൂലോ ടാര്‍സനെന്നയാളും പ്രതികരിച്ചു.
അതേസമയം, സ്പെയിനിലെ ഭരണകൂടത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. യഥാസമയം കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കിയില്ലെന്നും ദുരന്തനിവാരണ സേന പ്രളയ ബാധിത പ്രദേശത്തേക്ക് എത്തിയത് പോലും വൈകിയാണെന്നും ആളുകള്‍ ആരോപിക്കുന്നു. ചൊവ്വാഴ്ച രാവിലെ മഴ പെയ്യാന്‍ തുടങ്ങിയെങ്കിലും രാത്രിയോടെ മാത്രമാണ് വലന്‍സിയയിലും ഷിവയിലും ജാഗ്രതാനിര്‍ദേശം നല്‍കിയതെന്നും വലിയ വീഴ്ച അധികൃതര്‍ക്കുണ്ടായെന്നും ആരോപണം ഉണ്ട്. നിലവില്‍ ആയിരത്തോളം സൈനികരെയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി നിയോഗിച്ചിരിക്കുന്നത്.