ട്രംപിനെ അനുകൂലിക്കുന്നവരെ എച്ചില്‍ക്കൂട്ടമെന്ന് വിളിച്ച യുഎസ് പ്രസിഡന്റ് ജോ ബൈഡന് മറുപടിയുമായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ്. മാലിന്യങ്ങള്‍ കൊണ്ടുപോകുന്ന ട്രക്കിന്‍റെ ഡ്രൈവറായി വേഷം ധരിച്ചെത്തിയാണ് ട്രംപ് മറുപടി നല്‍കിയത്. അതേസമയം, ഗര്‍ഭഛിദ്രത്തിനെതിരായ ട്രംപിന്‍റെ നടപടികള്‍ ആരോഗ്യരംഗത്ത് പ്രതിസന്ധിയുണ്ടാക്കിയെന്ന് കമല ഹാരിസ് ആരോപിച്ചു.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് അഞ്ച് ദിവസം മാത്രം ബാക്കി നില്‍ക്കെ മാലിന്യമാണ് പ്രധാനതിരഞ്ഞെടുപ്പ് ചര്‍ച്ചാവിഷയം. ട്രംപിന്‍റെ അനുയായികള്‍ എച്ചില്‍ക്കൂട്ടങ്ങളാണെന്ന ബൈഡന്‍റെ പരാമര്‍ശമാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രചരണായുധമാക്കിയിരിക്കുന്നത്. വിമാനത്തില്‍ നിന്നിറങ്ങി ട്രക്കിന്‍റെ ഡ്രൈവിങ് സീറ്റിലേക്ക് കയറിയ ശേഷമാണ് ട്രംപ് മാധ്യമങ്ങളോട് സംസാരിച്ചത്. അമേരിക്കന്‍ ജനതയെ എച്ചില്‍കൂട്ടമെന്ന് വിളിച്ച് ആക്ഷേപിച്ചത് ഒരിക്കലും അംഗീകരിക്കാനാകില്ല. ബൈഡനും കമലയും എച്ചില്‍ക്കൂട്ടമെന്ന് വിളിക്കുമ്പോള്‍ അമേരിക്കയുടെ ആത്മാവും ഹൃദയവുമെന്ന് നിങ്ങളെ വിളിക്കാനാണ് ആഗ്രഹിക്കുന്നത്.
വോട്ട് ചെയ്യുന്നതിന്‍റെ അടിസ്ഥാനത്തില്‍ ജനങ്ങളെ വിമര്‍ശിക്കുന്നതിനെ അംഗീകരിക്കുന്നില്ലെന്ന് കമല ഹാരിസ് വിശദീകരിച്ചു. ഹാസ്യതാരം ടോണി ഹിന്‍ച്ക്ലിഫ്, കടലില്‍ പൊന്തിക്കിടക്കുന്ന എച്ചില്‍ക്കൂട്ടമെന്ന് പ്യൂര്‍ട്ടോറിക്കക്കാരെ പരാമര്‍ശിച്ചതിനെ അപലപിച്ച് സംസാരിക്കുന്നതിനിടെയാണ് ബൈഡന്‍ ട്രംപിന്‍റെ അനുയായികളെക്കുറിച്ചും പറഞ്ഞത്. ബൈഡന്‍റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്ന് വൈറ്റ് ഹൗസ് വിശദീകരിച്ചു.
ട്രംപിന് പിന്നാലെ മറ്റ് റിപ്പബ്ലിക്കന്‍ നേതാക്കളും മാലിന്യം ശേഖരിക്കുന്ന വിഡിയോ പുറത്തിറക്കി. അതേസമയം, രാജ്യത്തെ സ്ത്രീകളെ സംരക്ഷിക്കുമെന്ന് സ്വിങ് സ്റ്റേറ്റുകളിലെ പ്രചരണത്തില്‍ കമല പറഞ്ഞു. ഗര്‍ഭഛിദ്രത്തിനെതിരായ ട്രംപിന്‍റെ നടപടികളും ട്രംപിന്‍റെ ഏകാധിപത്യ പ്രവണതകളും വിമര്‍ശിച്ചാണ് കമല അവസാനഘട്ട പ്രചരണം നടത്തുന്നത്. അതിനിടെ സ്വിങ് സ്റ്ററ്റുകളില്‍ ട്രംപ് മെച്ചപ്പെടുത്തുമെന്ന സൂചനകള്‍ക്കിടെ സര്‍വെകളില്‍ കമല ഹാരിസ് പിന്നിലായി.