പാഞ്ഞുവന്നൊരു കാര്‍ ഇടിച്ച് ചതഞ്ഞരഞ്ഞ അണ്ണാന്‍റെ കാഴ്ച മാർക്ക് ലോങ്ങോ എന്ന യുവാവിനെ വല്ലാത്ത വിഷമത്തിലാക്കി. അയാള്‍ വാഹനത്തില്‍ നിന്നറങ്ങി നോക്കുമ്പോള്‍ ആ അമ്മയ്ക്കരികില്‍ നിസ്സഹായനായി ഒരു കുഞ്ഞ് അണ്ണാന്‍ ഇരിക്കുന്നു. ആ കുഞ്ഞനെ കണ്ടിട്ട് അവനെ അവിടെ ഉപേക്ഷിച്ച് പോകാന്‍ ലോങ്ങോയ്ക്ക് മനസ്സു വന്നില്ല. ന്യൂയോര്‍ക്ക് നഗരത്തില്‍ നിന്നും അങ്ങനെയാണ് ‘പീനട്ട് അണ്ണാന്‍’ സമൂഹമാധ്യമത്തിലൂടെ മില്യണ്‍ കണക്കിന് ആളുകളുടെ ഹൃദയം കീഴടക്കിയത്.

ലോങ്ങോയും ഭാര്യ ഡാനിയേലയും അവന് പീനട്ട് എന്ന പേര് നല്‍കി. ‘പീനട്ട് ദ് സ്ക്വിറല്‍’ എന്ന പേരില്‍ ലോങ്ങോ ആ അണ്ണാന്‍ കുഞ്ഞിന്‍റെ പേരിലൊരു ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുറന്നു. അഞ്ചു മില്യണിലേറെ ഫോളോവേഴ്സാണ് പീനട്ട് അണ്ണാന് ഉണ്ടായത്. അവന്‍റെ കുസൃതിത്തരങ്ങള്‍ നിറഞ്ഞ വിഡിയോകള്‍ ലോങ്ങോ സ്ഥിരമായി സമൂഹമാധ്യമത്തില്‍ പങ്കുവച്ചു. എന്നാല്‍ അതിദാരുണമായ വാര്‍ത്തയാണിപ്പോള്‍ പുറത്തുവരുന്നത്.

പീനട്ടിനെ ദയാവധം ചെയ്തിരിക്കുന്നു. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കടിച്ചതിനു പിന്നാലെയാണ് ഈ ദാരുണസംഭവം. ഏഴുവര്‍ഷം പീനട്ട് ലോങ്ങോയ്ക്കൊപ്പം കഴ ിഞ്ഞു. എന്നാല്‍ ചില പരാതികള്‍ ഉയര്‍ന്നതോടെ ആരോഗ്യ വകുപ്പും പരിസ്ഥിതി വകുപ്പും പീനട്ടിനെതിരായി. 

അണ്ണാനെ നിയമവിരുദ്ധമായി ലോങ്ങോ കൈവശം വച്ചുവെന്ന് ചൂണ്ടിക്കാട്ടി അധികൃതര്‍ പീനട്ടിനെ കൊണ്ടുപോകാനെത്തി. പരിശോധനയ്ക്കിടെ അധികൃതരിലൊരാളെ പീനട്ട് കടിച്ചു. ഇതോടെ അണ്ണാന് പേവിഷബാധയുണ്ടെന്ന് സംശയിക്കുകയും റാബിസ് പരിശോധനയ്ക്കായി ദയാവധം നടത്തുകയുമായിരുന്നു. പീനട്ടിനെപ്പോലെ മുന്നൂറിലധികം ജീവികളെ ലോങ്ങോയും ഡാനിയേലയും പരിപാലിക്കുന്നുണ്ടായിരുന്നു. 

പീനട്ടിന്‍റെ മരണം ആരാധകരില്‍ നൊമ്പരമാകുകയാണ്. സമൂഹമാധ്യമത്തില്‍ പീനട്ടിന് ആദരാഞ്ജലികള്‍ നേര്‍ന്ന് ഒട്ടേറെപ്പേരാണ് രംഗത്തെത്തുന്നത്. ഇതില്‍ ഏറ്റവും ശ്രദ്ധയമായത് ടെസ്ല സി.ഇ.ഒ ഇലോണ്‍ മസ്കിന്‍റെ എക്സ് പോസ്റ്റാണ്. പീനട്ടിന് ആദരാഞ്ജലികള്‍ നേരുന്നു. ഡോണാള്‍ഡ് ട്രംപ് അണ്ണാന്മാരെ രക്ഷിക്കും എന്ന കുറിപ്പാണ് ഇലോണ്‍ മസ്ക് പങ്കുവച്ചിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിനായി മസ്ക് സജീവമായി രംഗത്തുണ്ട്. അതിന്‍റെ ഭാഗമാണ് ഈ പോസ്റ്റും.

ENGLISH SUMMARY:

Peanut, the Instagram-famous squirrel that was seized from its owner's home and euthanized by New York state officials.