പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന് ഒരു ദിവസം കൂടി ബാക്കിയുണ്ടെങ്കിലും കാത്തിരിക്കാൻ അമേരിക്കൻ വോട്ടർമാർ ഒരുക്കമല്ല. നേരത്തെ വോട്ടു ചെയ്യാനനുവദിക്കുന്ന ഏർലി വോട്ടിംഗ് സംവിധാനമുപയോഗിച്ച് കോടിക്കണക്കിനാളുകൾ അമേരിക്കയിൽ വോട്ടു ചെയ്തു കഴിഞ്ഞു. നേരത്തെ വോട്ട് ചെയ്യുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന വർധന എന്താണ് സൂചിപ്പിക്കുന്നതെന്നാണ് അമേരിക്കയും ലോകരാഷ്ട്രങ്ങളും ഉറ്റുനോക്കുന്നത്.
യൂണിവേഴ്സിറ്റി ഓഫ് ഫ്ളോറിഡയുടെ ഇലക്ഷൻ ലാബിന്‍റെ കണക്ക് പ്രകാരം എട്ടു കോടിയോളം അമേരിക്കൻ വോട്ടർമാർ ഇപ്പോൾ തന്നെ വോട്ടു രേഖപ്പെടുത്തിക്കഴിഞ്ഞു. 2020ൽ പത്തു കോടിയിലധികം പേരാണ് നേരത്തേ വോട്ട് രേഖപ്പെടുത്തിയത്. അത് കോവിഡ് കാലത്തെ സ്വാഭാവിക പ്രതിഭാസമായാണ് വിലയിരുത്തപ്പെട്ടത്. ഇത്തവണയും അതേ ട്രെൻഡ് തുടരുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
നേരത്തേ വോട്ട് ചെയ്തവരിൽ നാല് കോടിയിലധികം പേർ പ്രത്യേകം തയാറാക്കിയ പോളിങ് ബൂത്തിൽ എത്തിയാണ് വോട്ട് ചെയ്തത്. മറ്റുള്ളവർ തപാൽ വഴി ലഭിക്കുന്ന ബാലറ്റിലൂടെയും. ഇതുവരെ വോട്ട് ചെയ്തവരിൽ 38 ശതമാനത്തോളം പേർ കമല ഹാരിസിന്റെ ഡെമോക്രാറ്റിക് പാർട്ടിയോടും 36 ശതമാനം പേർ ഡൊണാൾഡ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയോടും ആഭിമുഖ്യം വ്യക്തമാക്കിയിട്ടുള്ളവരാണ്. ബാക്കിയുള്ളവർ രാഷ്ട്രീയാഭിമുഖ്യം വെളിപ്പെടുത്തിയിട്ടില്ലാത്തവരും.
40 വയസിനു മുകളിലുള്ളവരാണ് നേരത്തേ വോട്ട് ചെയ്യാനുള്ള സൗകര്യം കൂടുതലും ഉപയോഗിച്ചിട്ടുള്ളത്.
നീണ്ട ക്യൂ, പ്രതികൂല കാലാവസ്ഥ, അവസാന നിമിഷത്തെ തടസങ്ങൾ എന്നിവ ഒഴിവാക്കമാണെന്നതാണ് നേരത്തെ വോട്ടു ചെയ്യുന്നതിന്റെ പ്രധാന നേട്ടം. എന്നാൽ പല ഏർലി വോട്ടിംഗ് കേന്ദ്രങ്ങളിലും നീണ്ട ക്യു കാണാമായിരുന്നു. 45 ലക്ഷത്തിലധികം പേർ വോട്ട് ചെയ്ത നോർത്ത് കാരൊളൈന സംസ്ഥാനമാണ് ഏർലി വോട്ടിംഗ് പട്ടികയിൽ മുന്നിലുള്ളത്.
കടുത്ത മത്സരം നടക്കുന്ന ഏഴു സംസ്ഥാനങ്ങളിലൊന്നാണ് നോർത്ത് കരോലിന. മുൻകാലങ്ങളിൽ ഏർലി വോട്ടിങ്ങിനോട് അത്ര ആഭിമുഖ്യം കാണിച്ചിട്ടില്ലാത്ത റിപ്പബ്ലിക്കൻ പാർട്ടിയും ഡൊണാൾഡ് ട്രംപും ഇത്തവണ ആളുകളോട് നേരത്തെ വോട്ട് ചെയ്യാൻ അഭ്യർത്ഥിച്ചിരുന്നു. ഉറപ്പുള്ള വോട്ടുകൾ ഒന്നുപോലും അവസാന നിമിഷത്തേക്ക് കാത്തിരുന്ന് പാഴാക്കി കളയേണ്ട എന്ന ലക്ഷ്യമാവാം ഇതിനു പിന്നിലെന്നാണ് കരുതപ്പെടുന്നത്.