യുഎസില്‍ വിനോദത്തിനായുള്ള മരിജുവാന നിയമവിധേയമാക്കുമെന്ന് ആവര്‍ത്തിച്ച് കമല ഹാരിസ്. തിരഞ്ഞെടുപ്പില്‍ അട്ടിമറി നീക്കം ആരോപിച്ച് ഡോണള്‍ഡ് ട്രംപ്. വോട്ടെടുപ്പിന് ഒരു ദിവസം ബാക്കിനില്‍ക്കെ സ്വിങ് സ്റ്റേറ്റുകള്‍ ഇളക്കിമറിച്ചുള്ള പ്രചാരണം നടത്തുകയാണ് ഇരുവരും.
മരിജുവാന ഉപയോഗം നിയമവിധേയമാക്കുന്നത് അമേരിക്കയിലെ പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് വിഷയങ്ങളിലൊന്നാണ്. 56 ശതമാനത്തിലേറെ യുഎസ് പൗരന്‍മാര്‍ക്കും മരിജുവാന നിയമവിധേയമാക്കണമെന്ന അഭിപ്രായമാണ്. 21 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് നിയന്ത്രിത അളവില്‍ മരിജുവാന കൈവശം വയ്ക്കാന്‍ അനുവദിക്കുന്ന നിയമം കൊണ്ടുവരുമെന്ന കമലയുടെ വാഗ്ദാനത്തിന് അതുകൊണ്ടുതന്നെ കയ്യടിയേറെയാണ്. എന്നാല്‍ ഓരോ സംസ്ഥാനങ്ങളും നിലപാട് എടുക്കട്ടെ എന്ന നിലപാടിലായിരുന്ന ട്രംപ് ഇപ്പോള്‍ അല്‍പം മയപ്പെട്ടിട്ടുണ്ട്.
അബോര്‍ഷന്‍ നിയമവിധേയമാക്കണം എന്നതടക്കം പുരോഗമന നിലപാടുകള്‍ ആവര്‍ത്തിച്ചു പറയുന്ന കമല സ്വിങ് സ്റ്റേറ്റുകളില്‍ വാഗ്ദാനപ്പെരുമഴയൊഴുക്കുകയാണ്. തിരഞ്ഞെടുപ്പില്‍ അട്ടിമറിക്ക് നീക്കം നടക്കുന്നുവെന്ന് ഒരുമുഴം മുന്നേ എറിഞ്ഞു ട്രംപ്. പെനിസില്‍വാനിയ, വിസ്കോന്‍സിന്‍, നെവാഡ, മിഷിഗണ്‍, അരിസോണ, നോര്‍ത്ത് കാരൊളൈന, ജോര്‍ജിയ തുടങ്ങിയ സ്വിങ് സ്റ്റേറ്റുകളിലാണ് അവസാനഘട്ടത്തിലെ തീവ്രപ്രചാരണം കേന്ദ്രീകരിച്ചിരിക്കുന്നത്.
ഏഴിടത്തും ട്രംപ് ഒരു പടി മുന്നിലാണെന്നാണ് സര്‍വേ ഫലങ്ങള്‍. ആകെയുള്ള 538 ഇലക്ടറല്‍ വോട്ടുകളില്‍ 93 എണ്ണവും ഈ സംസ്ഥാനങ്ങളിലായതുകൊണ്ട് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ് ചാഞ്ചാട്ട സംസ്ഥാനങ്ങള്‍. യുക്രെയിന്‍, ഇസ്രയേല്‍ ഗാസ യുദ്ധങ്ങളുടെയടക്കം ഭാവി നിര്‍ണയിക്കുന്ന സുപ്രധാന അധികാരത്തിലേക്ക് ആരെത്തും എന്നറിയാന്‍ ലോകം കാത്തിരിക്കുന്നു.