വെല്ലുവിളികളും വാഗ്വാദങ്ങളുമായി യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ അമേരിക്കയിലെ മലയാളികളും ആവേശത്തിലാണ്. റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപും ഇന്ത്യൻ വംശജയായ കമല ഹാരിസും തമ്മിലുള്ള മല്‍സരം ചരിത്രപ്രധാനമെങ്കിലും പ്രചാരണത്തിലെ വിദ്വേഷം അതിരുകടക്കുന്നെന്ന ആശങ്കയും അവർക്കുണ്ട്.
വിസ്കോൺസിൻ സംസ്ഥാനത്തെ ചെറുപട്ടണമായ മിൽവോക്കിയിൽ മലയാളികളുടെ എണ്ണം കുറവാണ്. ആകെ അറുന്നൂറോളംപേര്‍. പലരും വര്‍ഷങ്ങള്‍ക്കു മുമ്പേ അമേരിക്കയിലെത്തിയവർ. പല തിരഞ്ഞെടുപ്പുകളിലും വോട്ട് ചെയ്തവർ. എന്നാൽ മുന്പൊന്നൊം ഇത്ര കലുഷിതമായിരുന്നില്ല അമേരിക്കന്‍ രാഷ്ട്രീയമെന്നാണ് ഇവര്‍ പറയുന്നത്. പോർവിളിയും വ്യക്തിപരമായ അധിക്ഷേപങ്ങളും അതിരു കടക്കുന്നു. ആശയപരമായ ഭിന്നതയെക്കാൾ വംശീയമായ എതിർപ്പ് പ്രചാരണവിഷയമാകുന്നു.
പ്രചാരണത്തിന്റെ ഭാഷയിൽ ആശങ്കയുണ്ടെങ്കിലും കമല ഹാരിസിന്റെ സ്ഥാനാർത്ഥിത്വം മലയാളി സ്ത്രീകൾക്കിടയിലും ആവേശമുണ്ടാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ അനുകൂലിക്കുന്നവരെക്കൊണ്ട് വോട്ട് ചെയ്യിക്കലാണ് പാർട്ടികളുടെ തലവേദനയെന്നു കരുതുന്നവരുമുണ്ട്. അമേരിക്കക്കാർ വോട്ട് ചെയ്താലുമില്ലെങ്കിലും ഏർലി വോട്ടിങ് സൗകര്യമുപയോഗിച്ച് നേരത്തേ വോട്ട് ചെയ്ത മലയാളി ചെറുപ്പക്കാരുമുണ്ട്.