വായു ഗുണനിലവാര സൂചിക പ്രകാരം പാകിസ്ഥാനിലെ ലാഹോറില്‍ അന്തരീക്ഷമലിനീകരണം അതീവ ഗുരുതരം. ഞായറാഴ്ച 1,900 ആയി എക്യുഐ ഉയർന്നു. എക്യുഐ 300 ന് മുകളിലായാല്‍ തന്നെ വായു നിലവാരം അങ്ങേയറ്റം അപകടമാണെന്നിരിക്കെയാണ് ലാഹോറില്‍ ഇത് 1000 കടക്കുന്നത്. ലോകാരോഗ്യ സംഘടന നിർവചിച്ചിരിക്കുന്ന പരിധിയേക്കാൾ കുറഞ്ഞത് ആറിരട്ടിയെങ്കിലും മോശമാണ് 14 ദശലക്ഷം ആളുകള്‍ താമസിക്കുന്ന ലാഹോറിലെ വായു ഗുണനിലവാരം.
വായുമലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് അടിയന്തര നടപടികളിലേക്ക് കടന്നിരിക്കുകയാണ് സര്‍ക്കാറും. ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രൈമറി സ്കൂളുകൾ അടച്ചു. ആളുകളോട് വീടുകളിൽ തന്നെ തുടരാനും വാതിലുകളും ജനലുകളും അടച്ചിടാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും അഭ്യർത്ഥിച്ചിട്ടുണ്ടെന്നും ആശുപത്രികളിൽ സ്മോഗ് കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ടെന്നും പഞ്ചാബിലെ മുതിർന്ന മന്ത്രി മറിയം ഔറംഗസേബ് പറഞ്ഞു. മലിനീകരണ തോത് കുറയ്ക്കുന്നതിനായി മുച്ചക്ര വാഹനങ്ങൾക്ക് സർക്കാർ നിരോധനം ഏർപ്പെടുത്തുകയും ചില പ്രദേശങ്ങളിൽ നിർമ്മാണം നിർത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്.
അന്തരീക്ഷ മലിനീകരണം രൂക്ഷമായതിന് പാകിസ്ഥാന്‍ പഴിക്കുന്നത് അയല്‍രാജ്യമായ ഇന്ത്യയെയാണ്. പ്രാദേശികവും ആഗോളവുമായ പ്രശ്നമെന്ന നിലയിൽ കാലാവസ്ഥാ നയതന്ത്രം തങ്ങള്‍ക്ക് ആവശ്യമാണെന്നും ഇന്ത്യയിൽ നിന്ന് വരുന്ന കിഴക്കൻ കാറ്റ് കാരണം ലാഹോര്‍ കഷ്ടപ്പെടുകയാണ്, ഞങ്ങൾ ആരെയും കുറ്റപ്പെടുത്തുന്നില്ല, ഇതൊരു സ്വാഭാവിക പ്രതിഭാസമാണെന്നും പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന സെക്രട്ടറി രാജാ ജഹാംഗീർ അൻവർ സിഎൻഎന്നിനോട് പറഞ്ഞു.
അതേസമയം, തിങ്കളാഴ്ച ഉച്ചയോടെ ഡൽഹിയിലെ വായു ഗുണനിലവാര സൂചിക 276 ആയി.151-200 വരെ ഉയർന്ന എക്യുഐ അനാരോഗ്യകരമാണെന്നാണ് കണക്കാക്കപ്പെടുന്നത്. അതേസമയം 201-നും 300-നും ഇടയിലുള്ള എക്യുഐ കൂടുതൽ ദോഷകരവും 300-ന് മുകളിലുള്ള എക്യുഐ അങ്ങേയറ്റം അപകടകരവുമാണ്. ഷിക്കാഗോ യൂണിവേഴ്സിറ്റിയിലെ എനർജി പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കണക്കനുസരിച്ച്, ലോകാരോഗ്യ സംഘടന സുരക്ഷിതമെന്ന് കരുതുന്ന അളവിലും മോശമാണ് ലാഹോറിലെ വായു മലിനീകരണം. ഇത് ലാഹോർ നിവാസികളുടെ ആയുർദൈർഘ്യം ശരാശരി 7.5 വർഷം കുറയ്ക്കുന്നുണ്ട്.