തന്‍റെ 11 മക്കള്‍ക്കും അവരുടെ അമ്മമാര്‍ക്കും താമസിക്കാനായി 300 കോടിരൂപ വില വരുന്ന വീട് വാങ്ങി ഇലോണ്‍ മസ്ക്. മസ്കിന്‍റെ ടെക്സാസിലെ താമസസ്ഥലത്ത് നിന്ന് 10 മിനിറ്റ് സഞ്ചരിച്ചാല്‍ പുതിയ വീട്ടിലെത്താം. സ്വകാര്യതയ്ക്ക് ഭംഗം വരാതെയിരിക്കാന്‍ പുതിയ വീട് വാങ്ങുന്നതുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും രഹസ്യമായാണ് മസ്ക് നടത്തിയത്. വസ്തുവകകള്‍ വില്‍ക്കുന്നവരോട് ഇടപാടിന്‍റെ വിവരങ്ങള്‍ പുറത്തുവിടരുതെന്ന കരാറില്‍ മസ്ക് ഒപ്പുവയ്പ്പിച്ചു. വിപണി വിലയേക്കാള്‍ 70% കൂടുതല്‍ നല്‍കാനും മസ്ക് തയ്യാറായി എന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍.
പരസ്പരം നടന്നെത്താവുന്ന ദൂരത്തിൽ മൂന്ന് വ്യത്യസ്ത വീടുകളാണ് ഈ പ്രോപ്പർട്ടിയിൽ സ്ഥിതിചെയ്യുന്നത്. ഇതിലെ പ്രധാന വീട് 14,400 വിസ്തീർണ്ണമുള്ള ഒരു കൂറ്റൻ ബംഗ്ലാവാണ്. ആറ് ബെഡ്റൂമുകളാണ് ഇതിലുള്ളത്. 35 ദശലക്ഷം ഡോളറാണ് ഇതിനായി മസ്ക് ചെലവഴിച്ചിരിക്കുന്നത്.
മസ്കിന്‍റെ നിലവിലെ പങ്കാളിയായ ഷിവൺ സിലിസും മൂന്നു മക്കളും ഇതിനോടകം പുതിയ വീട്ടിലേക്ക് താമസം മാറിക്കഴിഞ്ഞു എന്നാണ് വിവരം. എന്നാൽ മുൻ ഭാര്യ ജസ്റ്റിൻ വിൽസണും അഞ്ചുമക്കളും ഇവിടേക്ക് താമസം മാറുന്നത് സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. മക്കളുടെ ഒപ്പം നിര്‍ത്തുന്നതുമായി ബന്ധപ്പെട്ടുള്ള നിയമനടപടികള്‍ തുടരുന്നതിനാല്‍ മറ്റൊരു പങ്കാളിയായിരുന്ന ഗ്രീംസും പുതിയ വീട്ടില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുകയാണ്.
ഏതാനും വർഷങ്ങളായി ടെക്സസ് പ്രധാന താമസസ്ഥലമാക്കി മാറ്റാന്‍ ഇലോണ്‍ മസ്ക് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി നാലുവർഷം മുൻപ് തന്‍റെ ഏഴ് ബംഗ്ലാവുകൾ അദ്ദേഹം വിറ്റഴിച്ചിരുന്നു. ഇവയിൽ ആറെണ്ണം ലൊസാഞ്ചലസിലും ഒരെണ്ണം കലിഫോർണിയയിലുമാണ്. നിലവിൽ മസ്ക് താമസിക്കുന്ന കോംപാക്ട് ഹൗസ് 50000 ഡോളർ മാത്രം ചെലവാക്കി വാങ്ങിയതാണ്. ഒരു കിടപ്പുമുറി, ലിവിങ് ഏരിയ, അടുക്കള, ബാത്റൂം എന്നിങ്ങനെ പരിമിതമായ സൗകര്യങ്ങൾ മാത്രം ഉൾപ്പെടുന്ന വീട് ബോക്സബിൾ എന്ന കമ്പനിയിൽ നിന്നുമാണ് മസ്ക് വാങ്ങിയത്. മക്കൾക്കൊപ്പം തനിക്ക് ഒരുമിച്ച് സമയം പങ്കിടാനും മക്കൾക്ക് പരസ്പരം ഇടപഴകാനുമുള്ള അവസരം ഒരുക്കുക എന്നതാണ് പുതിയ വീടുകള്‍ വാങ്ങിയതിലൂടെ മസ്ക് ലക്ഷ്യമിടുന്നത്.
ജനസംഖ്യ കുറയുന്നത് തടയാന്‍ ആളുകള്‍ക്ക് കൂടുതല്‍ കുട്ടികളുണ്ടാകേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് മസ്ക് നേരത്തെ പരസ്യമായി സംസാരിച്ചിരുന്നു. ഗൂഗിള്‍ സഹസ്ഥാപകന്‍ സെര്‍ജി ബ്രിന്നിന്‍റെ മുന്‍ ഭാര്യ നിക്കോള്‍ ഷാനഹാന്‍ ഉള്‍പ്പെടെയുള്ള സുഹൃത്തുക്കള്‍ക്കും പരിചയക്കാര്‍ക്കും തന്‍റെ ബീജം വാഗ്ദാനം ചെയ്തതായും മസ്ക് വെളിപ്പെടുത്തിയിരുന്നു.