സ്വർണവില മുതൽ ഗാസ യുദ്ധം വരെ അമേരിക്കയുടെ പുതിയ നേതാവ് പ്രത്യക്ഷമായും പരോക്ഷമായും സ്വാധീനിക്കുന്ന വിഷയങ്ങൾ ലോകമാകെ പ്രാധാന്യമുള്ളതാണ്. പ്രധാനപ്പെട്ട വിഷയങ്ങളിൽ ട്രംപും കമലയും സ്വീകരിക്കുന്ന നിലപാടുകളിലും കടുത്ത വൈരുദ്ധ്യമുണ്ട്.
ഇസ്രയേൽ– ഗാസ, യുക്രെയിൻ യുദ്ധങ്ങളിലെ നിലപാടുകളാണ് പുതിയ പ്രസിഡന്‍റ് ചുമതല കേൾക്കുമ്പോൾ ലോകം ഉറ്റു നോക്കുന്നത്. സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലിന്‍റെ അവകാശത്തിനൊപ്പമാണ് കമലയും ഡെമോക്രാറ്റിക് പാർട്ടിയും നിലകൊണ്ടിരിക്കുന്നത്. അധികാരത്തിൽ എത്തിയാൽ യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കാൻ ഉള്ള വഴി തേടുമെന്ന് ട്രംപ് വ്യക്തമാക്കി കഴിഞ്ഞു.
കീവിലെ യുദ്ധമേഖലയിൽ നേരിട്ട് സന്ദർശനം നടത്തിയ ജോ ബൈഡൻ നൽകി വന്ന സൈനീകവും സാമ്പത്തികവുമായ സകല പിന്തുണയും തുടരുമെന്നതാണ് കമലയുടെ പക്ഷം. ട്രംപാകട്ടെ അധികാരത്തിൽ എത്തിയാൽ 24 മണിക്കൂറിനുള്ളിൽ റഷ്യയും ഉക്രെയിനും തമ്മിൽ ഒത്തുതീർപ്പാക്കും എന്ന് കടത്തി പറഞ്ഞു.
സ്വന്തം കുടിയേറ്റ പാരമ്പര്യം കൂടി മുന്നോട്ടുവച്ച കമല കുടിയേറ്റക്കാർക്കായി നിലകൊള്ളുന്നു. ട്രംപാകട്ടെ അമേരിക്കൻ അതിർത്തികൾ അടച്ചുപൂട്ടണം എന്ന നിലപാടുള്ള തീവ്രദേശീയവാദിയും. കാലാവസ്ഥ വ്യതിയാനം അംഗീകരിച്ച് പരിസ്ഥിതി സംരക്ഷണത്തിന് ഊന്നൽ നൽകുന്നതാണ് കമലയുടെ നിലപാട്. പരിസ്ഥിതി ശാസ്ത്രത്തെ തട്ടിപ്പ് എന്ന് വിളിച്ച ട്രംപ് അധികാരത്തിൽ ഇരുന്നപ്പോൾ പരിസ്ഥിതി സംരക്ഷണ നിയമങ്ങൾ ഓരോന്നായി എടുത്തുമാറ്റിയതാണ് ചരിത്രം.
അമേരിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയമായ അബോർഷൻ നിയമത്തിൽ സ്ത്രീപക്ഷത്തുനിന്നുള്ള കമലയുടെ പുരോഗമന നിലപാട് മാർപാപ്പയുടെ വിമർശനം ഏറ്റുവാങ്ങി. ട്രംപാവട്ടെ ഈ വിഷയത്തിൽ എങ്ങും തൊടാതെ സ്ത്രീ വോട്ടർമാരെ പിണക്കാതിരിക്കാൻ ഉഴപ്പൻ നിലപാടിലാണ്. ട്രംപ് കൊണ്ടുവന്ന ഇറക്കുമതി ചുങ്കം അമേരിക്കയെ തകർത്തെന്നു കമല. ചുരുക്കത്തിൽ വിദേശ നയത്തിലും ആഭ്യന്തര വിഷയങ്ങളിലും അമേരിക്കയെടുക്കുന്ന ഓരോ ചുവടും ലോകമാകെ നിർണായകമാണ്. അമേരിക്കയുടെ മനസ്സ് ഇതിൽ ഏതു നിലപാടിനൊപ്പം ആണ് എന്നറിയാൻ കാത്തിരിക്കാം.