യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ 270 ഇലക്ടറല്‍ വോട്ടുകളെന്ന മാജിക് സംഖ്യയിലേക്ക് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ്. സ്വിങ്സ്റ്റേറ്റുകളിലടക്കം വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ട്രംപിന്‍റെ മുന്നേറ്റം. സെനറ്റിലും റിപ്പബ്ലിക്കന്‍ ആധിപത്യമാണ്. 267 ഇലക്ടറല്‍ വോട്ടുകളാണ് ട്രംപിന് നിലവിലുള്ളത്. കമലയ്ക്ക് 224 വോട്ടുകളും.
അമേരിക്ക കാണാത്ത രാഷ്ട്രീയ മുന്നേറ്റമാണിതെന്നും നോര്‍ത്ത് കാരൊളൈനയിലെയും ജോര്‍ജിയയിലെയും ജനങ്ങളുടെ സ്നേഹത്തിന് നന്ദിയെന്നും ട്രംപ് പറഞ്ഞു. പോപ്പുലര്‍ വോട്ടില്‍ മുന്നിലെത്തിയതും സെനറ്റില്‍ ശക്തരായതും ഗംഭീരനേട്ടമെന്ന് ട്രംപ് വിശേഷിപ്പിച്ചു. ദൈവം തന്‍റെ ജീവന്‍ രക്ഷിച്ചതിന് ഒരു കാരണമുണ്ട്. അമേരിക്കയെ വീണ്ടും മഹത്തരമാക്കുമെന്നും ട്രംപ് അനുയായികളെ അഭിസംബോധന ചെയ്ത് പറഞ്ഞു. 'ഏറ്റവും മികച്ച ജോലിയാണ് അമേരിക്കന്‍ ജനത എന്നെ ഏല്‍പ്പിച്ചിരിക്കുന്നത്. ആദ്യടേമില്‍ വളരെ ലളിതമായ ശൈലിയാണ് സ്വീകരിച്ചത്. വാഗ്ദാനങ്ങള്‍ നല്‍കി, വാഗ്ദാനങ്ങള്‍ പാലിച്ചു. അതുതന്നെ ഇനിയും തുടരു'മെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഏറ്റവുമധികം ഇലക്ടറല്‍ വോട്ടുകളുള്ള പെനിസില്‍വേനിയയും പിടിച്ചെടുത്തതോടെയാണ് ട്രംപിന്‍റെ ആധിപത്യം പൂര്‍ണമായത്. അതേസമയം, ഇന്നത്തെ ഡമോക്രാറ്റിക് വാച്ച്പാര്‍ട്ടിയില്‍ കമല ഹാരിസ് പങ്കെടുക്കില്ല. നാളെ സംസാരിക്കുമെന്ന് പാര്‍ട്ടി അറിയിച്ചു.