റഷ്യ–യുക്രെയ്ന്‍ യുദ്ധത്തില്‍ ഉത്തരകൊറിയന്‍ സൈനികരുടെ സാന്നിധ്യം സ്ഥിരീകരിച്ച് അമേരിക്ക. യുക്രെയ്ന്‍ കയ്യടക്കിയ കുര്‍ക്സ് മേഖലയിലാണ് യുക്രെയ്ന്‍–ഉത്തരകൊറിയന്‍ സൈനികര്‍ നേര്‍ക്കുനേര്‍ വന്നത്. സംഘര്‍ഷം അധികസമയം നീണ്ടുനിന്നില്ലെങ്കിലും യുക്രെയ്ന്‍ യുദ്ധത്തിന്‍റെ ആകെ സ്വഭാവത്തില്‍ മാറ്റം വരുത്താന് പോന്നതാണ് ഈ നീക്കം. ഉത്തരകൊറിയന്‍ സൈനികര്‍ക്കുനേരെ ഷെല്ലാക്രമണം നടത്തിയെന്ന് യുക്രെയ്ന്‍ സെക്യൂരിറ്റി കൗണ്‍സില്‍ അംഗം ആന്ദ്രി കൊവലെങ്കോ വെളിപ്പെടുത്തി. യുക്രെയ്നില്‍ റഷ്യ ആക്രമണം തുടങ്ങിയിട്ട് ആയിരം ദിവസം തികയാനിരിക്കേയാണ് മറ്റൊരു രാജ്യത്തിന്‍റെ സൈന്യം കൂടി യുദ്ധത്തില്‍ നേരിട്ട് പങ്കെടുക്കുന്നത്.
പ്രസിഡന്റ് വ്ലാദിമിര്‍ പുടിനും ഉത്തരകൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്നും തമ്മിലുള്ള ധാരണപ്രകാരം ഉത്തരകൊറിയ 12000 സൈനികരെ റഷ്യയിലേക്കയച്ചെന്നാണ് വിവരം. കുര്‍സ്കില്‍ റഷ്യയുടെ 810 സെപ്പറേറ്റ് നേവല്‍ ഇന്‍ഫന്‍ട്രി ബ്രിഗേഡിനൊപ്പം ചേര്‍ന്നാണ് ഉത്തരകൊറിയന്‍ സൈനികര്‍ യുക്രെയ്ന്‍ സൈനികരെ നേരിടുന്നത്. യുക്രെയ്ന്‍ ഷെല്ലിങ്ങില്‍ നിരവധി കൊറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന് മുതിര്‍ന്ന അമേരിക്കന്‍ പ്രതിരോധ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ആക്രമണത്തിന്‍റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ യുക്രെയ്ന്‍ അധികൃതര്‍ മുതിര്‍ന്നില്ല.
ഉത്തരകൊറിയന്‍ സൈനികരെ റഷ്യ പൂര്‍ണമായി വിന്യസിച്ചിട്ടില്ലെങ്കിലും പല പോര്‍മുഖങ്ങളിലും ഇവരുടെ സാന്നിധ്യം സ്ഥിരീകരിച്ചെന്ന് യുഎസ്, യുക്രെയ്ന്‍ ഇന്‍റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. പുതിയ ഭീഷണി നേരിടാന്‍ സഹായിക്കണമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്കി സഖ്യരാഷ്ട്രങ്ങളോട് അഭ്യര്‍ഥിച്ചു.