പുതിയ ഹെയര്‍സ്റ്റൈല്‍ ഇഷ്ടമാകാത്തതിനെ തുടര്‍ന്ന് കാമുകിലെ കുത്തിക്കൊലപ്പെടുത്തിയ 49കാരന്‍ പിടിയല്‍. അമേരിക്കയിലെ പെന്‍സില്‍വാനിയയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. 50-കാരി കാര്‍മെന്‍ മാര്‍ട്ടിനസ് സില്‍വയാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്. പ്രതിയായ ബെഞ്ചമിന്‍ ഗാര്‍സിയ ഗുവല്‍ എന്നയാളെ സംഭവസ്ഥലത്ത് നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു. മുടിവെട്ടിയതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. കാമുകന്‍ ബെഞ്ചമിന്‍ കൊല്ലുമെന്ന ഭയത്തില്‍ സഹോദരന്‍റെ വീട്ടിലേക്ക് മാറിയ കാര്‍മെനെ, അവിടെയെത്തിയാണ് ബെഞ്ചമിന്‍ കൊലപ്പെടുത്തിയത്.
കാര്‍മെന്‍ മുടി മുറിച്ച് വീട്ടിലെത്തിയ നിമിഷം മുതല്‍ ബെഞ്ചമിന്‍ അസ്വസ്ഥനായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തുടര്‍ന്ന് പുതിയ ഹെയര്‍സ്റ്റൈലിനെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. വീട്ടില്‍ നില്‍ക്കുന്ന ജീവന് അപകടമാണെന്ന് മനസിലാക്കിയ കാര്‍മെന്‍ ഉടന്‍ തന്നെ മകളുടെ വീട്ടിലേക്ക് താമസം മാറാന്‍ തീരുമാനിച്ചു. എന്നാല്‍, അവിടെ നില്‍ക്കുന്നത് മകളുടെ സുരക്ഷയെ കൂടി ബാധിക്കുമെന്ന് തോന്നിയ കാര്‍മെന്‍, പിന്നീട് തന്റെ സഹോദരന്‍റെ വീട്ടിലേക്ക് പോകുകയായിരുന്നു. ഇതിനിടയില്‍ ബെഞ്ചമിനുമായുളള സകലബന്ധവും തീര്‍ന്നെന്നും കാര്‍മെന്‍ സുഹൃത്തിനെ വിളിച്ചറിയിക്കുകയും ചെയ്തു.
കാര്‍മെനെ കാണാനായി ബെഞ്ചമിന്‍ സഹോദരന്‍റെ വീട്ടിലെത്തി. എന്നാല്‍ കാര്‍മെന്‍ വീട്ടില്‍ വന്നിട്ടില്ലെന്ന് പറഞ്ഞ് സഹോദരന്‍ ബെഞ്ചമിനെ മടക്കി അയച്ചു. തിരികെ പോയ ബെഞ്ചമില്‍ അല്‍പം സമയത്തിനകം ഒരു കത്തിയുമായി തിരിച്ചെത്തി. ബെല്ലടികേട്ട് വാതില്‍ തുറന്ന സഹോദരന്‍ ബെഞ്ചമിനെ അകത്ത് കയറാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് കാര്‍മെന്‍റെ സഹോദരനെ ബെഞ്ചമിന്‍ കുത്തിപ്പരുക്കേല്‍പ്പിച്ചു. സഹോദരന്‍റെ നിലവിളി കേട്ട് ഓടിയെത്തിയ കാര്‍മെനു നേരെയായി പിന്നീടുള്ള ആക്രമണം.
കാര്‍മെനെ രക്ഷിക്കാനെത്തിയ ചിലരെയും ബെഞ്ചമിന്‍ ആക്രമിച്ചു. വിവരം അറിഞ്ഞ് പൊലീസ് എത്തുമ്പോഴേയക്കും കാര്‍മെന്‍ മരണത്തിന് കീഴടങ്ങിയിരുന്നു. കാര്‍മെന്‍റെ മൃതദേഹത്തിനരികിലായി കത്തിയുമായി കിടക്കുകയായിരുന്ന ബെഞ്ചമിനെ പൊലീസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുക്കുകയായിരുന്നു.