വയറില്‍ കൊഴുപ്പടിഞ്ഞതാണെന്ന് പറഞ്ഞ് ഡോക്ടര്‍മാര്‍ മരുന്ന് നല്‍കി അയച്ച 59കാരന്‍റെ വയറിനുള്ളില്‍ നിന്ന് 27 കിലോയുള്ള മുഴ നീക്കം ചെയ്തു. കാന്‍സറിന് കാരണമായ മുഴയാണ് നോര്‍വേക്കാരനായ തോമസ് ക്രൗട്ടിന്‍റെ വയറ്റില്‍ വളര്‍ന്നുവന്നിരുന്നത്. 12 വര്‍ഷമായി താന്‍ ഇതേ പ്രശ്നമുന്നയിച്ച് ഡോക്ടര്‍മാരെ കണ്ടിരുന്നുവെന്നും എന്നാല്‍ കൊഴുപ്പും കുടവയറുമാണെന്ന് പറഞ്ഞ് അതിനുള്ള മരുന്നാണ് ഡോക്ടര്‍മാര്‍ നല്‍കിയിരുന്നതെന്നുമാണ് തോമസ് പറയുന്നത്. വര്‍ഷങ്ങളോളം താന്‍ പോഷകാഹാരക്കുറവിനുള്ള മരുന്ന് വരെ കഴിച്ചുവെന്നും തോമസ് വെളിപ്പെടുത്തുന്നു.
വയര്‍ അകാരണമായി വീര്‍ത്ത് വരുന്ന പ്രശ്നവുമായി 2011 ലാണ് തോമസ് ഡോക്ടറെ സമീപിച്ചത്. വിശദമായ പരിശോധനയില്‍ ടൈപ്പ് 2 പ്രമേഹം സ്ഥിരീകരിച്ചു. തൊട്ടടുത്ത വര്‍ഷം ഡോക്ടറെ കാണാനെത്തിയപ്പോള്‍ പ്രമേഹവും സ്ഥിരീകരിച്ചു. ഇത് കൊഴുപ്പല്ലെന്നും മറ്റെന്തെക്കയോ പ്രശ്നങ്ങളുണ്ടെന്നും തോമസ് പറഞ്ഞെങ്കിലും ഡോക്ടര്‍മാര്‍ക്ക് ഒന്നും കണ്ടെത്താനായില്ല. ഒടുവില്‍ ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് വിധേയനാകാന്‍ തോമസിനെ ഡോക്ടര്‍മാര്‍ അനുവദിച്ചു. ഈ ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി പ്രമേഹത്തിനുള്ള മരുന്നും നല്‍കി. മുഖവും കൈകളുമെല്ലാം വല്ലാതെ മെലിഞ്ഞു. വയറുമാത്രം ഉന്തി നില്‍ക്കാന്‍ തുടങ്ങി. ഇതോടെ ഡോക്ടര്‍ പോലും തോമസിന് പോഷകാഹാരക്കുറവുണ്ടോ എന്ന് സംശയിച്ചു. ഒടുവില്‍ നടത്തിയ സിടി സ്കാനിലാണ് വയറിനുള്ളില്‍ ഭീമന്‍ മുഴയുണ്ടെന്ന് തിരിച്ചറിഞ്ഞത്.
ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ 10 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഭീമന്‍ മുഴ നീക്കം ചെയ്തത്. പക്ഷേ കാന്‍സര്‍ കോശങ്ങള്‍ ഇതിനകം തോമസിന്‍റെ ശരീരത്തില്‍ കടന്നുകൂടിയിരുന്നു. മുഴ കണ്ടെത്താന്‍ വൈകിയതിനെ തുടര്‍ന്ന് സാരമായ ആരോഗ്യപ്രശ്നങ്ങളാണ് തോമസിനുണ്ടായത്. ചെറുകുടലിന്‍റെ പ്രവര്‍ത്തനം താറുമാറായി. വലതു കിഡ്നി നീക്കം ചെയ്യേണ്ടിയും വന്നു
രണ്ടാഴ്ച കൂടുമ്പോള്‍ താന്‍ മാനസികാരോഗ്യ വിദഗ്ധനെ കണ്ട് തെറപ്പിയെടുക്കാറുണ്ടെന്നും കാന്‍സര്‍ രോഗ വിദഗ്ധനെയും കാണുന്നുണ്ടെന്നും തോമസ് വെളിപ്പെടുത്തുന്നു. ഡോക്ടര്‍മാരുടെ അനാസ്ഥയാണ് തോമസിന് കാന്‍സര്‍ പിടിപെടാന്‍ കാരണമെന്നും കൃത്യമായ സമയത്ത് കണ്ടെത്തിയിരുന്നുവെങ്കില്‍ തോമസിനെ പൂര്‍ണ ആരോഗ്യവാനായി നിലനിര്‍ത്താമായിരുന്നുവെന്നും പലരും സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.