സ്വാതന്ത്ര്യത്തിനും തുല്യതയ്ക്കും വേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കില്ലെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. തിരഞ്ഞെടുപ്പ് പരാജയത്തില്‍ ദുഖിക്കാതെ രാജ്യത്തിനായുള്ള പോരാട്ടം തുടരാന്‍ കമല അണികളോട് ആഹ്വാനം ചെയ്തു. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഡോണള്‍ഡ് ട്രംപിന്റെ വിജയം അംഗീകരിച്ച് വാഷിങ്ടണില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു കമല.
Read Also: ജയിക്കാനായി ജയിച്ചവന്‍; രണ്ടാമൂഴത്തിനുള്ള അവകാശവാദവുമായി ട്രംപ്
ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തിനും സ്നേഹത്തിനും നന്ദി പറഞ്ഞ കമല ഇന്ന് തന്റെ ഹൃദയവും മനസ്സും നിറഞ്ഞിരിക്കുന്നുവെന്ന് പറഞ്ഞു. 'നമ്മള്‍ പ്രതീക്ഷിച്ചതിന്റെയോ പോരാടിയതിന്റെയോ ഫലമല്ല തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. എന്നാല്‍ തളരാത്ത കാലത്തോളം അമേരിക്കയുടെ വാഗ്ദാനത്തിന്റെ വെളിച്ചം അണഞ്ഞുപോകില്ല. താന്‍ നടത്തിയ പോരാട്ടത്തിലും നടത്തിയ രീതിയിലും ഏറെ അഭിമാനമുണ്ടെന്നും കമല കൂട്ടിച്ചേര്‍ത്തു. വിവിധ സമൂഹങ്ങളെയും കൂട്ടുകെട്ടുകളെയും ഒന്നിപ്പിക്കുന്നതായിരുന്നു തന്റെ പ്രചാരണം. രാജ്യത്തോടുള്ള സ്നേഹവും അമേരിക്കയുടെ ശോഭനമായ ഭാവിയുമാണ് തന്നെയും ഒപ്പമുള്ളവരെയും ഒന്നിച്ച് ചേര്‍ത്തത്. ഇരുണ്ടകാലത്തിലേക്കാണ് പ്രവേശിക്കുന്നതെന്ന് പലരും കരുതുന്നു. അങ്ങനെയാവില്ലെന്ന് പ്രതീക്ഷിക്കാം. തിരഞ്ഞെടുപ്പ് ഫലം എന്തായാലും അത് അഗീകരിക്കുക എന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളില്‍ ഒന്നാണ്. അതാണ് ജനാധിപത്യത്തെ സ്വേച്ഛാധിപത്യത്തില്‍ നിന്ന് വേര്‍തിരിക്കുന്നത്'. ഡോണള്‍ഡ് ട്രംപിനോട് സംസാരിച്ചെന്നും വിജയാശംസകള്‍ നേര്‍ന്നെന്നും സമാധാനപരമായ ഭരണകൈമാറ്റത്തിന് താന്‍ തയാറെന്നും കമലാ ഹാരിസ് കൂട്ടിച്ചേര്‍ത്തു.
അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വാശിയേറി തിരഞ്ഞെടുപ്പ് പോരാട്ടമാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഇക്കുറി നടന്നത്. ഡമോക്രാറ്റിക് ശക്തികേന്ദ്രങ്ങളിലും സ്വിങ് സ്റ്റേറ്റുകളിലും ആധിപത്യം നേടിയാണ് അമേരിക്കന്‍ പ്രസിഡന്‍റ് പദവിയിലേക്ക് ഡോണള്‍ഡ് ട്രംപ് വീണ്ടുമെത്തുന്നത്. 295 ഇലക്ടറല്‍ വോട്ടുകളാണ് ട്രംപ് നേടിയത്. 224 ഇലക്ടറല്‍ വോട്ടുകളില്‍ കമലയുടെ പോരാട്ടം അവസാനിച്ചു. 2025 ജനുവരി 20നാകും ട്രംപ് ഔദ്യോഗികമായി സ്ഥാനമേല്‍ക്കുക.