image: X

image: X

അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് ഒരു ഇന്ത്യന്‍–അമേരിക്കന്‍ വംശജന്‍ കൂടിയെത്തിയേക്കുമെന്ന പ്രതീക്ഷകള്‍ സജീവമാകുന്നു. അരിസോനയില്‍ ഇന്ത്യന്‍–അമേരിക്കന്‍ വംശജനായ അമിഷ് ഷാ വിജയം ഉറപ്പിച്ചതോടെ യുഎസ് കോണ്‍ഗ്രസിലെ 'സമോസ കോക്കസി'ന്‍റെ അംഗബലം ഏഴായി വര്‍ധിക്കും. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡേവിഡ് ഷ്​വെ​യ്​കോട്ടും അമിഷ് ഷായും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണെങ്കിലും മുന്‍തൂക്കം അമിഷിന് തന്നെ. ഡോക്ടര്‍ കൂടിയായ ഷാ പ്രൈമറിയില്‍ തന്നെ കടുത്ത പോരാട്ടം കാഴ്ച വച്ചാണ് കോണ്‍ഗ്രസിലേക്കുള്ള മല്‍സരത്തിന് ടിക്കറ്റ് നേടിയെടുത്തത്. 2018 മുതല്‍ ഡിസ്ട്രിക്ട് 24 ന്‍റെ പ്രതിനിധിയായിരുന്ന ഷാ ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കോണ്‍ഗ്രസിലേക്കുള്ള പോരാട്ടത്തിനായി ആ പദവി ഒഴിഞ്ഞത്. പ്രദേശപുനര്‍നിര്‍ണയത്തോടെ  2020 മുതല്‍ ഡിസ്ട്രിക്ട് 5 ല്‍ നിന്നുള്ള ജനപ്രതിനിധിയായിരുന്നു അദ്ദേഹം. 

US-POLITICS-CAPITOL-ECONOMY

എന്താണ് സമോസ കോക്കസ്?

കോണ്‍ഗ്രസിലെ ഇന്ത്യന്‍ വംശജരെ സൂചിപ്പിക്കുന്നതിനായാണ് അനൗദ്യോഗികമായി ഈ പദം ഉപയോഗിച്ചുവരുന്നത്.  ഇലിനോയിസ് 8–ാം ഡിസ്ട്രിക്ട് പ്രതിനിധി രാജ കൃഷ്ണമൂര്‍ത്തി 2018ലാണ്  ഈ വാക്ക് ആദ്യമായി ഉപയോഗിച്ചത്.

യുഎസ് കോണ്‍ഗ്രസിലെ മറ്റ് ഇന്ത്യന്‍–അമേരിക്കന്‍ വംശജര്‍

എയ്മി ബേറ: യുഎസ് കോണ്‍ഗ്രസിലെ ഇന്ത്യന്‍– അമേരിക്കന്‍ അംഗങ്ങളില്‍ ഏറ്റവും മുതിര്‍ന്നയാളാണ് എയ്മി ബേറ. 2013 മുതല്‍ കലിഫോര്‍ണിയയിലെ ആറാം ഡിസ്ട്രിക്ട് പ്രതിനിധിയായ ബേറ തുടര്‍ച്ചയായ ഏഴാം തവണയാണ് കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ഗുജറാത്തിലെ രാജ്കോട്ടിലാണ് എയ്മി ബേറയുടെ വേരുകള്‍. സാക്രമെന്‍റോ കൗണ്ടിയില്‍ ചീഫ് മെഡിക്കല്‍ ഓഫിസറായിരുന്ന ബേറ 2013 . യുഎസ്– ഇന്ത്യ ബന്ധം മെച്ചപ്പെടുത്തുന്നതിനായുള്ള ഫോറിന്‍ അഫയേഴ്സ് കമ്മിറ്റിയില്‍ ബേറ അംഗമായിരുന്നു.

bera

ബേറ ( image: X)

ശ്രീ തനേദാര്‍ : ട്രംപിന്‍റെ ഇന്ത്യന്‍ പതിപ്പെന്ന് കര്‍ണാടകയിലെ ബെലഗാവിക്കാരനായ ശ്രീ തനേദാറെ വിശേഷിപ്പിച്ചാല്‍ തെറ്റാവില്ല. ബോംബൈ സര്‍വകലാശാലയിലെ ബിരുദപഠനത്തിന് ശേഷം 1979ലാണ് തനേദാര്‍ യുഎസിലേക്ക് കുടിയേറിയതും ഡോക്ടറേറ്റ് സ്വന്തമാക്കിയതും. പിന്നാലെ അതിവിശാലമായ ബിസിനസ് സാമ്രാജ്യവും പടുത്തുയര്‍ത്തി.  കെമിക്കല്‍– ഫാര്‍സ്യൂട്ടിക്കല്‍ രംഗത്തെ അതികായനായിരുന്ന തനേദാര്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ഥിയായാണ് രാഷ്ട്രീയത്തില്‍ ഭാഗ്യപരീക്ഷണത്തിനിറങ്ങിയത്. വിമര്‍ശനങ്ങളോടുള്ള തനേദാറിന്‍റെ നിലപാടും ട്രംപിന്‍റെ നിലപാടും ഒന്നുതന്നെയാണ്. എല്ലാം നിഷേധിക്കുക, ഒന്നിനെ കുറിച്ചും ഖേദിക്കാതിരിക്കുക, എതിരാളികളെയും മാധ്യമങ്ങളെയും നിരന്തരം പഴിചാരുക, സ്വന്തം പേര് സജീവമാക്കി നിലനിര്‍ത്തുക എന്നതാണ് ട്രംപിനെപ്പോലെ തനേദാറിന്‍റെയും ആപ്തവാക്യം. 

thanedar

തനേദാര്‍ (image: X)

രാജ കൃഷ്ണമൂര്‍ത്തി:  ഇലിനോയിസില്‍ നിന്നും 2017 മുതല്‍ കോണ്‍ഗ്രസിലേക്കെത്തിയ അംഗമാണ് രാജ കൃഷ്ണമൂര്‍ത്തി. വിദ്യാഭ്യാസ രംഗത്ത് തനത് വ്യക്തിമുദ്ര പതിപ്പിച്ച  കൃഷ്ണമൂര്‍ത്തി രഹസ്യാന്വേഷണ വിഭാഗം സമിതിയിലും ഓവര്‍സൈറ്റ് സമിതിയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ ജനിച്ച കൃഷ്ണമൂര്‍ത്തി 1973ലാണ്  കുടുംബത്തോടെ യുഎസിലേക്ക് കുടിയേറിയത്. പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയില്‍ നിന്നും മെക്കാനിക്കല്‍ എഞ്ചിനീയറിങില്‍ ബിരുദം നേടിയ കൃഷ്ണമൂര്‍ത്തി ഹാര്‍വഡില്‍ നിന്നും നിയമ ബിരുദവും നേടി.

raja-krishnamurthy

രാജ കൃഷ്ണമൂര്‍ത്തി

സുഹാസ് സുബ്രഹ്മണ്യം : ബെംഗളൂരുവില്‍ നിന്നും യുഎസിലേക്ക് കുടിയേറിയ കുടുംബത്തിലാണ് സുഹാസ് ജനിച്ചത്. അഭിഭാഷകനായ സുഹാസ് മുന്‍ പ്രസിഡന്‍റ് ബരാക് ഒബാമയുടെ ഉപദേശക സംഘത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സാങ്കേതിക നയം രൂപീകരിക്കുന്നതിലും സാങ്കേതിക മേഖലയില്‍ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കുന്നതിനുമുള്ള ടാസ്ക് ഫോഴ്സിന്‍റെ ചുമതലയും സുഹാസിനായിരുന്നു. 

വെര്‍ജീനിയയില്‍ നിന്നും കോണ്‍ഗ്രസിലേക്കെത്തിയ ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ വംശജനാണ് സുഹാസ് സുബ്രഹ്മണ്യന്‍. വെര്‍ജീനിയയിലെ 32-ാം ഡിസ്ട്രിക്ടില്‍ നിന്നുള്ള സെനറ്റംഗമാണ് നിലവില്‍ സുഹാസ്. വെര്‍ജീനിയന്‍ സ്റ്റേറ്റ് അസംബ്ലി പ്രതിനിധിയായും സുഹാസ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇവിടെ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ സൗത്ത് ഏഷ്യന്‍ വംശജനെന്ന നേട്ടവും സുഹാസിന്‍റെ പേരിലാണ്. 

ramila

പ്രമിള

പ്രമിള ജയപാല്‍ : പാതി മലയാളിയും പാതി ചെന്നൈക്കാരിയുമാണ് പ്രമിള. 2017ലാണ് പ്രമിള ആദ്യമായി യുഎസ് പ്രതിനിധി സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പ്രതിനിധിസഭയിലെത്തുന്ന ആദ്യ സൗത്ത് ഏഷ്യന്‍ അമേരിക്കന്‍ വനിതയും പ്രമിളയാണ്. വാഷിങ്ടണ്‍ 7th ഡിസ്ട്രിക്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗമായിരുന്ന പ്രമിള ഇക്കുറി വീണ്ടും തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. പുരോഗമന നയങ്ങളുടെയും കുടിയേറ്റ പരിഷ്കരണത്തിന്‍റെയും ഉറച്ച വക്താവ് കൂടെയാണ് പ്രമിള. ഫെഡറല്‍ തലത്തില്‍ വാഷിങ്ടണില്‍ നിന്നുള്ള ആദ്യ സൗത്ത് ഏഷ്യന്‍ പ്രതിനിധിയും പ്രമിളയാണ്. 

ro-khanna

റോ ഖന്ന

റോ ഖന്ന: പഞ്ചാബി വേരുകളുള്ള റോ ഖന്ന കലിഫോര്‍ണിയയിലെ 17–ാം ഡിസ്ട്രിക്ടില്‍ നിന്നുമാണ് കോണ്‍ഗ്രസിലെത്തുന്നത്. 2017 മുതല്‍ ഇവിടെ നിന്നഉള്ള പ്രതിനിധിയാണ് റോ ഖന്ന. ആംഡ് സര്‍വിസ് കമ്മിറ്റി, കാര്‍ഷിക കമ്മിറ്റി എന്നിവയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഖന്ന അമേരിക്കയിലെ ഗ്രാമീണ മേഖലകളില്‍ തൊഴില്‍ അവസരങ്ങള്‍ വളര്‍ത്തുന്നതിനും  സുസ്ഥിര കാര്‍ഷികരീതികള്‍ അവലംബിക്കുന്നതിനെ പ്രോല്‍സാഹിപ്പിക്കുന്ന ആളുമാണ്.  2016 ല്‍ യുഎസ് പ്രതിനിധി സഭയിലേക്ക് ഖന്ന തിരഞ്ഞെടുക്കപ്പെട്ടരിുന്നു. അമേരിക്കന്‍ സാധനങ്ങള്‍ ജനങ്ങള്‍ കൂടുതലായി വാങ്ങി ഉപയോഗിക്കണമെന്ന നയത്തിന്‍റെ വക്തവാണ് ഖന്ന. അത് രാജ്യസ്നേഹത്തിന്‍റെ ഭാഗമാണെന്നും ഖന്ന പറയുന്നു. 

ENGLISH SUMMARY:

Democrat Amish Shah, of Indian origin, has gained a narrow lead in Arizona’s first Congressional District elections. The number of Indian-origin Americans in Congress may expand to seven.