റഷ്യയ്ക്ക് വേണ്ടി യുദ്ധം ചെയ്യാന്‍ യുക്രെയ്നിലെത്തിയ ഉത്തരകൊറിയന്‍ സൈനികര്‍ അശ്ലീല വിഡിയോകള്‍ക്ക് അടിമകളെന്ന് റിപ്പോര്‍ട്ട്. ഉത്തരകൊറിയന്‍ സൈനികര്‍ അമിതമായി ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നുവെന്നും യുദ്ധം ചെയ്യാന്‍ ഇവര്‍ക്ക് താല്‍പര്യമില്ലെന്നുമാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. വിലക്കുകളോ നിന്ത്രണങ്ങളോയില്ലാതെ ഇന്‍റര്‍നെറ്റ് ഉപയോഗിക്കാന്‍ ലഭിച്ച അവസരം യുദ്ധത്തിന് പോകാതെ പോണ്‍ വിഡിയോ കാണാനായാണ് ഇവര്‍ ഉപയോഗിക്കുന്നതെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഉത്തരകൊറിയയില്‍ സൈനികര്‍ക്കുള്‍പ്പെടെ ഇന്റര്‍നെറ്റ് ഉപയോഗത്തിനു പോലും വലിയ നിയന്ത്രണമാണ് നിലവിലുള്ളത്. പോണ്‍ വിഡിയോസ് കാണുന്നത് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റവുമാണ്. ഈ സാഹചര്യത്തിലാണ് പുതിയ യുദ്ധമുഖത്ത് കിട്ടിയ അവസരം സൈനികര്‍ മുതലെടുത്തത്.
യുക്രെയ്നുമായുളള യുദ്ധത്തില്‍ റഷ്യയെ സഹായിക്കാനായാണ് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ പട്ടാളക്കാരെ അയച്ചത്. റഷ്യയും ഉത്തരകൊറിയയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ദൃഢമാകുന്ന സാഹചര്യത്തിലാണ് ഉത്തരകൊറിയയുടെ നീക്കം . ഏകദേശം10000-ത്തിലേറെ പട്ടാളക്കാരെയാണ് ഉത്തരകൊറിയ റഷ്യയിലേക്ക് അയച്ചിരിക്കുന്നത്. യുക്രെയ്നില്‍ റഷ്യ ആക്രമണം തുടങ്ങിയിട്ട് ആയിരം ദിവസം തികയാനിരിക്കേയാണ് മറ്റൊരു രാജ്യത്തിന്‍റെ സൈന്യം കൂടി യുദ്ധത്തില്‍ നേരിട്ട് പങ്കെടുക്കുന്നത്.
കുര്‍സ്കില്‍ റഷ്യയുടെ 810 സെപ്പറേറ്റ് നേവല്‍ ഇന്‍ഫന്‍ട്രി ബ്രിഗേഡിനൊപ്പം ചേര്‍ന്നാണ് ഉത്തരകൊറിയന്‍ സൈനികര്‍ യുക്രെയ്ന്‍ സൈനികരെ നേരിടുന്നത്. യുക്രെയ്ന്‍ ഷെല്ലിങ്ങില്‍ നിരവധി കൊറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന് മുതിര്‍ന്ന അമേരിക്കന്‍ പ്രതിരോധ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ആക്രമണത്തിന്‍റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ യുക്രെയ്ന്‍ അധികൃതര്‍ മുതിര്‍ന്നില്ല. ഉത്തരകൊറിയന്‍ സൈനികരെ റഷ്യ പൂര്‍ണമായി വിന്യസിച്ചിട്ടില്ലെങ്കിലും പല പോര്‍മുഖങ്ങളിലും ഇവരുടെ സാന്നിധ്യം സ്ഥിരീകരിച്ചെന്ന് യുഎസ്, യുക്രെയ്ന്‍ ഇന്‍റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചു.