തൊഴിലാളികളോട് അങ്ങേയറ്റം മോശമായി പെരുമാറുന്നതില്‍ മുന്‍പന്തിയിലാണ് ചൈനയില്‍ നിന്നുള്ള കമ്പനികളെന്നാണ് അടുത്തയിടെയായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തീരെപരിതാപകരമായ ജോലി അന്തരീക്ഷമാണ് കമ്പനികളിലുള്ളതെന്നും ചൈനയില്‍ നിന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
ചൈനയിലെ ഗ്വാങ്ഷുവിലുള്ള ഒരു കമ്പനി തൊഴിലാളികളെ പീഡിപ്പിക്കുന്നതിന്‍റെ വാര്‍ത്തയാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്നത്. 'ഗുഡ് മോര്‍ണിങെ'ന്നും 'ഹലോ' എന്നുമെല്ലാം സാധാരണയായി ബോസുമാരെ അഭിവാദ്യം ചെയ്യുമ്പോള്‍ ഗ്വാങ്ഷുവിലെ വിവാദ കമ്പനി നിലത്ത് കിടന്ന് കൈകള്‍ കൂപ്പി മേലുദ്യോഗസ്ഥനെ ഓഫിസിലേക്ക് സ്വാഗതം ചെയ്യണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. മാത്രവുമല്ല, ബോസിനെ പുകഴ്ത്തി മുദ്രാവാക്യവും വിളിക്കണം. ജീവനെക്കാള്‍ വലുത് ജോലിയാണെന്ന് ഇടയ്ക്കിടെ പ്രഖ്യാപിക്കുകയും വേണമെന്നാണ് ഉത്തരവില്‍ പറയുന്നത്. 'ക്വിമിങ് ബ്രാഞ്ചിലെ തൊഴിലാളികള്‍ ബോസ് ഹുവാങിനെ സ്വാഗതം ചെയ്യുന്നു. ജീവിച്ചിരിക്കുമ്പോഴും മരണസമയത്തും കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തില്ല' എന്ന് മേലുദ്യോഗസ്ഥനെ കാണുമ്പോള്‍ തൊഴിലാളികള്‍ കൂട്ടത്തോടെ നിന്ന് പറയണമെന്നാണ് ചട്ടം.
ജോലിയില്‍ വീഴ്ച വരുത്തുന്നവരെ കാത്തിരിക്കുന്നത് കഠിനമായ ശിക്ഷകളാണെന്നും ആളുകള്‍ വെളിപ്പെടുത്തുന്നു. അതിഭയങ്കരമായ എരിവുള്ള മുളകാണ് ശിക്ഷയായി കഴിക്കാന്‍ നല്‍കുന്നത്. ചൈനയിലെ ഷെങ്ഡു പ്രവിശ്യയിലെ ധനകാര്യ സ്ഥാപനമാണ് ടാര്‍ഗറ്റ് തികയ്ക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് ഈ ശിക്ഷ നല്‍കിയത്. മുളക് കഴിച്ച് രണ്ട് വനിതാ ജീവനക്കാര്‍ ആശുപത്രിയിലായതിന് പിന്നാലെയാണ് ക്രൂര പീഡനം ലോകം അറിഞ്ഞത്.
മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടതോടെ കമ്പനികള്‍ ഇതെല്ലാം നിഷേധിച്ചു. പക്ഷേ വിഡിയോ ഇതിനകം തന്നെ ചൈനീസ് സോഷ്യല്‍ മീഡിയ സൈറ്റുകള്‍ വൈറലാണ്. സര്‍ക്കാര്‍ ഇത്തരം കമ്പനികള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാത്തതും വന്‍ വിമര്‍ശനത്തിന് വഴി വച്ചിട്ടുണ്ട്.