അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ചരിത്രംകുറിച്ചുകൊണ്ടാണ് ഡോണള്‍ഡ് ട്രംപ് വമ്പന്‍ തിരിച്ചുവരവ് നടത്തിയത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ മുതല്‍ വിജയത്തിനു ശേഷം ഫ്ലോറിഡയിൽ ട്രംപ് നടത്തിയ പ്രസംഗം വരെ, അദ്ദേഹത്തിനൊപ്പം നിന്ന ഒരു യുവതിലേക്കും ഏവരുടെയും ശ്രദ്ധ പതിഞ്ഞു. ഏതാണീ സുന്ദരി എന്ന ചര്‍ച്ചകള്‍ സമൂഹമാധ്യമത്തിലും കൊഴുത്തു.
ആ സുന്ദരി മറ്റാരുമല്ല ട്രംപിന്റെ മരുമകൾ ലാറ ട്രംപ് ആയിരുന്നു അത്. ട്രംപിന്‍റെ വലംകൈ. മുന്‍പ് ട്രംപിന്റെ മകൾ ഇവാൻക നിന്ന സ്ഥാനത്താണ് ലാറ നിലയുറപ്പിച്ചത് എന്നതും ശ്രദ്ധേയം. ട്രംപിന്റെ മൂന്നാമത്തെ മകൻ എറിക് ട്രംപിന്റെ ഭാര്യയാണ് ലാറ. 2008ലാണ് എറിക്കും ലാറയും തമ്മില്‍ പരിചയത്തിലായത്. ആറുവർഷം നീണ്ട പ്രണയത്തിനു ശേഷം 2014ൽ വിവാഹിതരായി. ഇവര്‍ക്ക് രണ്ടു മക്കളുമുണ്ട്.
മുന്‍ മാധ്യമപ്രവര്‍ത്തക കൂടിയായ ലാറയുടെ പ്രവര്‍ത്തനങ്ങള്‍ തിരഞ്ഞെടുപ്പില്‍ ട്രംപിന് അനുകൂലമായി ഘടകങ്ങളായി. ഫോക്സ് ന്യൂസിലായിരുന്നു ലാറ പ്രവര്‍ത്തിച്ചിരുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോകുന്നതായി ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചപ്പോൾ മുതൽ, 2022 മുതല്‍ തന്നെ ട്രംപിനു വേണ്ടി ലാറ പ്രവർത്തനം ആരംഭിച്ചിരുന്നു.
ALSO READ: 'ലോകസമാധാനത്തിനായി ഒന്നിച്ച് പ്രവര്‍ത്തിക്കാം'; ട്രംപിനെ അഭിനന്ദിച്ച് മോദി
തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലെല്ലാം ട്രംപിനു ശേഷം പ്രസംഗിച്ചത് പോലും ലാറയായിരുന്നു. റിപ്പബ്ലിക്കൻ നാഷനൽ കമ്മിറ്റിയുടെ കോ–ചെയർ കൂടിയാണ് ലാറ. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ വനിതാ വോട്ടർമാരെ വലിയ രീതിയില്‍ സ്വാധീനിക്കാൻ ലാറയ്ക്കു സാധിച്ചെന്നാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ വിലയിരുത്തൽ. തിരഞ്ഞെടുപ്പ് പ്രചാരണാർഥം നടത്തിയ ‘വിമൻ ഫോർ ട്രംപ്’ റാലിയെ നയിച്ചതും ലാറയായിരുന്നു. മെലാനിയ ട്രംപും ഇവാൻക ട്രംപും ‘വിമൻ ഫോർ ട്രംപ്’ റാലിയില്‍ നിന്ന് വിട്ടുനിന്നതും ചര്‍ച്ചയായിരുന്നു. ഇതോടെ ലാറയാണ് ട്രംപിന്‍റെ വലംകൈ എന്ന ബോധ്യം ഊട്ടിയുറപ്പിക്കപ്പെടുക കൂടിയായിരുന്നു.