സാധാരണ മനുഷ്യന്‍ ഗാഢനിദ്രയിലായിരിക്കുന്ന സമയമാണ് രാത്രി 1.30. എന്നാല്‍ സിംഗപ്പൂരിലെ ബിഷന്‍ നഗരത്തിലുള്ള ആളുകള്‍ക്ക് ഇപ്പോള്‍ രാത്രി ഒന്നരക്ക് ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്, അതും ഏതാനും കാക്കകള്‍ കാരണം. കേള്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ പാടായിരിക്കും. എന്നാല്‍ ഇത് വിശ്വസിച്ചേ തീരു.
പ്രദേശത്ത് താമസിക്കുന്ന ഒലിവര്‍ വെങ് എന്ന യുവാവ് വിഡിയോ സഹിതമാണ് തങ്ങളുടെ ദുരനുഭവം ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. കംപ്ലെയ്ന്റ് സിംഗപ്പൂര്‍ ഫേസ്ബുക്ക് പേജിലൂടെയാണ് യുവാവ് വിഡിയോ പങ്കുവച്ചത്. ഫ്ളാറ്റുകളുടെ നടുവിലുള്ള കൂറ്റന്‍ മരത്തിനുചുറ്റും കരഞ്ഞുകൊണ്ട് വട്ടമിട്ടുപറക്കുന്ന കാക്കകളുടെ വിഡിയോ ആണ് ഇയാള്‍ പങ്കുവച്ചിരിക്കുന്നത്, അതും രാത്രി ഒന്നരക്ക്. 200 ഓളം കാക്കകളാണ് ഫ്ളാറ്റ് നിവാസികളുടെ ഉറക്കം കെടുത്തുന്നതെന്നും ഇയാള്‍ പറഞ്ഞു. കാക്കകളുടെ ഗ്യാങ് ക്ലാഷ് പോലെയാണ് തോന്നുന്നതെന്നും ഇയാള്‍ കുറിച്ചു.
ബിഷനില്‍ കാക്ക ശല്യം ഒരു പുതിയ കാര്യമല്ല. വര്‍ഷങ്ങളായി ഇവിടുത്തുകാര്‍ ഇത് അനുഭവിക്കുന്നതാണ്. ഇത് പൊതുജനാരോഗ്യത്തേയും ജനജീവിതത്തേയും വരെ ബാധിക്കുന്ന പ്രശ്നമായിരിക്കുകയാണ്. വൈകുന്നേരവും അതിരാവിലെയുമാണ് കാക്കകള്‍ ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുന്നത്. കാക്കകള്‍ ആക്രമിക്കുന്ന സംഭവങ്ങള്‍ വരെ ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
പരാതികള്‍ വ്യാപകമായതോടെ അധികൃതര്‍ പരിഹാര മാര്‍ഗങ്ങള്‍ക്ക് ശ്രമിക്കുന്നുണ്ട്. കാക്കകളുടെ കൂട് നീക്കുകയാണ് ഇപ്പോള്‍ അധികൃതര്‍. കാക്കകള്‍ക്ക് ഭക്ഷണം കൊടുക്കരുതെന്നും ഭക്ഷണ സാധനങ്ങള്‍ പുറത്തേക്ക് വലിച്ചെറിയതെന്നും നിര്‍ദേശവും പുറപ്പെടുവിച്ചിരുന്നു.