യുഎസ് പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ റഷ്യന്‍ പ്രസിഡന്‍റിനെ ഡോണള്‍ഡ് ട്രംപ് ഫോണില്‍ വിളിച്ചെന്നും ചര്‍ച്ച നടത്തിയെന്നുമുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും കെട്ടിച്ചമച്ചതെന്നും ക്രെംലിന്‍. പുട്ടിന്‍ ട്രംപുമായി ഫോണില്‍ ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത അവാസ്തവമാണ്. അങ്ങനെയൊരു ഫോണ്‍ സംഭാഷണം നടന്നിട്ടില്ല. നിലവില്‍ ട്രംപിനോട് ഒരുതരത്തിലുമുള്ള സംഭാഷണങ്ങള്‍ നടത്താന്‍ പുട്ടിന്‍ ഉദ്ദേശിക്കുന്നുമില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ റഷ്യന്‍ വക്താവ് വ്യക്തമാക്കി. വ്യാഴാഴ്ചയായിരുന്നു ട്രംപ്– പുട്ടിന്‍ സംഭാഷണമെന്നായിരുന്നു വാഷിങ്ടണ്‍ പോസ്റ്റിന്‍റെ റിപ്പോര്‍ട്ട്. റോയിട്ടേഴ്സ് അടക്കം വാര്‍ത്ത നല്‍കി.
ഫ്ലോറിഡയിലെ മാര്‍ എ ലാഗോ എസ്റ്റേറ്റിലിരുന്നാണ് ട്രംപ് പുട്ടിനെ വിളിച്ച് സംസാരിച്ചതെന്നും യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടില്‍ അവകാശപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുക്രെയിന്‍– റഷ്യ യുദ്ധം ഉടനടി അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ എത്തരത്തിലാകും പരിഹരിക്കുകയെന്ന് വ്യക്തമാക്കിയതുമില്ല. ചില പ്രദേശങ്ങള്‍ റഷ്യയ്ക്ക് വിട്ടുനല്‍കിക്കൊണ്ടുള്ള കരാറിന് താന്‍ അനുകൂലമാണെന്ന തരത്തില്‍ ട്രംപ് പുട്ടിനോട് സംസാരിച്ചുവെന്നും വാര്‍ത്ത വന്നിരുന്നു. പുട്ടിനുമായുള്ള ഫോണ്‍ സംഭാഷണത്തെ കുറിച്ച് യുക്രെയ്നെ അറിയിച്ചിരുന്നുവെന്നായിരുന്നു ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ജനുവരിയില്‍ താന്‍ അധികാരമേല്‍ക്കുന്നതിന് മുന്‍പ് റഷ്യ–യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുമെന്നായിരുന്നു ട്രംപിന്‍റെ അവകാശവാദം. ഇതനുസരിച്ചാണ് യുക്രെയ്ന്‍റെ ഭാഗമായ ചില പ്രദേശങ്ങള്‍ റഷ്യയ്ക്ക് നല്‍കി പ്രശ്നം അവസാനിപ്പിക്കാനുള്ള ഫോര്‍മുല ട്രംപ് മുന്നോട്ട് വച്ചതായി വാര്‍ത്തകള്‍ പ്രചരിച്ചതും.
70 രാജ്യങ്ങളിലെ തലവന്‍മാര്‍ തന്‍റെ വിജയത്തില്‍ അഭിനന്ദനമറിയിക്കാന്‍ വിളിച്ചിരുന്നുവെന്നും യുക്രെയിന്‍ പ്രസിഡന്‍റായ സെലന്‍സ്കി വിളിക്കുമ്പോള്‍ മസ്കും ഒപ്പം ചേര്‍ന്നിരുന്നുവെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. റഷ്യയ്ക്കും യുക്രെയ്നുമിടയില്‍ 800 മൈല്‍ ബഫര്‍സോണ്‍ കൊണ്ടുവരുന്നതിനും അവിടെ യൂറോപ്യന്‍– ബ്രിട്ടീഷ് സൈന്യത്തെ നിയോഗിക്കുന്നതിനും ട്രംപിന് പദ്ധതിയുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അമേരിക്കന്‍ സൈനികരെ യുക്രെയ്നില്‍ സമാധാനം പുനസ്ഥാപിക്കാന‍് അയയ്ക്കില്ലെന്നും യൂറോപ്യന്‍ രാജ്യങ്ങളായ ജര്‍മനിയും ഫ്രാന്‍സും അതിന് മുന്‍കൈ എടുക്കട്ടെ എന്നുമായിരുന്നു യുഎസ് ഇക്കാര്യത്തില്‍ പ്രതികരിച്ചത്.
പിടിച്ചെടുത്ത പ്രദേശങ്ങള്‍ റഷ്യന്‍ കൈവശം വച്ചുകൊണ്ടുള്ള ട്രംപിന്‍റെ പ്രശ്ന പരിഹാര ഫോര്‍മുലയോട് സമ്മതമെന്ന തരത്തില്‍ റഷ്യ പ്രതികരിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് യുക്രെയ്ന്‍ സമാധാന ശ്രമങ്ങള്‍ നടത്തുമെന്ന് ട്രംപ് പറഞ്ഞത് സ്വാഗതാര്‍ഹമാണെന്നായിരുന്നു ദേശീയമാധ്യമത്തിനനുവദിച്ച അഭിമുഖത്തില്‍ ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്കോവ് വ്യക്തമാക്കിയത്.