സൗമ്യമായ മുഖത്ത് സദാ വിരിയുന്ന പുഞ്ചിരിക്കുമൊപ്പം ലോകവും രാജ്യവും കണ്ട മികച്ച രാഷ്ട്രീയ–സാമ്പത്തിക തന്ത്രജ്ഞന്‍ കൂടിയായിരുന്നു മന്‍മോഹന്‍ സിങ്. മന്‍മോഹന്‍റെ നയചാതുരിയെയും കാര്യനിര്‍വഹണശേഷിയെയും ക്രാന്തദര്‍ശിത്വത്തെയും വാഴ്ത്താന്‍ ഒബാമയുള്‍പ്പടെയുള്ള ലോകനേതാക്കള്‍ മടിച്ചിട്ടുമില്ല. ഒബാമ യുഎസ് പ്രസിഡന്‍റ് ആയിരുന്ന കാലത്ത് ജി20യില്‍ പങ്കെടുത്ത അനുഭവം അദ്ദേഹം മാധ്യമങ്ങളോട് വിവരിക്കുകയുണ്ടായി. 'പ്രധാനമന്ത്രി സിങ് സംസാരിക്കുമ്പോള്‍ ജനങ്ങളെല്ലാം കാതോര്‍ത്തിരിക്കുകയാണ്. സാമ്പത്തിക കാര്യത്തില്‍ അദ്ദേഹത്തിനുള്ള കാഴ്ചപ്പാടിനെയും സാമ്പത്തിക പ്രശ്നങ്ങളുടെ മൂലകാരണങ്ങളെയും അവയെ എങ്ങനെ മറികടക്കാമെന്നുള്ള അറിവിനെയും കുറിച്ച് അവര്‍ക്ക് ധാരണയുണ്ട്. ഇന്ത്യയെ എങ്ങനെ ലോകശക്തിയാക്കാമെന്നതിലും ആഗോള സമാധാനത്തിലും അഭിവൃദ്ധിയിലും ഊന്നിയുള്ളതാണ് അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടുകള്‍ എന്നായിരുന്നു ഒബാമയുടെ പ്രശംസ. ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം ഏറ്റവുമധികം ഊഷ്മളമാകുന്ന കാലമാണിതെന്നും അദ്ദേഹം അന്ന് തുറന്നു പറഞ്ഞു. സര്‍ക്കാരുകള്‍ തമ്മിലുള്ള ബന്ധങ്ങള്‍ക്കപ്പുറം ജനങ്ങള്‍ തമ്മിലുള്ള ഹൃദ്യമായ ബന്ധം കൂടി മന്‍മോഹന്‍റെ മനസിലുണ്ടെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.
ഈ ഫെബ്രുവരിയിലാണ് രാജ്യസഭാംഗത്വത്തില്‍ നിന്നും മന്‍മോഹന്‍ സിങ് വിരമിച്ചത്. രാജസ്ഥാനില്‍ നിന്നായിരുന്നു സിങ് ഒടുവില്‍ രാജ്യസഭയിലെത്തിയത്. 1991 മുതല്‍ അസമില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു സിങ്. മന്‍മോഹന്‍ സിങ് വിരമിക്കുമ്പോള്‍ 'ഏറെ പ്രചോദനമേകിയ നേതാവ്' എന്നായിരുന്നു പ്രധാനമന്ത്രി മോദി പറഞ്ഞത്. അത്ര ചെറുതല്ലാത്ത കാലം രാജ്യത്തെ നയിച്ച മഹനീയ വ്യക്തിയാണ് മന്‍മോഹനെന്നും ഇന്ത്യയിലെ ജനാധിപത്യത്തെ കുറിച്ച് പറയുമ്പോഴെല്ലാം സ്മരിക്കപ്പെടുന്ന വ്യക്തികളുടെ കൂട്ടത്തില്‍ മന്‍മോഹന്‍റെ പേര് തീര്‍ച്ചയായും ഉണ്ടാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തിരുന്നു.
ഒരുപതിറ്റാണ്ടാണ് മന്‍മോഹന്‍ സിങ് രാജ്യത്തെ നയിച്ചത്. ഇന്ത്യ–യുഎസ് ആണവ കരാര്‍ ഉള്‍പ്പടെയുള്ളവ യാഥാര്‍ഥ്യമാക്കുന്നതില്‍ ആ മികവ് രാജ്യവും ലോകവും കണ്ടു. ആണവ കരാറിലെ വിശ്വാസവോട്ടിന് സമാജ്വാദി പാര്‍ട്ടിയുടെ പിന്തുണ നേടിയും ഇടതുപാര്‍ട്ടികളെ കൊണ്ട് യുപിഎയ്ക്ക് പുറത്ത് നിന്നുള്ള പിന്തുണ ഉറപ്പാക്കിയും മന്‍മോഹനിലെ 'രാഷ്ട്രീയക്കാരനും' തിളങ്ങി.
വിദേശകാര്യ നയത്തിലും മന്‍മോഹന്‍ ടച്ച് രാജ്യം കണ്ടു. നെഹ്റുവിന്‍റെ ചേരിചേരാ നയത്തില്‍ നിന്നുള്ള പ്രകടമായ വ്യതിയാനമാണിതെന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്ന് പോലും എതിര്‍പ്പുയര്‍ന്നപ്പോള്‍, ഇന്ത്യയെ ലോകശക്തിയാക്കുകയാണ് തന്‍റെ പരമമായ ലക്ഷ്യമെന്നും രാജ്യം പുരോഗതിയിലേക്കാണ് നീങ്ങുന്നതെന്നുമുള്ള നിലപാടില്‍ മന്‍മോഹന്‍ ഉറച്ച് നിന്നു. അമേരിക്കയ്ക്കൊപ്പം നില്‍ക്കാന്‍ പാകത്തിന് രാജ്യത്തിന് കരുത്ത് പകരുന്നതായിരുന്നു അന്ന് മന്‍മോഹനെടുത്ത ആ റിസ്കെന്ന് പില്‍ക്കാലത്ത് രാഷ്ട്രീയ എതിരാളികളടക്കം പ്രശംസിച്ചു. തന്റെ ജീവിതവും പദവികാലങ്ങളും തുറന്ന പുസ്തകമാണെന്നും മന്‍മോഹന്‍ 2014ലെ വിടവാങ്ങല്‍ പ്രസംഗത്തില്‍ രാജ്യത്തോടായി പറഞ്ഞു. മൻമോഹന്റെ സത്യസന്ധതയും മാന്യതയും അർപ്പണബോധവും രാഷ്ട്രീയക്കാര്‍ക്കെല്ലാം മാതൃകയാണെന്നായിരുന്നു രാഹുല്‍ ഗാന്ധി മന്‍മോഹന്‍റെ 88–ാം പിറന്നാളിന് കുറിച്ചതും.