തന്റെ ബീജം സ്വീകരിക്കാന്‍ തയാറാകുന്ന സ്ത്രീകള്‍ക്ക് സൗജന്യ ഐവിഎഫ് ( സ്വാഭാവികമായി അല്ലാതെ ബീജവുമായി അണ്ഡം സംയോജിപ്പിക്കുന്ന ഇൻ വിട്രോ ഫെർട്ടിലൈസേഷൻ) ചികിത്സ വാഗ്ദാനംചെയ്ത് ടെലിഗ്രാം സിഇഒ പാവെൽ ദുറോവ്. റഷ്യന്‍ തലസ്ഥാനമായ മോസ്കോ ആസ്ഥാനമായുള്ള അൾട്രാവിറ്റ ഫെർട്ടിലിറ്റി ക്ലിനിക്കുമായി ചേർന്നാണ് പാവെൽ ദുറോവ് സൗജന്യ ഐവിഎഫ് ചികിത്സ വാഗ്ദാനം ചെയ്തിരിക്കുന്നത്. വന്ധ്യത കാരണം പ്രയാസം അനുഭവിക്കുന്ന ദമ്പതിമാരേയും സ്ത്രീകളെയും സഹായിക്കാനാണ് ഈ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.
അള്‍ട്രാവിറ്റ ഫെര്‍ട്ടിലിറ്റി ക്ലിനിക്കിന്റെ വെബ്‌സൈറ്റില്‍ ഇതുസംബന്ധിച്ച പരസ്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രശസ്ത സംരംഭകനായ പാവെൽ ദുറോവിന്റെ ബീജം ഉപയോഗിച്ച് ഞങ്ങളുടെ ക്ലിനിക്കില്‍ സൗജന്യ ഐവിഎഫ് ചികിത്സ നടത്താമെന്നാണ് വെബ്‌സൈറ്റില്‍ പറയുന്നത്. മികച്ച പരിചരണവും വിദഗ്ധ ഡോക്ടര്‍മാരുടെ സേവനവും ക്ലിനിക്ക് വാഗ്ദാനം ചെയ്യുന്നു. 37 വയസ്സില്‍ താഴെ പ്രായമുള്ള ആരോഗ്യമുള്ള സ്ത്രീകള്‍ക്കാണ് ഇതിന് അവസരമുള്ളത്. തുടര്‍ന്ന് ഡോക്ടറുമായുള്ള കൂടിക്കാഴ്ചയില്‍ ഐവിഎഫ് ചികിത്സയെക്കുറിച്ച് വിശദീകരിക്കും. ആവശ്യമായ ടെസ്റ്റുകളും നടത്തുമെന്നും ഇതിനുശേഷമായിരിക്കും ചികിത്സയ്ക്ക് യോഗ്യയാണോ എന്നതില്‍ തീരുമാനമെടുക്കുകയെന്നും ക്ലിനിക്ക് അധികൃതര്‍ പറയുന്നു. ഭ്രൂണം കുട്ടി തന്നെയെന്ന് കോടതി; ഐവിഎഫ് ചികില്‍സ പ്രതിസന്ധിയില്‍...
തനിക്ക് നൂറിലേറെ മക്കളുണ്ടെന്ന പാവെൽ ദുറോവിന്റെ വെളിപ്പെടുത്തൽ നേരത്തേ ചർച്ചയായിരുന്നു. ഇത്രയും വര്‍ഷത്തിനിടെ ബീജം ദാനംചെയ്തതിലൂടെയാണ് വിവാഹംകഴിക്കാത്ത, ഒറ്റയ്ക്ക് ജീവിക്കുന്ന തനിക്ക് ഇത്രയും കുട്ടികളുണ്ടായതെന്നായിരുന്നു പാവെലിന്റെ വെളിപ്പെടുത്തല്‍. 15 വര്‍ഷം മുന്‍പ് ഒരുസുഹൃത്താണ് ബീജം ദാനംചെയ്യാനായി ആദ്യം സമീപിച്ചതെന്നും അതിനുശേഷം പലര്‍ക്കും ബീജം ദാനംചെയ്‌തെന്നും പാവെല്‍ പറഞ്ഞിരുന്നു. ബീജം ദാനം ചെയ്യുന്നതിൽ ഖേദിക്കേണ്ടതില്ലെന്നും ആരോഗ്യമുള്ള ബീജത്തിന്റെ ക്ഷാമം ലോകം നേരിടുന്ന ഗുരുതര പ്രശ്‌നമാണെന്നും പാവെൽ പറഞ്ഞിരുന്നു. അത് പരിഹരിക്കാൻ തനിക്ക് സാധ്യമായത് ചെയ്യാനായതിൽ അഭിമാനമുണ്ടെന്നും പാവെൽ ദുറോവ് മുന്‍പ് പറഞ്ഞിരുന്നു.